14 ഇന്ത്യക്കാരുളള ബോട്ടിനെ സൗദി ആക്രമിച്ചുവെന്ന് ഹൂതികൾ, രക്ഷപ്പെടുത്തിയെന്നും അവകാശവാദം
14 ഇന്ത്യന്‍ പൗരന്മാര്‍ അടങ്ങിയ ബോട്ട് ആക്രമിക്കാന്‍ സൗദി അറേബ്യ ശ്രമിച്ചുവെന്ന ആരോപണവുമായി യെമനിലെ ഹൂതി വിമതര്‍. ചെങ്കടലിന് സമീപത്തുളള സുക്കര്‍ ദ്വീപിന് സമീപത്ത് വെച്ചാണ് ആക്രമണ ശ്രമം ഉണ്ടായതെന്നും ബോട്ടില്‍ നിന്ന് ഇന്ത്യക്കാരെ തങ്ങള്‍ രക്ഷപ്പെടുത്തിയെന്നും ഹൂതികള്‍ അവകാശപ്പെട്ടു.
സൗദി അറേബ്യയുടെ ഭാഗത്തു നിന്നുണ്ടായ ഈ ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തി ചെങ്കടലിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാണെന്നും, ഇത് തടയാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും ഹൂതികൾ പറഞ്ഞതായി സിജിടിഎൻ യൂറോപ്പ് റിപ്പോർട്ട് ചെയ്യുന്നു.
സൗദിക്ക് നേരെ ഹൂതികള്‍ രൂക്ഷമായ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങള്‍. അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിലും അതിന് പിന്നാലെ ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. ദമാം വിമാനത്താവളത്തിലെ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ കമലേഷ് പാണ്ഡെ ആണ് കൊല്ലപ്പെട്ടത്. കമലേഷ് വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്നു.

Pic Credit: AFP
ഷൈബ എണ്ണപ്പാടത്തിലേക്ക് ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നേപ്പാള്‍, ഫിലിപ്പൈന്‍സ് പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഇന്ത്യക്കാരനും ഒരു പാക്‌സിസ്ഥാന്‍ സ്വദേശിക്കും ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഡ്രോണ്‍ ആക്രമണത്തെ വായുവില്‍ വെച്ച് തന്നെ സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തിരുന്നുവെങ്കിലും ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണാണ് അപകടം ഉണ്ടായത്.
ഹൂതി ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. "സൗദി അറേബ്യയിലെ സാധാരണക്കാർക്കും ഊർജ്ജ നിലയങ്ങൾക്കും നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഒക്ടോബർ 21ന് കിഴക്കൻ പ്രവിശ്യയിലുള്ള ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും സൗദി അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിനും നേരെ നടന്ന ആക്രമണങ്ങൾ ഉൾപ്പെടെയുള്ളവ ഇതിൽപ്പെടുന്നു," വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചതിനെത്തുടർന്ന് സൗദി അറേബ്യയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ തീർത്ഥാടകരെ വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനായി വിമാനക്കമ്പനികളുമായും ടൂർ ഓപ്പറേറ്റർമാരുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.


Click it and Unblock the Notifications
