വന്‍ നീക്കവുമായി റഷ്യ; യുഎസ് പിന്നിലാകും, ഇന്ത്യക്കും ആശങ്ക; സൗദി അറേബ്യയും ഇറാഖും രക്ഷകരാകുമോ
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉത്പാദകരായി മാറാനുള്ള നീക്കവുമായി റഷ്യ. രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് എണ്ണക്കമ്പനികളെ ലയിപ്പിച്ചുകൊണ്ടാണ് റഷ്യ ഇത്തരമൊരു ലക്ഷ്യത്തിലേക്ക് കടക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പൊതുമേഖലയില്‍ പ്രവർത്തിക്കുന്ന ക്രൂഡ് ഓയില്‍ റിഫൈനികളായ റോസ്‌നെഫ്റ്റ്, ഗാസ്‌പ്രോം നെഫ്റ്റ് സ്വകാര്യ ഉടമസ്ഥതയിലുള്ള ലുക്കോയിൽ എന്നിവയെയാണ് ലയിപ്പിക്കാന്‍ പോകുന്നത്. മൂന്ന് കമ്പനികളും അമേരിക്കയുടെ ഉപരോധം നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്.
ലയനം സംബന്ധിച്ച ചർച്ചകള്‍ക്കായി റഷ്യൻ ഉദ്യോഗസ്ഥർ ചർച്ച ആരംഭിച്ചുവെന്നാണ് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. ലയനം സാധ്യമാകുകയാണെങ്കില്‍ സൗദി അരാംകോയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്നവരായി റഷ്യയുടെ പുതിയ കമ്പനി മാറും. നിലവില്‍ അരാംകോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്നത് അമേരിക്കയുടെ എക്‌സോൺമൊബിലാണ്. ലയനത്തോടെ എക്‌സോൺമൊബിലിനേക്കാള്‍ മൂന്നിരിട്ടയില്‍ അധികം ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കാന്‍ റഷ്യക്ക് സാധിച്ചേക്കും.

ലയനത്തോടെ ആഗോള ഊർജ്ജ വിപണിയില്‍ റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ നിയന്ത്രണം വലിയ തോതില്‍ ശക്തിപ്പെടുത്തുകയും റഷ്യയുടെ യുദ്ധ-പ്രേരിതമായ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന വിലയിരുത്തലും ശക്തമാണ്. റഷ്യയുടെ ഈ നീക്കം സൗദി അറേബ്യ, ഇന്ത്യ, ചൈന, അമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണ്. ഇന്ത്യയും ചൈനയും പോലുള്ള പ്രധാന ഇടപാടുകാർക്ക് നിലവിലേതിനേക്കാള്‍ ഉയർന്ന നിരക്കില്‍ ക്രൂഡ് ഓയില്‍ നല്‍കാനും റഷ്യയെ പ്രാപ്തരാക്കും.
2022 ലെ ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യക്ക് പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ക്രൂഡ് ഓയില്‍ വില്‍പ്പനയിലൂടെ എത്തുന്ന പണം ഉക്രൈന്‍ യുദ്ധത്തിലേക്ക് എത്തിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ഉപരോധം ആരംഭിച്ചത്. എന്നാല്‍ വലിയ ഇളവുകള്‍ നല്‍കിയതോടെ ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങിക്കൂട്ടി. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായി റഷ്യ മാറുകയും ചെയ്തു.
നേരത്തെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 1% ൽ താഴെ മാത്രമായിരുന്നു റഷ്യയുടെ വിഗിതമെങ്കില്‍ നിലവില്‍ അത് ഏകദേശം 40% ആയി ഉയർന്നിട്ടുണ്ട്. ഇന്ത്യയിലേക്ക് എത്തുന്ന റഷ്യന്‍ ഓയില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് തന്നെ കയറ്റുമതി ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം. 2024 ൻ്റെ ആദ്യ മൂന്ന് പാദങ്ങളിൽ, യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ എണ്ണ ഉൽപന്ന കയറ്റുമതി 58% വർദ്ധിച്ചു. ഇതില്‍ വലിയൊരു അളവ് വരെ റഷ്യയില്‍ നിന്നും ലഭിച്ച എണ്ണയായിരുന്നു.
അതേസമയം, രാജ്യത്തെ എണ്ണ വ്യവസായത്തെ ഏകീകരിക്കാനുള്ള ശ്രമങ്ങൾ ക്രൂഡ് ഓയില്‍ വില വർധനവിന് കാരണമായേക്കുമെന്നാണ് സൂചന. അതായത് മുൻനിര എണ്ണക്കമ്പനികളെ ഒറ്റ ഉൽപ്പാദന പവർഹൗസിലേക്ക് ലയിപ്പിക്കാനുള്ള പദ്ധതികളുമായി റഷ്യ മുന്നോട്ട് പോകുന്നത് ആഗോള ഊർജ്ജ വിപണിയിൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ വളരെ പ്രധാനപ്പെട്ടതായിരിക്കും.
റഷ്യ തങ്ങളുടെ ക്രൂഡ് ഓയിലിന്റെ വില വലിയ തോതില്‍ ഉയർത്തുകയാണെങ്കില്‍ ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കും എന്നതായിരിക്കും ശ്രദ്ധേയം. പരമ്പരാഗത വ്യാപാര പങ്കാളികളായ അറബ് രാജ്യങ്ങളിലേക്ക് തിരിച്ച് പോകുക എന്നതായിരിക്കും ഇന്ത്യക്ക് മുന്നിലുള്ള ഏറ്റവും സാധ്യതയുള്ള നീക്കം. അങ്ങനെയെങ്കില്‍ ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വർധിച്ചേക്കും.












Click it and Unblock the Notifications