Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊസാദിന്റെ രഹസ്യ ഓപ്പറേഷന്‍ തന്നെ; ഹിസ്ബുള്ള ഓര്‍ഡര്‍ ചെയ്ത പേജറില്‍ സ്‌ഫോടകവസ്തു നിറച്ചത് ഇങ്ങനെ

ബെയ്‌റൂട്ട്: ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചത് ഇസ്രായേലിന്റെ ചാര ഏജന്‍സിയായ മൊസാദ് എന്ന് റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിസ്ബുള്ള ഓര്‍ഡര്‍ ചെയ്ത 5000 തായ്വാന്‍ നിര്‍മ്മിത പേജറുകളില്‍ ഇസ്രായേലിന്റെ മൊസാദ് ചാര ഏജന്‍സി ചെറിയ അളവില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചു എന്നാണ് ലെബനന്‍ സുരക്ഷാ വൃത്തങ്ങള്‍ പറയുന്നത്.

തായ്വാന്‍ ആസ്ഥാനമായുള്ള ഗോള്‍ഡ് അപ്പോളോ നിര്‍മ്മിച്ച 5000 ബീപ്പറുകള്‍ ആണ് ഹിസ്ബുള്ള ഓര്‍ഡര്‍ ചെയ്തിരുന്നത്. അവ ഏപ്രില്‍-മെയ് മാസങ്ങളില്‍ രാജ്യത്തേക്ക് കൊണ്ടുവന്നതായി വൃത്തങ്ങള്‍ അറിയിച്ചു. പൊട്ടിത്തെറിച്ച പേജറിന്റെ മോഡല്‍ എപി924 വേരിയന്റാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

hezbollah

എന്നാല്‍ തായ്പേയ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ബ്രാന്‍ഡ് ഉപയോഗിക്കാന്‍ അവകാശമുള്ള യൂറോപ്പിലെ ഒരു കമ്പനിയാണ് സ്ഫോടനത്തിന് ഉപയോഗിച്ച പേജറുകള്‍ നിര്‍മ്മിച്ചതെന്ന് ഗോള്‍ഡ് അപ്പോളോ സ്ഥാപകന്‍ ഹ്‌സു ചിംഗ്-കുവാങ് പറഞ്ഞു. 'ഉല്‍പ്പന്നം ഞങ്ങളുടേതല്ല. അതില്‍ ഞങ്ങളുടെ ബ്രാന്‍ഡ് ഉണ്ടായിരുന്നു എന്നേ ഉള്ളൂ,' അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ ലൊക്കേഷന്‍ ട്രാക്കിംഗില്‍ നിന്ന് രക്ഷപ്പെടാനായാണ് ഹിസ്ബുള്ള സംഘാംഗങ്ങള്‍ ആശയവിനിമയത്തിനുള്ള സാങ്കേതിക മാര്‍ഗമായി പേജറുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇസ്രയേലിന്റെ ചാരസേവനം കാരണം ഉല്‍പാദന തലത്തില്‍ ഉപകരണങ്ങള്‍ പരിഷ്‌കരിച്ചതായി മുതിര്‍ന്ന ലെബനീസ് വൃത്തങ്ങള്‍ പറഞ്ഞു. 'മൊസാദ് ഉപകരണത്തിനുള്ളില്‍ ഒരു ബോര്‍ഡ് കുത്തിവച്ചിട്ടുണ്ട്, അതില്‍ ഒരു കോഡ് ലഭിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ ഉണ്ട്.

ഏതെങ്കിലും ഉപകരണമോ സ്‌കാനറോ ഉപയോഗിച്ച് പോലും ഇത് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്,' വൃത്തങ്ങള്‍ പറയുന്നു. സ്‌ഫോടകവസ്തുക്കള്‍ ആക്ടീവ് ചെയ്ത് കോഡ് ചെയ്ത സന്ദേശം അയച്ചപ്പോള്‍ പേജറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിലയിരുത്തല്‍. പുതിയ പേജറുകളില്‍ മൂന്ന് ഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും ഹിസ്ബുള്ളയ്ക്ക് ഇത് കണ്ടെത്താനായില്ല എന്നും മറ്റൊരു സുരക്ഷാ സ്രോതസ്സ് റോയിട്ടേഴ്സിനോട് പറഞ്ഞു.

ഓരോ ഉപകരണത്തിലും സ്ഥാപിച്ചിരിക്കുന്ന സ്‌ഫോടകവസ്തുവിന്റെ ഭാരം 20 ഗ്രാമില്‍ താഴെയാണെന്നും പൊട്ടിത്തെറിച്ച പേജറുകള്‍ അഞ്ച് മാസം മുമ്പ് ഇറക്കുമതി ചെയ്തതാണെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്ങനെയാണ് സ്ഫോടകവസ്തു ചാര്‍ജ്ജ് ആക്റ്റിവേറ്റ് ചെയ്തത് എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹിസ്ബുള്ള നേരിട്ട ഏറ്റവും വലിയ ഇന്റലിജന്‍സ് പരാജയമാണിത് എന്ന് യുഎസ് സര്‍ക്കാരിന്റെ മിഡില്‍ ഈസ്റ്റിലെ മുന്‍ ഡെപ്യൂട്ടി നാഷണല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ജോനാഥന്‍ പാനിക്കോഫ് പറഞ്ഞു. നിലവില്‍ കൈയിലുള്ള പേജറുകള്‍ നശിപ്പിച്ച് കളയണം എന്ന് അംഗങ്ങളോട് ഹിസ്ബുള്ള നിര്‍ദേശിച്ചിട്ടുണ്ട്. ഹിസ്ബുള്ളയിലെ ആയിരക്കണക്കിന് അംഗങ്ങള്‍ ഉപയോഗിക്കുന്ന പേജറുകള്‍ ചൊവ്വാഴ്ച ലെബനനിലും സിറിയയിലും ഒരേസമയമാണ് പൊട്ടിത്തെറിച്ചത്.

സംഭവത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെടുകയും ഇറാന്റെ അംബാസഡര്‍ അടക്കം 3000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്ളയുടെ സുരക്ഷാ വീഴ്ച വെളിവായ ഈ സംഭവത്തിന് പിന്നില്‍ ഇസ്രായേല്‍ ആണ് എന്നാണ് ലെബനനും ഇറാനും ആരോപിക്കുന്നത്. ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള അറിയിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ഇസ്രായേല്‍ അധികൃതരോ സൈന്യമോ പ്രതികരിച്ചിട്ടില്ല.

മുമ്പും സമാനമായ തന്ത്രങ്ങള്‍ ഇസ്രായേല്‍ പ്രയോഗിച്ചിട്ടുണ്ടെന്നാണ് ആരോപണം. മുന്‍ യുഎസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ഇന്റലിജന്‍സ് അനലിസ്റ്റായ ഡേവിഡ് കെന്നഡിയുടെ അഭിപ്രായത്തില്‍, 1996-ല്‍ ഹമാസ് നേതാവ് യഹ്യ അയ്യാഷിനെ കൊല്ലാന്‍ ഇസ്രായേല്‍ മൊബൈല്‍ ഫോണില്‍ 15 ഗ്രാം ആര്‍ഡിഎക്‌സ് സ്‌ഫോടകവസ്തു വെച്ചിരുന്നു. അയ്യാഷ് പിതാവിനെ വിളിച്ചപ്പോള്‍ ഉപകരണം പൊട്ടിത്തെറിക്കുകയായിരുന്നു. ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ ബെറ്റാണ് ഇതില്‍ പങ്കാളിയായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+