സൗദിയിലെ ജിസാന്‍ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി ഹൂത്തി മിസൈൽ
റിയാദ്: സൗദിയെ ലക്ഷ്യമാക്കി യമനിലെ ഹൂത്തി വിമതര്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അതിര്‍ത്തി പ്രദേശമായ ജിസാന്‍ ലക്ഷ്യമാക്കിയായിരുന്നു ഹൂത്തികള്‍ മിസൈല്‍ തൊടുത്തുവിട്ടത്. എന്നാല്‍ മിസൈല്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് സൗദി റോയല്‍ വ്യോമ പ്രതിരോധ സേന ആകാശത്ത് തന്നെ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. യമനിലെ സഅദാ പ്രവിശ്യയില്‍ നിന്നാണ് മിസൈല്‍ തൊടുത്തുവിട്ടതെന്നും നിലം തൊടുന്നതിനു മുന്‍പ് തന്നെ തകര്‍ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്നും അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ആക്രമണത്തില്‍ ആളപായമോ നാശ നഷ്ടങ്ങളോ ഉണ്ടായില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ ഇതിനു മുമ്പും ജിസാന്‍ അടക്കമുള്ള സൗദി പ്രദേശങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ജിസാനിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ മിസൈലാക്രമണം സൗദി റോയല്‍ വ്യോമ പ്രതിരോധ സേന ആകാശത്ത് വെച്ച് തന്നെ തകര്‍ക്കുകയായിരുന്നു. ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈലിന്റെ അവശിഷ്ടം പതിച്ച് നജ്‌റാനിലെ ഒരു ഇന്ത്യക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാറ്റൊരു ആക്രമണത്തില്‍ ഒരു ഈജിപ്തുകാരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

സൗദി സഖ്യസേന തങ്ങള്‍ക്കെതിരേ നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് ഹൂത്തികളുടെ ആക്രമണം. എന്നാല്‍ പ്രകോപന പരമായ നടപടിക്ക് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികളാണെന്നും ഇറാന്‍ ആയുധങ്ങളാണ് ഹൂതികള്‍ ഉപയോഗിക്കുന്നതെന്ന് നേരത്തെ തന്നെ തെളിഞ്ഞതായും സൗദി സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി വ്യക്തമാക്കിയതായി സഉദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനവാസ കേന്ദ്രങ്ങളിലേക്ക് മിസൈലാക്രമണം നടത്തുന്നത് യു.എന്‍ പ്രമേയങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൂത്തി മിസൈലാക്രമണങ്ങളെ യു.എന്നും വിവിധ രാഷ്ട്രങ്ങളും ശക്തമായ അപലപിച്ചിരുന്നു. 2015 ജൂണ്‍ ആറു മുതല്‍ ഇതുവരെ 108 ബാലിസ്റ്റിക് മിസൈല്‍ സൗദിയിലേക്ക് ഹൂതികള്‍ പ്രയോഗിച്ചതായാണ് കണക്കുകള്‍.












Click it and Unblock the Notifications