നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട്: ഹമാസ് നേതാക്കള്‍ക്കെതിരേയും സമാന നടപടിയുമായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി
ഹേഗ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ സി സി). നെതന്യാഹുവിന് പുറമെ ഇസ്രായേല്‍ മുന്‍ പ്രതിരോധ വകുപ്പ് മന്ത്രി യോവ് ഗാലൻ്റ്, മുതിർന്ന ഹമാസ് നേതാവ് മുഹമ്മദ് ദെയ്ഫ് എന്നിവർക്കെതിരേയും ഐ സി സി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോടതിയുടെ അധികാരപരിധിക്കെതിക്കെതിരായ ഇസ്രയേലിൻ്റെ അവകാശവാദം ഐ സി സിയുടെ പ്രീ-ട്രയൽ ചേംബർ നിരസിച്ചതായും ബെഞ്ചമിൻ നെതന്യാഹുവിനും യോവ് ഗാലൻ്റിനുമെതിരെ വാറണ്ട് പുറപ്പെടുവിക്കുന്നതായും ഐ സി സി പ്രസ്താവനയിലൂടെ അറിയിച്ചു.
ജൂലൈയിൽ ഗാസയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്ന ഹമാസ് നേതാവാണ് മുഹമ്മദ് ദെയ്ഫ്. വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇത് നടപ്പിലാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഐ സി സി യുടെ 124 അംഗരാജ്യങ്ങളാണ്. ഇസ്രയേലോ അവരുടെ സഖ്യകക്ഷിയായ അമേരിക്കയോ ഇതില്‍ ഉള്‍പ്പെടുന്നില്ല.

മെയ് മാസത്തിൽ ഐ സി സി പ്രോസിക്യൂട്ടർ കരീം ഖാൻ നെതന്യാഹു, ഗാലൻ്റ്, ഡെയ്ഫ് എന്നിവരും കൊല്ലപ്പെട്ട മറ്റ് രണ്ട് ഹമാസ് നേതാക്കളായ ഇസ്മായിൽ ഹനിയേയ്ക്കും യഹ്യ സിൻവാറിനുമെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദെയ്ഫ് കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ മരണം സ്ഥിരീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് ഐ സി സി ചേംബർ വ്യക്തമാക്കിയത്.
2023 ഒക്ടോബർ 7 ന് ഹമാസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഹമാസ് നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇസ്രായേലിന്റെ തെക്കന്‍ മേഖല ആക്രമിച്ച് 1200 ഓളം പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. ഇതിന് മറുപടിയായി ഇസ്രായേല്‍ നടത്തുന്ന പ്രത്യാക്രമണത്തില്‍ ഇതുവരെ 44000 പേർ കൊല്ലപ്പെട്ടുവെന്നാണ് ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്
ഹമാസ് നേതാക്കൾക്കെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും ഉന്മൂലനം ഉൾപ്പെടെയുള്ള യുദ്ധക്കുറ്റങ്ങളും ആരോപിക്കപ്പെടുന്നുണ്ട്. സിവിലിയന്മാർക്കെതിരായ ബോധപൂർവമായ ആക്രമണങ്ങളും പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കല്‍, ഉന്മൂലനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളുമാണ് ആരോപിക്കുന്നത്.
അതേസമയം, ഐ സി സിയുടെ അറസ്റ്റ് വാറണ്ട് വാര്‍ത്തകളില്‍ നെതന്യാഹു അസ്വസ്ഥനാണെന്നും അസാധാരണമായ സമ്മർദത്തിലാണെന്നുമുള്ള വാർത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മുതിർന്ന ഇസ്രായേല്‍ നേതാക്കള്‍ ടെല്‍ അവീവില്‍ അടിയന്തര യോഗം ചേർന്ന് ഐ സി സിയുടെ നീക്കങ്ങള്‍ ചർച്ചചെയ്യുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications