മോദിയുടെ റഷ്യന്‍ സന്ദർശനം: പണികിട്ടുക ഇറാഖിനും സൗദിക്കുമോ? പുതിയ കരാർ നിലവില്‍ വന്നാല്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദർശനത്തില്‍ ക്രൂഡ് ഓയില്‍ ഇടപാടുകളും ചർച്ചാ വിഷയമാകും. റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ എത്തിക്കുന്നതില്‍ ദീർഘകാല ക്രമീകരണം ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലേക്ക് റഷ്യൻ ക്രൂഡ് കുറഞ്ഞ നിരക്കിൽ സുഗമമായി വിതരണം ചെയ്യുന്നതിനുള്ള ദീർഘകാല ക്രമീകരണത്തിൻ്റെ ആവശ്യകത സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചർച്ച തുടരുകയാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
"നമ്മള്‍ റഷ്യൻ ഫെഡറേഷൻ്റെ ദീർഘകാല പങ്കാളിയാണ്. ദീർഘകാല ഇടപാടുകളെക്കുറിച്ച് നമ്മള്‍ റഷ്യക്കാരുമായി ചർച്ച നടത്തിയിട്ടുണ്ട്. നമ്മുടെ സ്വകാര്യ, പൊതുമേഖലാ കമ്പനികൾ നേട്ടം ലഭിക്കുന്ന രാജ്യങ്ങളുമായി ദീർഘകാല കരാറുകൾ ഒപ്പിടുമെന്ന് എനിക്ക് ഉറപ്പുണ്ട്," എന്നായിരുന്നു രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ റഷ്യയുമായി ദീർഘകാല കരാറിന് തയ്യാറെടുക്കുന്നുണ്ടോയെന്ന ചോദ്യത്തിന് വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കിയത്.

റഷ്യൻ ഓയില്‍ ഭീമനായ റോസ്‌നെഫ്റ്റിന്റെ ചീഫ് ഇഗോർ സെച്ചിൻ ഈ വർഷം ഇന്ത്യയിലേക്ക് രണ്ട് തവണ സന്ദശനം നടത്തിയിരുന്നു. ഈ സന്ദർശനങ്ങളുടെ ഭാഗമായി ഇന്ത്യ-റഷ്യ ദീർഘകാല കരാറുകളെക്കുറിച്ച് ചർച്ച് നടത്തിയിരുന്നുവെന്നാണ് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സ്റ്റേറ്റ് റിഫൈനർമാരായ ബിപിസിഎല്ലും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമാണ് പ്രധാനമായും റഷ്യയുമായി ടേം ഡീലുകൾ ഒപ്പിടാൻ ശ്രമിക്കുന്നത്.
ഉക്രൈന്‍ അധിനിവേശത്തിന് ശേഷം ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ തുടരുകയാണ്. റഷ്യയുടെ കടന്ന് വരവോടെ പരമ്പരാഗത ശക്തികളായ ഇറാഖും സൗദി അറേബ്യയും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
2024 ജൂണിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ഇറക്കുമതി പ്രതിദിനം 1.97 ദശലക്ഷം ബാരലിലെത്തി (mbpd). 2023 ജുലൈക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ചൈനയിലേക്കുള്ള റഷ്യൻ ക്രൂഡിന്റെ കയറ്റുമതി കുറഞ്ഞതും ഇന്ത്യയിലേക്ക് കൂടുതല്‍ ബാരല്‍ എത്താന്‍ കാരണമായി.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്‌പിസിഎൽ), റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) പോലുള്ള റിഫൈനറികളും ഗണ്യമായ ഇറക്കുമതി നടത്തി. സ്വകാര്യ റിഫൈനർമാർ ആകെ പ്രതിദിനം 871200 ബാരരാണ് ഇറക്കുമതി ചെയ്തത്.
റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തുമ്പോൾ ഊർജ വ്യാപാരവും പ്രധാന അജണ്ടയായിരിക്കും. റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി കൂടുതല്‍ ശക്തമാകുകയാണെങ്കില്‍ സ്വാഭാവികമായും അത് ഇറാഖിനും സൗദി അറേബ്യയ്ക്കുമായിരിക്കും തിരിച്ചടിയായി മാറുക.
അതേസമയം, ബ്രസീലില്‍ നിന്നും വലിയ തോതില്‍ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ രാജ്യത്തെ പ്രമുഖ ഓയില്‍ റിഫൈനറിമാർ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) എന്നിവ ദീർഘകാല ക്രൂഡ് ഓയിൽ വിതരണ കരാറുകൾ ഉറപ്പാക്കാൻ ബ്രസീലിയൻ ഊർജ കമ്പനിയായ പെട്രോലിയോ ബ്രസീലിറോ എസ്എയുമായി (പെട്രോബ്രാസ്) ചർച്ച നടത്തുകയാണെന്നാണ് ദ മിന്റ് റിപ്പോർട്ട് ചെയ്തത്.
ഊർജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെ വിപുലമായ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ നീക്കം. ഐഒസിഎൽ, എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവയുടെ ഉദ്യോഗസ്ഥർ ഏപ്രിലിൽ ബ്രസീൽ സന്ദർശിച്ച് പെട്രോബ്രാസുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്. ദീർഘകാലത്തേക്ക് ഗ്യാരണ്ടീഡ് ക്രൂഡ് ഓയിൽ സപ്ലൈ ഉറപ്പാക്കാനാണ് ചർച്ചകളിലൂടെ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications