പാകിസ്താനില്‍ പ്രതിഷേധം വ്യാപിക്കുന്നു; സൈനിക ആസ്ഥാനത്ത് കടന്ന് സമരക്കാര്‍
ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാകിസ്താനില്‍ ജനരോഷം ശക്തമാകുന്നു. അദ്ദേഹത്തിന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) പ്രവര്‍ത്തകരാണ് രാജ്യവ്യാപകമായ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇവര്‍ ലാഹോറിലെ സൈനിക ആസ്ഥാനത്ത് കടന്ന് നാശനഷ്ടങ്ങള്‍ വരുത്തി.
ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ വാദം കേള്‍ക്കാനെത്തവെ ഇന്ന് ഉച്ചയ്ക്കാണ് ഇമ്രാന്‍ ഖാനെ പാകിസ്താന്റെ അര്‍ധ സേനാ വിഭാഗം അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ അദ്ദേഹത്തെ മര്‍ദ്ദിച്ചുവെന്ന് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചിരുന്നു. മാത്രമല്ല, ഇമ്രാന്റെ അഭിഭാഷകന്റെ രക്തംപുരണ്ട വസ്ത്രങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.

രാജ്യവ്യാപകമായ സമരത്തിന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്കുള്ള അവസാന അവസരമാണിത് എന്നാണ് നേതാക്കള്‍ ജനങ്ങളോട് പറഞ്ഞത്. തൊട്ടുപിന്നാലെയാണ് പല ഭാഗങ്ങളിലും പ്രതിഷേധം തുടങ്ങിയത്. പിടിഐക്ക് ശക്തമായ സ്വാധീനമുള്ള ലാഹോറില്‍ വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റാവല്‍പിണ്ടിയില്‍ സമരക്കാരെത്തിയത്.
ലാഹോറിലെ സൈനിക കമാന്റര്‍മാരുടെ വസതിയിലേക്കാണ് സമരക്കാര്‍ ആദ്യമെത്തിയത്. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തും പ്രതിഷേധക്കാര്‍ കടന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പ്രതിഷേധ സാധ്യത മുന്‍കൂട്ടി കണ്ട് ഇമ്രാന്റെ അറസ്റ്റിന് പിന്നാലെ ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പല ഭാഗങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്.
ലാഹോര്‍ കന്റോണ്‍മെന്റിലെ കമാന്റേഴ്‌സ് ഹൗസിലേക്ക് സമരക്കാര്‍ എത്തിയത് അപ്രതീക്ഷിതമായിട്ടാണ്. ഇമ്രാന്‍ ഖാനെ പീഡപ്പിക്കുന്നത് അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായിട്ടാണ് പ്രതിഷേധക്കാരെത്തിയത്. ഇവിടെയുള്ള ബെഞ്ചുകളും അലങ്കാരങ്ങളും സമരക്കാര്‍ അലങ്കോലമാക്കി. റാവല്‍പിണ്ടി സേനാ ആസ്ഥാനത്തേക്ക് കല്ലേറുണ്ടായി.
അല്‍ ഖാദിര്‍ ട്രസ്റ്റ് കേസിലാണ് ഇമ്രാന്‍ ഖാനെ ഇന്ന് അറസ്റ്റ് ചെയ്തത്. തന്നെ വധിക്കാന്‍ ശ്രമം നടന്നുവെന്നും ഇതിന് പിന്നില്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു. ഇക്കാര്യം സൈന്യം നിഷേധിച്ച പിന്നാലെയാണ് ഹൈക്കോടതി വളപ്പില്‍ വച്ച് ഇമ്രാന്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.












Click it and Unblock the Notifications