സൗദി അറേബ്യ പിന്മാറിയാല്‍ ഇന്ത്യ കുടുങ്ങുമോ? 22 ദിവസം ആശങ്ക വേണ്ട, ഹോര്‍മുസ് വിഷയമല്ല
ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 77 ഡോളര്‍ പിന്നിട്ടു. ലോക ക്രൂഡ് ചരക്ക് കടത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് ഇറാന്‍ അടച്ചാല്‍ വില വീണ്ടും ഉയരും. 110 ഡോളര്‍ വരെ ഉയരുമെന്നാണ് കരുതുന്നത്. എന്നാല്‍ 2008ലെ സാമ്പത്തിക പ്രതിസന്ധി കാലത്തും റഷ്യ-യുക്രൈന്‍ യുദ്ധ കാലത്തും ഉയര്‍ന്ന വിലയോളം വരില്ലെന്നാണ് നിഗമനം.
ഹോര്‍മുസ് കടലിടുക്ക് അടയ്ക്കില്ലെന്നും എണ്ണ വിപണി താളം തെറ്റിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നുമാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ അറ്റകൈ പ്രയോഗം എന്ന നിലയില്‍ ഇറാന്‍ ഹോര്‍മുസ് അടച്ചേക്കാം. ഇറാനും ഒമാനും മാത്രം നിയന്ത്രണമുള്ള കടല്‍പാതയാണിത്. ഇറാന്‍ പ്രധാന സൈനിക ശക്തി ആയതുകൊണ്ടുതന്നെ അവര്‍ക്കാണ് മേല്‍ക്കൈ.

ഹോര്‍മുസിന് ഇരുഭാഗത്തും ടാങ്കറുകളും ചരക്കു കപ്പലുകളും യാത്ര തടയപ്പെട്ട് നില്‍ക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിലൂടെ കടക്കാന്‍ ശ്രമിച്ച കപ്പലുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇതാണ് മറ്റു ടാങ്കറുകള്‍ പിന്നാക്കം നില്‍ക്കാന്‍ കാരണം. ഈ അവസ്ഥ തുടര്‍ന്നാല്‍ ഇന്ത്യയുടെ കയറ്റുമതി, ഇറക്കുമതി എന്നിവയെ ബാധിക്കും.
പശ്ചിമേഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഹോര്‍മുസിലൂടെയാണ്. പശ്ചിമേഷ്യയില്‍ നിന്ന് ഏഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍, വാതകം ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെ വരവും ഹോര്‍മുസിലൂടെ തന്നെ. യുദ്ധം തുടര്‍ന്നാല്‍ ഇറാന്‍ ഹോര്‍മുസ് സ്തംഭിപ്പിച്ചേക്കും. ഇത് ഇന്ത്യയ്ക്കും തിരിച്ചടിയാകും. എന്നാല്‍ ഇന്ത്യ ബദല്‍മാര്‍ഗം തേടാന്‍ ആരംഭിച്ചു.
ഇന്ത്യയ്ക്ക് ആശങ്ക വേണ്ട, മാര്‍ഗമുണ്ട്
ഇന്ത്യയുടെ വാണിജ്യ ക്രൂഡ് ഓയില്‍ ശേഖരം രണ്ടാഴ്ചത്തേക്കുണ്ട്. കൂടാതെ പെട്രോളിയം ഇന്ധനങ്ങളുടെ സംഭരണം ഒരാഴ്ച്ചത്തേക്കുമുണ്ട്. അതായത്, മൂന്നാഴ്ച ഇന്ത്യയ്ക്ക് ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ യുദ്ധം എത്ര നാള്‍ നീളുമെന്ന് പറയാന്‍ വയ്യ. നാലാഴ്ച്ചയ്ക്കകം യുദ്ധം തീരുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറയുന്നത്. ആദ്യം മൂന്ന് ദിവസം പറഞ്ഞിരുന്ന യുഎസ് ഇപ്പോള്‍ സമയം നീട്ടിയിരിക്കുകയാണ്. എന്നാല്‍ ശത്രുവിനെ പരാജയപ്പെടുത്തുംവരെ യുദ്ധം തുടരുമെന്ന് ഇറാന്‍ പറയുന്നു.
ഹോര്‍മുസ് ഒഴിവാക്കി കിഴക്കന്‍ പാതകളിലൂടെ കപ്പല്‍ ചരക്കുകള്‍ എത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഈ വഴി ചെലവേറിയതാണെങ്കിലും ഇന്ത്യയ്ക്ക് ഉപയോഗിക്കാം. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇതിലൂടെയാണ് ഇന്ത്യയിലേക്ക് വരുന്നത്. അമേരിക്കയുമായുള്ള വാണിജ്യ കരാറിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇന്ത്യ കുറച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇറക്കുമതി വര്‍ധിപ്പിച്ചാലും അമേരിക്ക ഇടപെടില്ലെന്നാണ് കരുതുന്നത്.
ക്രൂഡ് വില വര്‍ധിക്കുകയും ഇന്ത്യന്‍ കമ്പനികള്‍ തിരിച്ചെത്തുകയും ചെയ്താല്‍ റഷ്യയ്ക്ക് വലിയ നേട്ടമാകും. കൂടാതെ ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയും ഇന്ത്യ സജീവമാക്കുമെന്നാണ് വിവരം. യുഎഇയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ ഇന്ത്യ ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സൗദിയിലെയും ഇറാഖിലെയും ക്രൂഡ്, ഖത്തറിലെ വാതകം എന്നിവ നിലച്ചാലും ഇന്ത്യയ്ക്ക് ബദല്‍മാര്‍ഗങ്ങളുണ്ട്. അല്‍പ്പം ചെലവേറിയതാകുമെന്ന് ചുരുക്കം.












Click it and Unblock the Notifications