ലാവോസില്‍ അണക്കെട്ട് പൊട്ടി വന്‍നാശം; നൂറു കണക്കിനാളുകള്‍ ഒഴുകിപ്പോയി
Recommended Video

ബാങ്കോക്ക്: തായ്ലാന്റിന്റെ അതിര്‍ത്തിരാജ്യമായ ലാവോസില്‍ നിര്‍മാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതി അണക്കെട്ട് തകര്‍ന്ന് നൂറു കണക്കിനാളുകളെ കാണാതായി. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ സമീപപ്രദേശങ്ങളിലേക്ക് പലായനം ചെയ്തു.
ദരിദ്ര രാജ്യമായ ലാവോസ് തായ്ലാന്റ് അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്ക് വൈദ്യുതി വിറ്റാണ് നിലനില്‍ക്കുന്നത്. ഇതിനായി നിരവധി ജലവൈദ്യുത പദ്ധതികള്‍ ലാവോസിലുണ്ട്. തെക്കുകിഴക്കന്‍ പ്രവിശ്യയായ അത്താപ്യൂവിലെ സാന്‍ സായ് ജില്ലയില്‍ പുതുതായി നിര്‍മിക്കുന്ന സെപിയാന്‍ സിനാം അണക്കെട്ടാണ് പൊട്ടിയത്. പ്രാദേശിക സമയം രാത്രി എട്ടുമണിക്കായിരുന്നു അപടകം. അണക്കെട്ട് പൊട്ടിയതോടെ പുറത്തേക്കൊഴുകിയ അഞ്ചു ബില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളത്തില്‍ സമീപഗ്രാമങ്ങളൊന്നാകെ മുങ്ങിപ്പോയതായി ലാവോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വെള്ളപ്പൊക്കത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായതായാണ് കണക്ക്. അണക്കെട്ടിനു താഴെ താമസിക്കുന്ന നിരവധി പേര്‍ ഒഴുക്കില്‍പ്പെട്ടു. നിരവധി വീടുകളും കെട്ടിടങ്ങളും വെള്ളത്തില്‍ ഒലിച്ചുപോയിട്ടുണ്ട്. ഗ്രാമീണര്‍ പരന്നൊഴുകുന്ന പ്രളയജലത്തിലൂടെ രക്ഷപ്പെടുന്നതിന്റെയും മുക്കാല്‍ ഭാഗവും മുങ്ങിയ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ അഭയം തേടിയതിന്റെയും ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. പതിനായിരത്തോളം പേര്‍ പ്രദേശത്തുനിന്നും പലായനം ചെയ്തതായാണ് പ്രാഥമിക കണക്കുകള്‍.
ദുരന്തബാധിതരെ സഹായിക്കുന്നതിനായി ബോട്ടുകളും ഹെലികോപ്റ്ററുകളും അധികൃതര്‍ രംഗത്തിറക്കിയിട്ടുണ്ട്. തായ്ലാന്റിലെയും ദക്ഷിണകൊറിയയിലെയും ലാവോസിലെയും മൂന്നു കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണപ്രവൃത്തി നടത്തുന്നത്. 410 മെഗാവാട്ട് വൈദ്യുതി ലക്ഷ്യമിട്ട് നിര്‍മിക്കുന്ന അണക്കെട്ട് 2019 ഓടെ പ്രവര്‍ത്തനക്ഷമമാക്കാനായിരുന്നു ലക്ഷ്യം.












Click it and Unblock the Notifications