തീരത്ത് അടിച്ചുകയറി കൂറ്റന്‍ തിമിംഗലങ്ങള്‍; ജപ്പാനില്‍ ഒരു മരണം: അമേരിക്കയില്‍ വിമാനങ്ങള്‍ റദ്ദാക്കി
മോസ്‌കോ: റഷ്യയില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെ ജപ്പാനിലും റഷ്യയിലും കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചു കയറി. നാലു മീറ്ററോളം ഉയരമുള്ള സുനാമി തിരമാലകളാണ് അടിച്ചത്. ശക്തമായ തിരമാലകളില്‍ കൂറ്റന്‍ തിമിംഗലകളും കരയിലേക്ക് എത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജപ്പാന്‍ തീരത്തെ തുറമുഖങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചതിനാല്‍ ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.
ജപ്പാനില്‍ ഒരു മീറ്ററിലേറെ ഉയരമുള്ള സുനാമി തിരകള്‍ തീരത്ത് അടിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ മരിച്ചതായി ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു
അതേസമയം. അമേരിക്കയും അതീവ ജാഗ്രതയിലാണ്. ഹവായിയില്‍ സുനാമി തിരകള്‍ ഉണ്ടായി. അതേസമയം നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ പ്രാപ്തമായ തിരമാലകള്‍ അല്ല എന്നത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. ഇവിടെയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. സുനാമി മുന്നറിയിനെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച സ്ഥലങ്ങള്‍ ഇപ്പോള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.

റഷ്യയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തെ തുടര്‍ന്ന് പസഫിക് സമുദ്രത്തില്‍ ഉടനീളം സുനാമി മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിരുന്നു. മെക്‌സിക്കോ, ഇക്വഡോര്‍, കൊളംബിയ എന്നിവിടങ്ങളില്‍ തീരപ്രദേശത്ത് ജാഗ്രത നിലനില്‍ക്കുന്നുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ടോംഗ, തായ്വാന്‍ എന്നിവിടങ്ങളില്‍ ഒരു മീറ്റര്‍ വരെ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രവചനം ഉണ്ട്. അമേരിക്കയില്‍ സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ഹവായിയിലെ ഹിലോ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.
ഹവായിയിലെ കഹുലുയി വിമാനത്താവളത്തിലെ എല്ലാ വിമാനങ്ങളും റദ്ദാക്കി. യാത്രക്കാര്‍ ടെര്‍മിനലില്‍ അഭയം പ്രാപിച്ചു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ഡാനിയല്‍ കെ. ഇനോയി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ഇപ്പോള്‍ പുനരാരംഭിച്ചു.
ലോകത്തുണ്ടായ ശക്തമായ ഭൂചലനങ്ങളില്‍ ഏറ്റവും തീവ്രതയേറിയ ആറാമത്തെ ഭൂചലനമാണ് ഇന്ന് പുലര്‍ച്ചെ റഷ്യയില്‍ ഉണ്ടായത്. ഇതിന് മുന്‍പുണ്ടായ ശക്തമായ ഭൂചലനങ്ങള്‍:
1952 - കംചത്ക, റഷ്യ (9.0 തീവ്രത)
1960 - വാല്‍ഡിവിയ, ചിലി (9.5 തീവ്രത)
1964 - അലാസ്‌ക, അമേരിക്ക (9.2 തീവ്രത)
2004 - സുമാത്ര, ഇന്തോനേഷ്യ (9.1 തീവ്രത)
2011 - തോഹോകു, ജപ്പാന്‍ (9.1 തീവ്രത)
റഷ്യയിലെ കംചത്കയില്‍ അവസാനമായുണ്ടായ വലിയ ഭൂകമ്പം 73 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവിച്ചത്. 1952 നവംബര്‍ നാലിന് കംചത്കയിലുണ്ടായ ഭൂകമ്പത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്നത്തെ ഭൂകമ്പം. അന്ന് അതിശക്തമായ ഭൂകമ്പമാണ് ഉണ്ടായതെങ്കിലും വലിയ ജീവഹാനി ഉണ്ടായില്ല. അതിന് കാരണം ജനവാസം അധികമില്ലാത്ത മേഖലയായിരുന്നു അത്. ഇന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുനാമി മുന്നറിപ്പുകള്‍ പുറപ്പെടുവിക്കാന്‍ കഴിഞ്ഞതിനാല്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചു.
ഇന്നത്തെ ഭൂകമ്പത്തെ തുടര്‍ന്ന് റഷ്യയുടെ ചില ഭാഗങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭൂകമ്പമുണ്ടായ കംചത്ക ഉപദ്വീപിലെ പ്രധാന നഗരമായ കുറില്‍ ദ്വീപുകളില്‍ ഉള്‍പ്പെടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പെട്രോപാവ്ളോസ്‌ക്-കംചത്ക നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങി. കുലുങ്ങുന്ന കെട്ടിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ നിലത്തേക്കു വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ എക്‌സ് ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.












Click it and Unblock the Notifications