'നിങ്ങൾക്ക് വേദനിച്ചെന്ന് മനസിലാകുന്നു..പക്ഷേ ഇപ്പോൾ വീടുകളിലേക്ക് മടങ്ങൂ'; പ്രതിഷേധത്തിനിടെ ട്രംപ്
വാഷിങ്ടൺ; ലോകത്തെ തന്നെ ഞെട്ടിച്ച് യുഎസ് പാർലനമെന്റിലേക്ക് ട്രംപ് അനുകൂലികൾ കടന്ന് കയറി അതിക്രമം അഴിച്ച് വിട്ടതിന് പിന്നാലെ സമാധാനാഹ്വാനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ട്രംപ് പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ അനൂകൂലികളോട് ആവശ്യപ്പെട്ടത്.ഇപ്പോൾ സമാധാനം നിലനിർത്തേണ്ടതുണ്ടെന്ന് ട്രംപ് പറഞ്ഞു.
'എനിക്ക് നിങ്ങളുടെ വേദന മനസിലാകും,നിങ്ങൾക്ക് മുറിവേറ്റിട്ടുണ്ടെന്ന് എനിക്കറിയാം. നമ്മളിൽ നിന്ന് തട്ടിയെടുത്ത ഒരു തിരഞ്ഞെടുപ്പാണ് നടന്നത്.എന്നാൽ ഇപ്പോൾ നിങ്ങൾ വീടുകളിലേക്ക് മടങ്ങണം. നമ്മുക്ക് സമാധാനം നിലനിർത്തേണ്ടതുണ്ട്.ക്രമാസമാധാനം പാലിക്കേണ്ടതുണ്ട്',ട്രംപ് പറഞ്ഞു.

'നിയമപാലകരായ മഹാൻമാരെ നാം ബഹുമാനിക്കേണ്ടതുണ്ട്. ആരേയും നമ്മൾ വേദനിപ്പിക്കരുത്.ഇത് കഠിനമായൊരു സമയമാണ്.ഇതുപോലൊരു സമയം മുൻപ് ഉണ്ടായിട്ടില്ല. ഇതുപോലെ നമ്മളിൽ നിന്ന് ,നിങ്ങളിൽ നിന്ന് ഈ രാജ്യത്തിൽ നിന്ന് തിരഞ്ഞെടുപ്പ് അവർ അട്ടിമറിച്ചൊരു സാഹചര്യം മുൻപ് ഉണ്ടായിട്ടില്ല', ട്രംപ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അതേസമയം പാർലമെന്റിലേക്ക് അതിക്രമിച്ച് കയറിയ അനുകൂലികളുടെ നടപടിയെ ട്രംപ് അപലപിച്ചില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇതൊരു വഞ്ചനാപരമായ തിരഞ്ഞെടുപ്പായിരുന്നുവെന്ന് ട്രംപ് ആവർത്തിച്ചു. നിങ്ങളെ എല്ലാവരേയും ഞാൻ സ്നേഹിക്കുന്നു. നിങ്ങളെല്ലാവരും എനിക്ക് അത്രയും പ്രിയപ്പെട്ടവരാണ്.എന്താണ് നടന്നതെന്ന് നിങ്ങൾ എല്ലാവരും കണ്ടതാണ്. എത്രമോശമായാണ് അവർ പെരുമാറുന്നതെന്ന് നിങ്ങൾ കണ്ടതാണ്.നിങ്ങൾക്ക് ഏറെ വേദനിച്ചെന്ന് മനസിലാക്കുന്നു.ഇപ്പോൾ പക്ഷേ നിങ്ങൾ വീടുകളിലേക്ക് മടങ്ങുക തന്നെ വേണം,നമ്മുക്ക് സമാനാധനം പാലിച്ചേ മതിയാകൂവെന്നും ട്രംപ് പറഞ്ഞു.
നിയുക്ത പ്രസിഡന്റ് ഡോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലീകൾ കാപ്പിറ്റോൾ മന്ദിരത്തിലേക്ക് അതിക്രമിച്ച് കയറിയത്. പ്രതിഷേധകരെ തടയാൻ ശ്രമിക്കുന്നതിനിടെ കാപ്പിറ്റോൾ മന്ദിരത്തിനുള്ളിൽ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതിക്രമിച്ച് കടന്നവരെ ഒഴിപ്പിക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
അതിനിടെ അനുകൂലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ട്രംപിന്റെ വീഡിയോ ഫെയ്സ്ബുക്കും യുട്യൂബും നീക്കം ചെയ്തു. സമാധാനം ആഹ്വാനം ചെയ്യാൻ പങ്കുവെച്ച വീഡിയോയിൽ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ട്രംപ് ആവർത്തിക്കുന്നുണ്ട്. ഇത് സ്ഥിതി കൂടുതൽ വഷളാക്കുമെന്ന നിഗമനത്തിലാണ് വീഡിയോ നീക്കം ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications