ഇളകിയാടി ട്രെയിനുകള്‍; പൊടിക്കൂമ്പാരമായി കെട്ടിടങ്ങള്‍: ഭൂകമ്പത്തില്‍ 100-ലേറെ പേര്‍ മരിച്ചതായി ആശങ്ക
നേപ്യിഡോ: മ്യാന്‍മറിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ നൂറിലേറെ ആളുകള്‍ മരിച്ചതായി ആശങ്ക. ഭൂകമ്പത്തെ തുടര്‍ന്ന് പുറത്തുവരുന്ന ദൃശ്യങ്ങളും റിപ്പോര്‍ട്ടുകളും ഏറെ ഞെട്ടലുണ്ടാക്കുന്നവയാണ്. രാജ്യത്തുണ്ടായ ഇരട്ട ഭൂകമ്പത്തില്‍ 25 പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന ഔദ്യോഗിക വിവരം. എന്നാല്‍ മരണസംഖ്യ നൂറു കടക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.7, 6.4 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മന്റാലെ തകര്‍ന്നടിഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആറ് പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രധാന ദേശീയ പാതകള്‍ പലതും രണ്ടായി പിളര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തായ്ലന്‍ഡിലും സമീപ പ്രദേശങ്ങളായ ചൈനീസ് പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടു.

പ്രകൃതി ദുരന്തത്തില്‍ സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മ്യാന്‍മറിലും തായ്ലന്‍ഡിലും സര്‍ക്കാരുകളുമായി ബന്ധപ്പെടാന്‍ വിദേശകാര്യ മന്ത്രാലയത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
മ്യാന്‍മറില്‍ 20 പേരും തായ്ലന്‍ഡില്‍ രണ്ട് പേരും മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ 80 പേരെ കാണാതായതായും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ തുടര്‍ ഭൂചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിര്‍മാണത്തിലിരുന്ന ബഹുനിലകെട്ടിടം, വീടുകള്‍ തുടങ്ങിയവ നിലം പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ആളുകള്‍ നിലവിളിച്ച് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. ബാങ്കോക്കിലെ ഒരു മെട്രോ സ്റ്റേഷനില്‍ ട്രെയിന്‍ അതിശക്തമായി കുലുങ്ങുന്നത് കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഏഴ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍ റെയില്‍വേ സ്റ്റേഷന്‍ ആടിയുലയുന്നതും യാത്രക്കാര്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതും കാണാം.
At the time of the #Earthquake, some people were on the MRT and luckily the swaying moment had already stopped at the station. So, everyone ran out quickly while the station floor was swinging. #Thailand #Bangkok #Myanmar #แผ่นดินไหว pic.twitter.com/1XlClCWkfH
— कृतिका शर्मा (@Kriti_Sanatani) March 28, 2025
മ്യാന്‍മറിലെ മന്റാലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. സാഗൈംഗ് നഗരത്തിന് വടക്ക് പടിഞ്ഞാറായി 16 കിലോമീറ്റര്‍ അകലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50 നാണ് 10 കിലോമീറ്റര്‍ താഴ്ച്ചയില്‍ ഭൂകമ്പമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായും, അന്താരാഷ്ട്ര സഹായത്തിനായി അഭ്യര്‍ഥിക്കുകയാണെന്നും മ്യാന്‍മറിലെ സൈനിക ഭരണകൂടം പ്രസ്താവനയിറക്കി.

അതിശക്തമായ ഭൂചലനത്തില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മ്യാന്‍മറിലെ ആവ-സഗയിങ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചരിത്രപ്രശസ്തമായ പാലവും തകര്‍ന്നു. ബാങ്കോക്കിലെ ചതുചക് മാര്‍ക്കറ്റില്‍ കെട്ടിടം തകര്‍ന്നു വീണു. ഇതിന് പുറമെ ബംഗ്ലാദേശ്, ഇന്ത്യ, ചൈന എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ മേഘാലയയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങളാണുണ്ടായത്.












Click it and Unblock the Notifications