എത്ര ഭാര്യമാരുണ്ട് എന്ന് ട്രംപ്, അത്തര്‍ കൊടുക്കാനാണ്; സിറിയന്‍ പ്രസിഡന്റിന്റെ മറുപടി, വീഡിയോ വൈറല്‍
വാഷിങ്ടണ്‍: സിറിയയുടെ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറായുടെ അമേരിക്കന്‍ സന്ദര്‍ശനം ചരിത്രപരമാണ്. 1946ല്‍ ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായിട്ടാണ് ഒരു സിറിയന്‍ പ്രസിഡന്റ് അമേരിക്ക സന്ദര്‍ശിക്കുന്നത്. സിറിയയില്‍ ദീര്‍ഘകാലം പ്രസിഡന്റായിരുന്ന ബശ്ശാറുല്‍ അസദിനെ പുറത്താക്കിയാണ് വിമത നേതാവായിരുന്ന അഹമ്മദ് അല്‍ ഷറാ പ്രസിഡന്റായത്.
നേരത്തെ അല്‍ ഖാഇദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന നേതാവ് കൂടിയായിരുന്നു അഹമ്മദ് അല്‍ ഷറാ. അദ്ദേഹത്തിനെതിരെ അമേരിക്കയുടെ ഉപരോധവുമുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്ത് സിറിയയിലുണ്ടായ രാഷ്ട്രീയ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ അമേരിക്ക നീക്കി. തുടര്‍ന്നാണ് ഷറാ അമേരിക്കയിലെത്തിയത്. ഇവിടെ നിന്നുള്ള ഒരു വീഡിയോ വൈറലായിരിക്കുകയാണ്.

ഓവല്‍ ഓഫീസില്‍ വച്ച് ട്രംപിന്റെ വിക്ടര്‍ പെര്‍ഫ്യൂം സിറിയന്‍ പ്രസിഡന്റിന് അദ്ദേഹം സമ്മാനമായി നല്‍കി. ഒരു കുപ്പി എടുത്ത് പെര്‍ഫ്യും മണത്തുനോക്കി. മറ്റുള്ളവര്‍ക്കും മണപ്പിച്ചു. സുഗന്ധത്തെ കുറിച്ച് ട്രംപ് വാചാലനായി. മറ്റുള്ളവരോടും അഭിപ്രായം ചോദിച്ചു. സിറിയന്‍ പ്രസിഡന്റിനൊപ്പമുള്ള ഉദ്യോഗസ്ഥര്‍ക്കു മേലും പെര്‍ഫ്യൂ പുരട്ടി ട്രംപ് അഭിപ്രായം ചോദിച്ചു.
ഇതിനിടെ അഹമ്മദ് അല്‍ ഷറായുടെ മേലും ഫെര്‍ഫ്യം അടിച്ച ട്രംപ്, താങ്കളുടെ ഭാര്യയ്ക്ക് ഒരു കുപ്പി കൂടി തരാമെന്ന് പറഞ്ഞു. ഈ വേളയിലാണ് ട്രംപ് സരസമായി താങ്കള്‍ക്ക് എത്ര ഭാര്യമാരുണ്ട് എന്ന് ചോദിച്ചത്. ഒന്നല്ലേ എന്ന് തൊട്ടുപിന്നാലെ വീണ്ടും ചോദിച്ചു. ചിരിച്ചുകൊണ്ടുതന്നെയായിരുന്നു അഹമ്മദ് അല്‍ ഷറായുടെ മറുപടിയും. ഒരു ഭാര്യയേ ഉള്ളൂ എന്നും അദ്ദേഹം പ്രതികരിച്ചു. ഇതോടെ നേതാക്കള്‍ക്കിടയില്‍ ചിരിപടര്‍ന്നു.
തിങ്കളാഴ്ച ട്രംപും അഹമ്മദ് അല്‍ ഷറായും രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. ഐസിസിനെതിരായ പോരാട്ടത്തില്‍ ചേരുമെന്ന് സിറിയ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും പരസ്പരം എംബസികള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ധാരണയായി. സുരക്ഷാ, സാമ്പത്തിക കാര്യങ്ങളില്‍ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകാനും തീരുമാനിച്ചു. സിറിയയില്‍ നിക്ഷേപം ഇറക്കാന്‍ അമേരിക്കക്ക് താല്‍പ്പര്യമുണ്ട്.
ആരാണ് അഹമ്മദ് അല്‍ ഷറായുടെ ഭാര്യ ലത്തീഫ
സിറിയയിലെ ഹുംസ് ഗവര്‍ണറേറ്റിലെ അല്‍ ഖര്യത്തൈന്‍ ഗ്രാമത്തിലാണ് ലത്തീഫ അല്‍ ദ്രൗബി ജനിച്ചത്. അറബി ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നടിയ ലത്തീഫ തുര്‍ക്കി സന്ദര്‍ശനത്തിനിടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇദ്‌ലിബ് സര്‍വകലാശാലയിലാണ് പഠിച്ചത്. പൊതുരംഗത്ത് സാധാരണ പ്രത്യക്ഷപ്പെടാറില്ല.
ലത്തീഫയുടെ മുത്തച്ഛന്‍ അലാവുദ്ദീന്‍ അല്‍ ദ്രൗബി 1920 വരെ സിറിയയുടെ പ്രധാനമന്ത്രിയായിരുന്നുവത്രെ. ഓട്ടോമന്‍ സുല്‍ത്താന്‍ ആയിരുന്ന അബ്ദുല്‍ ഹമീദ് രണ്ടാമന്റെ ഡോക്ടറുമായിരുന്നുവത്രെ അദ്ദേഹം. ലത്തീഫയുടെ കുടുംബത്തിലെ പലരും നേരത്തെ സിറിയന്‍ രാഷ്ട്രീയത്തില്‍ സുപ്രധാന പദവികള്‍ വഹിച്ചവരാണ്.












Click it and Unblock the Notifications