സ്‌കോട്ട്‌ലാന്റിനെ സ്വതന്ത്രമാക്കും; ഹംസ യൂസഫ് ഫസ്റ്റ് മിനിസ്റ്റര്‍; പദവിയിലെത്തുന്ന ആദ്യ മുസ്ലിം
എഡിന്‍ബര്‍ഗ്: സ്‌കോട്ട്‌ലാന്റിന്റെ പുതിയ ഫസ്റ്റ് മിനിസ്റ്ററായി പാകിസ്താന്‍ വംശജനായ ഹംസ യൂസഫ് തിരഞ്ഞെടുക്കപ്പെട്ടു. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി (എസ്എന്‍പി) യുടെ അധ്യക്ഷനായതോടെയാണ് അദ്ദേഹം ഈ പദവിയിലെത്തിയത്. സ്‌കോട്‌ലാന്റ് ഫസ്റ്റ് മിനിസ്റ്ററാകുന്ന ആദ്യ മുസ്ലിം നേതാവണ് 37കാരനായ യൂസഫ്. ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനാകുന്ന ആദ്യ മുസ്ലിം നേതാവ് കൂടിയാണ് ഇദ്ദേഹം.
ബ്രിട്ടന്റെ ഭാഗമായുള്ള പടിഞ്ഞാറന്‍ യൂറോപ്പിലെ രാജ്യമാണ് സ്‌കോട്ട്‌ലാന്റ്. രാജ്യത്തിന്റെ സമ്പൂര്‍ണ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് തന്റെ പ്രഥമ ദൗത്യമെന്ന് ഹംസ യൂസഫ് പ്രഖ്യാപിച്ചു. ഏറെ കാലമായി സമ്പൂര്‍ണ സ്വതന്ത്ര രാജ്യമായി മാറാന്‍ കൊതിക്കുന്നു സ്‌കോട്ട്‌ലാന്റ്. രാജ്യത്തെ ജനങ്ങള്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു. പുതിയ തലമുറ അത് സാധ്യമാക്കുമെന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യവെ യൂസഫ് പറഞ്ഞു.

1960കളില്‍ പാകിസ്താനിലെ പഞ്ചാബില്‍ നിന്ന് സ്‌കോട്ട്‌ലാന്റിലേക്ക് കുടിയേറിയവരാണ് യൂസഫിന്റെ മുത്തച്ഛന്‍. പേരക്കുട്ടി സ്‌കോട്ട്‌ലാന്റിന്റെ ഭരണാധികാരിയാകുമെന്ന് അവര്‍ സ്വപ്‌നം പോലും കണ്ടിരുന്നില്ലെന്ന് യൂസഫ് വികാരഭരിതനായി പറഞ്ഞു. നിങ്ങളുടെ നിറമോ, വിശ്വാസമോ ഒന്നും ഉന്നത പദവിയിലെത്തുന്നതിന് തടസമാകില്ലെന്ന സന്ദേശം കൂടിയാണ് സ്‌കോട്ടിഷ് ജനത നല്‍കുന്നതെന്നും യൂസഫ് പറഞ്ഞു.
യൂസഫ് രാജ്യത്തെ അഭിസംബോധന ചെയ്യവെ പിതാവിന്റെ മാതാപിതാക്കളും മാതാവും ഭാര്യയും കണ്ണീര്‍ പൊഴിക്കുന്ന വീഡിയോ മാധ്യമങ്ങള്‍ പുറത്തുവിട്ടു. രാജ്യത്ത് വര്‍ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. ജീവിത ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കും. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പുതിയ തുടക്കമായിരിക്കുമിത് എന്നും യൂസഫ് പറഞ്ഞു.
എസ്എന്‍പിയുടെ ദേശീയ അധ്യക്ഷന്‍ നിക്കോള സ്റ്റര്‍ജിയന് ശേഷം ഈ പദവിയിലേക്ക് മൂന്നു പേരാണ് മല്‍സരിച്ചത്. യൂസഫിനെ കൂടാതെ കേറ്റ് ഫോര്‍ബസ്, ആഷ് റീഗന്‍ എന്നിവരും മല്‍സര രംഗത്തുണ്ടായിരുന്നു. ഇവരെ തോല്‍പ്പിച്ചാണ് യൂസഫ് എസ്എന്‍പിയുടെ അധ്യക്ഷനായത്. സ്‌കോട്ടിഷ് പാര്‍ലമെന്റിന്റെ അനുമതി കൂടി ലഭിച്ചാല്‍ അദ്ദേഹം ഫസ്റ്റ് മിനിസ്റ്ററായി സത്യപ്രതിജ്ഞ ചെയ്യും. സാങ്കേതിക നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.
രാജ്യത്തെ എല്ലാ ന്യൂനപക്ഷങ്ങളുടെയും അവകാശ സംരക്ഷണത്തിന് പോരാടുമെന്ന് തിരഞ്ഞെടുത്ത ശേഷം യൂസഫ് പറഞ്ഞു. ട്രാന്‍സ്‌ജെന്റേഴ്‌സിനെ ചേര്‍ത്ത് പിടിക്കും. മത-ലിംഗ ന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായ അവകാശം ഉറപ്പാക്കുമെന്നും യൂസഫ് പറഞ്ഞു. മൂന്ന് നൂറ്റാണ്ടായി ഇംഗ്ലണ്ടിന്റെ ഭാഗമാണ് സ്‌കോട്ട്‌ലാന്റ്. സ്വാതന്ത്ര്യം വേണമെന്ന് സ്‌കോട്ടിഷ് ജനത ഏറെ കാലമായി ആവശ്യപ്പെടുന്നു. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുന്നു.
ആരാണ് ഹംസ യൂസഫ്
സ്‌കോട്ട്‌ലാന്റിലേക്ക് കുടിയേറ്റം ആരംഭിച്ച വേളയില്‍ ആദ്യമെത്തിയവരാണ് യൂസഫിന്റെ മുന്‍ഗാമികള്‍. പിതാവ് പാകിസ്താനിലാണ് ജനിച്ചത്. മാതാവ് പാകിസ്താന്‍ പഞ്ചാബില്‍ നിന്ന് കെനിയയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ്. പ്രാഥമിക പഠനം ഗ്ലാസ്‌ഗോയിലെ സ്വകാര്യ സ്‌കൂളിലായിരുന്നു. ഗ്ലാസ്‌കോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദമെടുത്തു. മുന്‍ ഫസ്റ്റ് മിനിസ്റ്റര്‍ അലക്‌സ് സാല്‍മണ്ടിന്റെ സഹായിയാകും മുമ്പ് കാള്‍ സെന്ററില്‍ ജോലി ചെയ്തിരുന്നു യൂസഫ്.
2011ല്‍ ഗ്ലാസ്‌ഗോ മേഖലയില്‍ നിന്ന് അഡീഷണല്‍ അംഗമായിട്ടാണ് സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ യൂസഫ് ആദ്യമെത്തിയത്. അന്ന് യൂസഫ് ഇംഗ്ലീഷിലും ഉര്‍ദുവിലും സത്യപ്രതിജ്ഞ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. തൊട്ടടുത്ത വര്‍ഷം സ്‌കോട്ടിഷ് മന്ത്രിസഭാംഗമായി. വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഏറ്റവും ഒടുവില്‍ ആരോഗ്യ വകുപ്പാണ് കൈകാര്യം ചെയ്തത്. മുന്‍ എസ്എന്‍പി പ്രവര്‍ത്തക ഗെയ്ല്‍ ലിത്‌ഗോവിനെ 2010ലാണ് യൂസഫ് വിവാഹം ചെയ്തത്. ഏഴ് വര്‍ഷത്തിന് ശേഷം ഈ ബന്ധം വേര്‍പ്പിരിഞ്ഞു. 2019ല്‍ നാദിയ അല്‍ നക്ലയെ വിവാഹം ചെയ്തു.












Click it and Unblock the Notifications