അവധിയിലുള്ള ജീവനക്കാരനെ ഓഫീസ് കാര്യത്തിന് വിളിച്ചാല്‍ വന്‍ പിഴ; പുതിയ നയം നടപ്പാക്കി കമ്പനി
മുംബൈ: അവധി ദിനങ്ങളില്‍ ഓഫീസില്‍ നിന്നുള്ള കോളുകളോ സന്ദേശങ്ങളോ ഉണ്ടാക്കുന്ന അലോസരം ചെറുതൊന്നുമല്ല. തിരക്ക് പിടിച്ച ഓഫീസ് ജിവിതത്തില്‍ വീണ് കിട്ടുന്ന അവധി ദിവസങ്ങള്‍ മറ്റെന്തെങ്കിലും വിനോദ പ്രവൃത്തികള്‍ക്കായി മാറ്റി വെക്കുമ്പോഴായിരിക്കും ഇത്തരത്തില്‍ ജോലി സംബന്ധമായ കാര്യങ്ങളില്‍ എന്തെങ്കിലും ഫോണ്‍ കോളോ മെസേജുകളോ വരുന്നത്.
എന്നാല്‍ ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഒരു കമ്പനി. ഫാന്റസി സ്പോര്‍ട്സ് പ്ലാറ്റ്ഫോം ആയ ഡ്രീം 11 ആണ് പുതിയ തൊഴില്‍ നയം ആവിഷ്‌കരിച്ചിരിക്കുന്നത്. ജീവനക്കാര്‍ അവധിയിലായിരിക്കുമ്പോള്‍ ഓഫീസ് കാര്യങ്ങളുമായി ബന്ധപ്പെട്ട് ഫോണ്‍ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്ത് അവരെ ശല്യപ്പെടുത്തിയാല്‍ വന്‍ പിഴ ഈടാക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ജീവനക്കാരെ അവരുടെ അവധിക്കാലം സമാധാനത്തോടെ ആസ്വദിക്കാന്‍ അനുവദിക്കണം എന്നാണ് കമ്പനി നയം. ഡ്രീം 11 ന്റെ അണ്‍പ്ലഗ് പോളിസിയില്‍ പറയുന്നത് ജോലിയുമായി ബന്ധപ്പെട്ട ഇ മെയിലുകള്‍, സന്ദേശങ്ങള്‍, കോളുകള്‍, കൂടാതെ അവരുടെ സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് പോലും ജീവനക്കാര്‍ക്ക് ഒരാഴ്ച അവധിയെടുക്കാമെന്നാണ്. ലിങ്ക്ഡ് ഇന്‍ പോസ്റ്റില്‍ ആണ് ഇക്കാര്യം കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

അവധിയിലായിരിക്കുന്ന ജീവനക്കാരനെ സഹപ്രവര്‍ത്തകന്‍ ഓഫീസ് കാര്യത്തിന് ബന്ധപ്പെട്ടാല്‍ അയാളില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്ന് കമ്പനിയുടെ സ്ഥാപകരായ ഹര്‍ഷ് ജെയ്‌നും ഭവിത് സേത്തും അറിയിച്ചു. കമ്പനിയിലെ എല്ലാവര്‍ക്കും അവരുടെ സ്ഥാനം, ശമ്പളം എന്നിവ പരിഗണിക്കാതെ 'അണ്‍പ്ലഗ്' സമയം ലഭിക്കും. കമ്പനി ഒരു ജീവനക്കാരനെ ആശ്രയിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് നയം നടപ്പാക്കിയത് എന്നാണ് അധികൃതര്‍ ഇതിന് പറയുന്ന ന്യായം.

അതേസമയം കമ്പനിയുടെ പുതിയ നയത്തില്‍ ജീവനക്കാര്‍ ഏറെ സന്തുഷ്ടരാണെന്ന് പറയപ്പെടുന്നു. 'എല്ലാ കമ്പനി സിസ്റ്റങ്ങളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നും മാറി നില്‍ക്കാന്‍ ജീവനക്കാരെ അനുവദിക്കുന്നത് ഒരാള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ആനുകൂല്യങ്ങളില്‍ ഒന്നാണ്. ഏഴ് ദിവസത്തേക്ക് വര്‍ക്ക് കോളുകള്‍, ഇമെയിലുകള്‍, വാട്ട്സ്ആപ്പ് എന്നിവയില്‍ നിന്ന് അവധിയെടുക്കാന്‍ സാധിക്കുന്നത് നല്ല കാര്യമാണ്.

നെറ്റ് വര്‍ക്ക് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് ട്രംക്കിംഗിനും മറ്റും പോകുന്ന ജീവനക്കാരെ സംബന്ധിച്ച് പുതിയ നയം വലിയ കാര്യമാണ് എന്ന് ഒരു ജീവനക്കാരന്‍ പറയുന്നു. ജോലിയില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുന്ന സമയം ഒരാളെ പുനരുജ്ജീവിപ്പിക്കാനും വിശ്രമിക്കാനും അയാളുടെ ഏറ്റവും മികച്ച പ്രകടനം നല്‍കുന്നതിനും സഹായിക്കുമെന്ന് ഒരു ഡ്രീം 11 ജീവനക്കാരന്‍ പറയുന്നു.












Click it and Unblock the Notifications