'ട്രംപിനെ താഴെയിറക്കാന്‍ എനിക്കു കഴിയും'; ജെഫ്രി എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തേക്ക്: വമ്പന്മാര്‍ കുടുങ്ങുമോ?
വാഷിങ്ടണ്‍: അമേരിക്കയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ധനകാര്യ വിദഗ്ധന്‍ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ലൈംഗിക കുറ്റാരോപണങ്ങളും പ്രതിക്ക് അമേരിക്കന്‍ പ്രസിഡന്റുമായുള്ള ബന്ധവും. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ പുറത്തുവിടുന്നതിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായി എതിര്‍ത്തിരുന്നു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്‍ സംഘടിപ്പിച്ച വിരുന്നുകളില്‍ ട്രംപ് പങ്കെടുത്തതു സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ന്നതോടെ ട്രംപ് മുന്‍ നിലപാടില്‍ നിന്ന് യുടേണ്‍ തിരിഞ്ഞു.
ഡെമോക്രാറ്റുകളില്‍ നിന്നും സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നുമുള്ള കനത്ത സമ്മര്‍ദത്തിനൊടുവില്‍ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ രഹസ്യ ഫയലുകളും പരസ്യമാക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്ന നിയമത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. 'എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പരന്‍സി ആക്ട് എന്നാണ് ബില്ലിന്റെ പേര്. ഈ ബില്‍ പ്രകാരം ജെഫ്രി എപ്സ്റ്റീന്‍ കേസിലെ എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ 30 ദിവസത്തിനുള്ളില്‍ പരസ്യമാക്കണം. നീതിന്യായ വകുപ്പാണ് ഫയലുകള്‍ പരസ്യമാക്കേണ്ടത്.

അമേരിക്കന്‍ രാഷ്ട്രീയത്തിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖരായ വ്യക്തികള്‍ക്കിടയിലും വലിയ കോളിളക്കവും ആശങ്കയും സൃഷ്ടിച്ച ഒരു കേസാണ് ജെഫ്രി എപ്സ്റ്റീന്‍ കേസ്. ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീന് നിരവധി രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍, സെലിബ്രിറ്റികള്‍ എന്നിവരുമായി ബന്ധമുണ്ടായിരുന്നു.
അധ്യാപകനായിരുന്ന ജെഫ്രി എപ്സ്റ്റീന്‍ ധനകാര്യ സ്ഥാപനം തുടങ്ങി സമ്പന്നനായപ്പോള്‍ രാഷ്ട്രീയത്തിലെ വമ്പന്മാരുമായി അടുപ്പം സ്ഥാപിച്ചു. ഇവരെ പ്രീതിപ്പെടുത്താനായി രാത്രികാല വിരുന്നുകളും നടത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും യുവതികളെയും ലൈംഗിക തൊഴിലിനായി പ്രേരിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങളും ജെഫ്രി നേരിട്ടു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അവരെ ലൈംഗികത്തൊഴിലിനായി പ്രേരിപ്പിച്ചുവെന്നതടക്കം നിരവധി ആരോപണങ്ങള്‍ നേരിടുന്ന ജെഫ്രി വിചാരണ കാത്തിരിക്കെ 2019-ല്‍ അമേരിക്കന്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണം ആത്മഹത്യയായിട്ടാണ് രേഖകളിലുള്ളതെങ്കിലും ഇതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്.
എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള എല്ലാ വിശദാംശങ്ങളും പുറത്തു വരാനിരിക്കുന്ന ഫയലുകളിലുണ്ട്. പ്രതിയുമായി ബന്ധപ്പെട്ടവരും ഈ കേസില്‍ ഉള്‍പ്പെട്ട പ്രമുഖ വ്യക്തികളുടെ പേരുകളും പുറത്തുവരും എന്നതിനാല്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഈ കേസിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ട്രംപിനെക്കുറിച്ചും ഈ ഫയലുകളില്‍ പരാമര്‍ശമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എപ്സ്റ്റീന്‍ ഫയലുകളില്‍ നിന്നുള്ള 20,000 പേജുള്ള രേഖകള്‍ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു, അവയില്‍ ചിലതില്‍ ട്രംപിനെ നേരിട്ട് പരാമര്‍ശിക്കുന്നുണ്ട്. ട്രംപിനെക്കുറിച്ചുള്ള എപ്സ്റ്റീന്റെ 2018 ലെ പരാമര്‍ശങ്ങള്‍ അതിലുണ്ട്. ട്രംപിനെ താഴെയിറക്കാന്‍ എനിക്ക് കഴിയുമെന്നും ട്രംപ് എത്ര വൃത്തികെട്ടവനാണെന്ന് എനിക്കറിയാമെന്നും അദ്ദേഹം പറയുന്നുണ്ട്.
അതേസമയം, ജെഫ്രിയുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരുന്നത് തടയാന്‍ ട്രംപ് ഭരണകൂടം ശ്രമിച്ചിട്ടുണ്ടെന്നാണ് നിരവധി പേര്‍ വിശ്വസിക്കുന്നത്. തന്റെ ഭാഗം സംരക്ഷിക്കാനുള്ള എല്ലാ കളികളും ട്രംപ് നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.












Click it and Unblock the Notifications