ഇസ്രായേല്‍ കൊറോണയെ അതിജീവിക്കുന്നു; മാസ്‌ക് ഒഴിവാക്കി, ലോകം ഞെരുങ്ങുമ്പോള്‍ ആശ്വാസ വാര്‍ത്ത
ടെല്‍ അവീവ്: ലോകത്ത് കൊറോണയുടെ രണ്ടാം തരംഗമാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുമ്പോള്‍ ഒരു ആശ്വാസ വാര്‍ത്ത. ഇസ്രായേല്‍ കൊറോണ രോഗത്തെ അതിജീവിക്കുന്നു. രാജ്യത്ത് ശക്തമായ വാക്‌സിനേഷനും നിയന്ത്രണങ്ങളും നടപ്പാക്കിയാണ് ഇസ്രായേല്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട എന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മറ്റു നിയന്ത്രണങ്ങളിലും ഇളവുണ്ട്. വിശദാംശങ്ങല്‍ ഇങ്ങനെ...
Recommended Video
വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍

മാസ്‌ക് ഒഴിവാക്കി, സ്‌കൂള്‍ തുറന്നു
പൊതു സ്ഥലങ്ങളില്‍ മാസ്‌ക് വേണമെന്നാണ് കഴിഞ്ഞ ഒരു വര്‍ഷമായുള്ള ഇസ്രായേലിലെ നിബന്ധന. ഈ നിബന്ധന ഇസ്രായേല്‍ ഭരണകൂടം എടുത്തുകളഞ്ഞു. മാത്രമല്ല, സ്‌കൂളുകള്‍ തുറക്കുകയും ചെയ്തു. ഞായറാഴ്ച മുതല്‍ ഇസ്രായേലില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തി തുടങ്ങി.

പുതിയ മാറ്റത്തിന് കാരണം
വ്യാപകമായ വാക്‌സിനേഷന്‍ നടപ്പാക്കിയതാണ് കൊറോണ പ്രതിരോധത്തില്‍ മുന്നേറാന്‍ ഇസ്രായേലിന് സാധിച്ചത്. അതേസമയം, അടച്ചിട്ട ഹോട്ടലുകളിലും മറ്റും വലിയ ആള്‍ക്കൂട്ടം ചേരുന്നിടത്തും മാസ്‌ക് ഇപ്പോഴും ആവശ്യമാണ്. ആശുപത്രികളിലും വാഹനങ്ങളിലും വീടുകളിലും വാക്‌സിന്‍ നല്‍കുന്ന വലിയ പദ്ധതിയാണ് ഇസ്രായേല്‍ നടപ്പാക്കിയത്.

ടൂറിസ്റ്റുകള്‍ക്ക് സ്വാഗതം
അടുത്ത മാസം മുതല്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് ഇസ്രായേലില്‍ പ്രവേശിക്കാം. കൊറോണ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് അനുമതി നല്‍കുക. മെയ് ഒന്ന് മുതല്‍ ഇക്കാര്യത്തില്‍ ഇളവ് നല്‍കുമെന്ന് ഇസ്രായേല്‍ ഭരണകൂടം പ്രഖ്യാപിച്ചു. എട്ടര ലക്ഷത്തോളം പേര്‍ക്കാണ് ഇസ്രായേലില്‍ കൊറോണ രോഗം ബാധിച്ചിരുന്നത്.

ഇസ്രായേലില്‍ മരിച്ചത് 6331 പേര്‍
836000 പേര്‍ക്കാണ് ഇസ്രായേലില്‍ ഇതുവരെ കൊറോണ രോഗം സ്ഥിരീകരിച്ചത്. 6331 പേര്‍ മരിക്കുകയും ചെയ്തു. 93 ലക്ഷം വരുന്ന ഇസ്രായേല്‍ ജനസംഖ്യയില്‍ 53 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കി. ഫൈസറിന്റെയും ബയോഎന്‍ടെകിന്റെയും വാക്‌സിനുകളാണ് ഇസ്രായേലില്‍ വിതരണം ചെയ്തത്. ഇക്കാര്യത്തില്‍ ചില രഹസ്യങ്ങള്‍ ഇസ്രായേല്‍ സൂക്ഷിക്കുന്നു എന്ന് ആരോപണമുണ്ട്.

വിപണികള്‍ തുറന്നു
കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇസ്രായേലില്‍ കൊറോണ രോഗം ബാധിച്ചുള്ള മരണം കുറഞ്ഞുവരാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്നാണ് രാജ്യത്തെ സാമ്പത്തിക രംഗം വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയത്. അതേസമയം, വാക്‌സിന്‍ വിതരണത്തിലും വിവേചനം കാണിക്കുന്ന ഇസ്രായേല്‍ നടപടി ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

200ഓളം രോഗികള്‍
ഈ വര്‍ഷം ആദ്യത്തില്‍ പ്രതിദിനം 10000ത്തോളം കൊറോണ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് 200 കേസായി ചുരുങ്ങിയിരിക്കുന്നു. വാക്‌സിന്‍ നല്‍കുമ്പോള്‍ തന്നെ കടുത്ത നിയന്ത്രമങ്ങളും നടപ്പാക്കിയിരുന്നു. രോഗികള്‍ കുറയാന്‍ തുടങ്ങിയപ്പോഴും ഇളവ് നല്‍കാന്‍ ആരംഭിച്ചത്.

ഫലസ്തീന്‍കാരോട് വിവേചനം
ഇസ്രായേല്‍ സൈനിക നിയന്ത്രണത്തിലാണ് ഫലസ്തീന്‍ പ്രദേശങ്ങളായ വെസ്റ്റ് ബാങ്കും ഗാസയും. ഇവിടേക്ക് കൊറോണ വൈറസ് വാക്‌സിന്‍ ഇസ്രായേല്‍ വിതരണം ചെയ്തിരുന്നില്ല. ഗാസയില്‍ ഇസ്രായേല്‍ നിയന്ത്രണം കുറവാണെങ്കിലും വെസ്റ്റ് ബാങ്കിന്റെ വലിയ പ്രദേശം ഇപ്പോഴും ഇസ്രായേല്‍ സൈനിക നിയന്ത്രണത്തിലാണ്.












Click it and Unblock the Notifications