കമല ഹാരിസ് താമസിച്ച ഹോട്ടലിലേക്ക് തോക്കുമായെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍
വാഷിംഗ്ടണ്‍: വൈസ് പ്രസിഡന്റും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായിരുന്ന കമല ഹാരിസ് താമസിക്കുന്ന ഹോട്ടലില്‍ തോക്കുമായെത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. ഫെയര്‍മോണ്ട് ഹോട്ടലിലെ ജീവനക്കാരനെ സാന്‍ ഫ്രാന്‍സിസ്‌കോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് (എസ്എഫ്പിഡി) ആണ് അറസ്റ്റ് ചെയ്തത്. തിര നിറച്ച തോക്കുമായാണ് ജീവനക്കാരന്‍ ഹോട്ടലില്‍ എത്തിയത് എന്ന് പൊലീസ് അറിയിച്ചു.
രാവിലെ ഏഴ് മണിയോടെ തോക്കുമായി ഹോട്ടലിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ യുഎസ് രഹസ്യാന്വേഷണ വിഭാഗം തടഞ്ഞുവച്ചത്. രഹസ്യാന്വേഷണ വിഭാഗം സ്ഥാപിച്ച മാഗ്‌നെറ്റോമീറ്ററുകള്‍ ഉപയോഗിച്ചാണ് ആയുധം കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. തോക്ക് ഒളിപ്പിച്ചതിനും പൊതുസ്ഥലത്ത് നിറച്ച തോക്ക് കൈവശം വച്ചതിനും ജീവനക്കാരനെതിരെ കേസെടുത്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ടെക്സാസിലെ ടാരന്റ് കൗണ്ടിയില്‍ ഇയാള്‍ക്ക് അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എന്താണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇയാള്‍ അടുത്തിടെ ടെക്സാസിലേക്ക് നിന്ന് താമസം മാറിയിരുന്നു. അവിടെ ഒളിപ്പിച്ച തോക്ക് കൈവശം വെക്കുന്നത് നിയമാനുസൃതമാണെന്നും സാന്‍ ഫ്രാന്‍സിസ്‌കോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.
ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ഹവായിയിലെ ഒരു അവധിക്കാലം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് കമല ഹാരിസ് തന്റെ ഭര്‍ത്താവ് ഡഗ് എംഹോഫിനൊപ്പം സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഹോട്ടലിലേക്ക് എത്തിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഇരുവരും ഇവിടെ നിന്ന് മടങ്ങുകയും ചെയ്തിരുന്നു. കമല ഹാരിസിനെയോ ഭര്‍ത്താവിനേയെ ലക്ഷ്യമിട്ടല്ല ഇയാള്‍ വന്നത് എന്നാണ് സൂചന.
എന്നാല്‍ ഇയാളിപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തന്നെയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം കമല ഹാരിസിന്റെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. കാലിഫോര്‍ണിയയിലെ ഓക്ക്ലാന്‍ഡില്‍ നിന്നുള്ള കമല ഹാരിസ്, കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലാകുന്നതിനും രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിനും മുമ്പ് 2004 നും 2011 നും ഇടയില്‍ സാന്‍ ഫ്രാന്‍സിസ്‌കോയുടെ ജില്ലാ അറ്റോര്‍ണിയായി സേവനമനുഷ്ഠിച്ചിരുന്നു.
പലപ്പോഴും സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് കമല ഹാരിസ് എത്താറുമുണ്ട്. അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങിയാല്‍ കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ ആയിരിക്കും കമല ഹാരിസ് ശിഷ്ടകാലം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിന്റെ കാലാവധി 2026-ല്‍ അവസാനിക്കുന്നതോടെ, വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ പുതിയ ഗവര്‍ണറെ തിരഞ്ഞെടുക്കും. കമല ഹാരിസ് മത്സരിച്ചാല്‍ ഈ സീറ്റില്‍ വിജയിക്കാന്‍ സാധ്യതയുള്ള ജനപ്രിയ സ്ഥാനാര്‍ത്ഥിയായിരിക്കും എന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications