മാലിദ്വീപില്‍ വന്‍ തീപിടിത്തം; എട്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു
മാലെ: മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ എട്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കുടിയേറ്റ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടത്തിന്റെ താഴെയുള്ള വാഹന ഗ്യാരേജില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് സംശയിക്കുന്നത്. നാല് മണിക്കൂറോളമെടുത്താണ് തീ അണച്ചതെന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ പൗരന്മാരുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ മാലെയിലെ ദാരുണമായ തീപിടുത്തത്തില്‍ ഞങ്ങള്‍ അതീവ ദുഃഖിതരാണെന്ന് ഇന്ത്യന്‍ ഹൈക്കമിഷണര്‍ അറിയിച്ചു. മാല്‍ദ്വീവ്‌സ് സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സഹായത്തിനായി +9607361452 അല്ലെങ്കില്‍ +9607790701 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് ഹൈക്കമ്മീഷന്‍ അറിയിച്ചു. സമീപത്തെ സ്റ്റേഡിയത്തില്‍ ഒഴിപ്പിക്കല്‍ കേന്ദ്രം ആരംഭിച്ചതായി മാലിദ്വീപ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. മാലെയിലെ തീപിടുതത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഇവിടെ കഴിയാമെന്ന്് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.












Click it and Unblock the Notifications