കശ്മീര്‍ വിഭജനം: മോദി സര്‍ക്കാരിന്റെ തീരുമാനത്തോട് പാക് മാധ്യമങ്ങള്‍ പ്രതികരിച്ചത് ഇങ്ങനെ..
ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും ജമ്മു കശ്മീരിന് പ്രത്യേക പദവി പിന്‍വലിക്കാനുമുള്ള മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെ പാകിസ്ഥാന്‍ സര്‍ക്കാരിനെപ്പോലെ തന്നെ പാകിസ്ഥാന്‍ മാധ്യമങ്ങളും ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. ഇന്ത്യന്‍ സര്‍ക്കാര്‍ കശ്മീരിനെ വീണ്ടും തോല്‍പ്പിച്ചു എന്നത് മുതല്‍ പ്രത്യേക പദവി നല്‍കി സംസ്ഥാനത്തെ കൊള്ളയടിക്കുന്നതാണെന്നുള്ള രീതിയില്‍ വരെ പാകിസ്താന്‍ പത്രങ്ങള്‍ അവരുടെ പ്രതികരണങ്ങള്‍ വെളിപ്പെടുത്തി.
''ന്യൂ ദില്ലി ഷെഡ്‌സ് ഫിഗ് ലീഫ്, റോബ്‌സ് ഹെല്‍ഡ് കാശ്മീര്‍ ഓഫ് സ്‌പെഷ്യല്‍ സ്റ്റാറ്റസ്' ഇതാണ് രാജ്യത്തെ പ്രമുഖ പത്രങ്ങളിലൊന്നായ ദ ഡോണിന്റെ തലക്കെട്ട്. ഒന്നാം പേജിലെ മറ്റൊരു തലക്കെട്ടില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ കശ്മീര്‍ സ്ഥിതി ചര്‍ച്ച ചെയ്യുമെന്ന വാര്‍ത്തയും പ്രാധാന്യത്തോടെ നല്‍കിയിരിക്കുന്നു. എക്‌സ്പ്രസ് ട്രിബ്യൂണ്‍ ഓഗസ്റ്റ് 5 നെ 'കശ്മീരിന്റെ ഇരുണ്ട ദിനം' എന്ന് വിളിക്കുന്നു. പത്രത്തിന്റെ ഒന്നാം പേജിലെ തലക്കെട്ട്, 'കശ്മീരിന്റെ ഇരുണ്ട ദിനം: ഒക്യുപ്പേഷന്‍ റിഡക്‌സ്' എന്നാണ്. മറ്റൊരു പ്രമുഖ പത്രമായ പാകിസ്ഥാന്‍ ടുഡേ, ''ഇന്ത്യ വീണ്ടും കശ്മീരില്‍ പരാജയപ്പെടുന്നു'' എന്ന് പറയുമ്പോള്‍ പാകിസ്ഥാന്‍ ഒബ്‌സേര്‍വര്‍ ''അധിനിവേശ കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കുന്നു''എന്ന് നേരിട്ട് പറയുന്നു. ''ഐഒകെ പ്രത്യേക പദവി ഇന്ത്യ നിര്‍ബന്ധിതമായി റദ്ദാക്കുന്നു'' എന്ന് ദി നേഷന്‍ പത്രം പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള മോദി സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ പാകിസ്ഥാന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച അപലപിക്കുകയും നിരസിക്കുകയും ചെയ്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇത് രണ്ട് അയല്‍വാസികളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരിനെച്ചൊല്ലി ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങളിലും നടപടികളിലും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ വിളിച്ചുവരുത്തി ശക്തമായ എതിര്‍പ്പ് പാകിസ്ഥാന്‍ വിദേശകാര്യാലയം രേഖപ്പെടുത്തി. അതേസമയം, ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും മേഖലയില്‍ സമാധാനവും സുസ്ഥിരതയും കാത്തുസൂക്ഷിക്കണമെന്നും ഐക്യരാഷ്ട്രസഭയും യുണൈറ്റഡ് സ്റ്റേറ്റ്‌സും അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications