'യുദ്ധം അവസാനിപ്പിക്കാൻ ഇറാന് താത്പര്യം ഉണ്ടെങ്കിൽ അവർക്ക് ഞങ്ങളെ ഫോണിൽ വിളിക്കാം'; ട്രംപ്
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് തങ്ങളെ വിളിക്കാമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അവർക്ക് ആണവായുധങ്ങൾ പാടില്ലെന്നതാണ് ഞങ്ങൾ മുന്നോട്ട് വെയ്ക്കുന്ന പ്രധാന നിർദേശം. അത് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ചർച്ച തുടരുന്നതിൽ യാതൊരു കാര്യവുമില്ലെന്നും ട്രംപ് പറഞ്ഞു.
'അവർക്ക് സംസാരിക്കണമെങ്കിൽ അവർക്ക് ഞങ്ങളുടെ അടുത്തേക്ക് വരാം, അല്ലെങ്കിൽ ഞങ്ങളെ വിളിക്കാം. ഒരു ടെലിഫോൺ ഉണ്ടെന്ന് അറിയാമല്ലോ. ഞങ്ങൾക്ക് മികച്ച സുരക്ഷിതമായ ലൈനുകളുണ്ട്," ഫോക്സ് ന്യൂസിൻ്റെ 'ദ സൺഡേ ബ്രീഫിംഗ്' എന്ന പരിപാടിയിൽ നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. കരാറിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് അവർക്കറിയാം. ഇത് വളരെ ലളിതമാണ്, അവർക്ക് ആണവായുധങ്ങൾ പാടില്ല, അല്ലാത്തപക്ഷം കൂടിക്കാഴ്ച നടത്തുന്നതിൽ അർത്ഥമില്ല', ട്രംപ് പറഞ്ഞു.

അതേസമയം,യുഎസ് പ്രതിനിധികളുടെ അഭാവത്തിലും ഇറാൻ വിദേശകാര്യ മന്ത്രിഅബ്ബാസ് അരാഗ്ചി പാകിസ്ഥാനിൽ ചർച്ചകൾക്കായി മടങ്ങിയെത്തി. ഇവിടെ നിന്നും ഒമാനിലേക്ക് പോയ അദ്ദേഹം ഭരണാധികാരി ഹൈതം ബിൻ താരിഖ് അൽ-സെയ്ദുമായി കൂടിക്കാഴ്ച നടത്തി.കടലിടുക്കിലെ സുരക്ഷയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യുകയും, ബാഹ്യ ഇടപെടലുകളില്ലാത്ത ഒരു പ്രാദേശിക സുരക്ഷാ ചട്ടക്കൂടിന് അരാഗ്ചി ആഹ്വാനം ചെയ്യുകയും ചെയ്തതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പിന്നീട് അറഖ്ചി ഇസ്ലാമാബാദിലേക്ക് മടങ്ങിയതായി ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയിലേക്ക് പോകുന്നതിന് മുമ്പ് രാജ്യത്തെ നേതൃത്വവുമായി അദ്ദേഹം ചർച്ചകൾ നടത്തുമെന്ന് പാകിസ്ഥാൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ പുതിയ നിയമപരമായ സംവിധാനം നടപ്പിലാക്കുക, നഷ്ടപരിഹാരം നേടുക, യുദ്ധക്കൊതിയന്മാരുടെ സൈനിക ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുക, നാവിക ഉപരോധം നീക്കുക എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളാണ് അരാഗ്ചി പാക് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തേക്കുകയെന്നാണ് ഇറാൻ്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ടസ്നിം റിപ്പോർട്ട് ചെയ്തത്. ഈ ചർച്ചകൾ ഇറാൻ്റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ടതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ യുഎസിൽ നിന്നുള്ള പ്രതിനിധികളുടെ പാക്കിസ്ഥാൻ സന്ദർശനം റദ്ദാക്കിയത് വളരെയധികം യാത്രകളും ചെലവുകളും കൊണ്ടാണെന്നും ഇറാൻ്റെ വാഗ്ദാനം പര്യാപ്തമല്ലെന്ന് താൻ കരുതുന്നതുകൊണ്ടുമാണെന്നും ട്രംപ് പറഞ്ഞു. നേരത്തെ ഇസ്ലാമാബാദിൽ നടന്ന ചർച്ചകളിൽ യുഎസ് സംഘത്തെ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബഫും നയിച്ചെങ്കിലും ഒരു ധാരണയിലെത്താതെ ചർച്ച അവസാനിച്ചു.
അതേസമയം ഭീഷണിയുടെയോ ഉപരോധത്തിൻ്റെയോ സാഹചര്യത്തിൽ "അടിച്ചേൽപ്പിക്കപ്പെട്ട ചർച്ചകൾക്ക്" ഇറാൻ തയ്യാറല്ലെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ഫോണിൽ അറിയിച്ചതായി ഇറാൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ചർച്ചക്കാർക്ക് ഒരു ഒത്തുതീർപ്പിന് കളമൊരുക്കാൻ സാധിക്കുന്നതിന് മുമ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് അതിൻ്റെ സമുദ്ര ഉപരോധം ഉൾപ്പെടെയുള്ള തടസ്സങ്ങൾ ആദ്യം നീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications