മുന്‍ ചീഫ് ജസ്റ്റിസ് ഇടക്കാല പ്രധാനമന്ത്രി; നാമനിര്‍ദ്ദേശവുമായി ഇമ്രാന്‍ ഖാന്‍, എതിര്‍ത്ത് പ്രതിപക്ഷം
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിനെ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്ത് ഇമ്രാന്‍ഖാന്‍. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷമാണ് ഇമ്രാന്‍ ഖാന്‍ തീരുമാനമെടുത്തതെന്ന് മുന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയും പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഫവാദ് ചൗധരി പറഞ്ഞു. ഇടക്കാല പ്രധാനമന്ത്രിയെ നിയമിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ട് പ്രസിഡന്റ് ആരിഫ് അല്‍വി തിങ്കളാഴ്ച ഇമ്രാന്‍ ഖാനും പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫിനും കത്തയച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
പ്രസിഡന്റിന്റെ കത്തിന് മറുപടിയായി, പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റിയുടെ കൂടിയാലോചനയ്ക്കും അംഗീകാരത്തിനും ശേഷം, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ മുന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിനെ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നെന്ന് ഫവാദ് ചൗധരി പറഞ്ഞു. പാര്‍ലമെന്റ് പിരിച്ചുവിട്ട് മൂന്ന് ദിവസത്തിനകം നിയമനത്തില്‍ യോജിപ്പില്ലെങ്കില്‍, സ്പീക്കര്‍ രൂപീകരിക്കുന്ന ഒരു കമ്മിറ്റിക്ക് രണ്ട് നോമിനികളെ വീതം അയക്കണമെന്ന് പ്രസിഡന്റ് അല്‍വി തന്റെ കത്തില്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുമായും പുറത്താക്കപ്പെടുന്ന ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവുമായും കൂടിയാലോചിച്ച് ഒരു കാവല്‍ പ്രധാനമന്ത്രിയെ നിയമിക്കാന്‍ ഭരണഘടന പ്രസിഡന്റിന് അധികാരം നല്‍കിയിട്ടുണ്ട്. പ്രസിഡന്റ് ആല്‍വി പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് ഒരു താല്‍ക്കാലിക പ്രധാനമന്ത്രിയെ നിയമിക്കുന്നത് വരെ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി തുടരണം. അതേസമയം, താന്‍ ഈ പ്രക്രിയയില്‍ പങ്കെടുക്കില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും പ്രസിഡന്റും ഇമ്രാന്‍ ഖാനും നിയമം ലംഘിച്ചെന്നും പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷ നേതാവിന് മറുപടിയുമായി ഫവാദ് ചൗധരി രംഗത്തെത്തി. പാകിസ്ഥാന്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. താന്‍ ഈ പ്രക്രിയയുടെ ഭാഗമാകില്ലെന്ന് ഷെഹ്ബാസ് പറഞ്ഞു, അത് അദ്ദേഹത്തിന്റെ തീരുമാനമാണെന്ന് ഫവാദ് ചൗധരി വ്യക്തമാക്കി. ഞങ്ങള്‍ ഇന്ന് രണ്ട് പേരുകള്‍ (പ്രസിഡന്റിലേക്ക്) അയച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം പ്രതിപക്ഷ നേതാവ് പേരുകള്‍ അയച്ചില്ലെങ്കില്‍, ഇതില്‍ ഒരെണ്ണം അന്തിമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ തുടരുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് കാബിനറ്റ് സെക്രട്ടേറിയറ്റ് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നിരുന്നാലും, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 94 പ്രകാരം, 'തന്റെ പിന്‍ഗാമി പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രവേശിക്കുന്നത് വരെ ആ പദവിയില്‍ തുടരാന്‍ പ്രധാനമന്ത്രിയോട് പ്രസിഡന്റിന് ആവശ്യപ്പെടാവുന്നതാണ്. പാകിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 224 എ (4) പ്രകാരം ഇടക്കാല പ്രധാനമന്ത്രിയെ നിയമിക്കുന്നത് വരെ ഇമ്രാന്‍ അഹമ്മദ് ഖാന്‍ നിയാസി പ്രധാനമന്ത്രിയായി തുടരുമെന്ന് പ്രസിഡന്റ് ട്വീറ്റില്‍ അറിയിച്ചു.
342 അംഗ ദേശീയ അസംബ്ലിയില്‍ ഫലത്തില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി നിരസിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഉപദേശപ്രകാരം പ്രസിഡന്റ് ആല്‍വി ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. പാകിസ്ഥാന്‍ ഇനി 90 ദിവസങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുപ്പിനെ നേരിടും. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദേശീയ അസംബ്ലി പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും രാഷ്ട്രപതിയും പുറത്തിറക്കിയ എല്ലാ ഉത്തരവുകളും നടപടികളും കോടതിയുടെ ഉത്തരവിന് വിധേയമായിരിക്കുമെന്ന് രാജ്യത്തെ രാഷ്ട്രീയ സാഹചര്യം സ്വമേധയാ മനസ്സിലാക്കിയ ശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമര്‍ അത്താ ബാന്‍ഡിയല്‍ പറഞ്ഞു. കേസിന്റെ വാദം കേള്‍ക്കുന്നത് അദ്ദേഹം ഒരു ദിവസത്തേക്ക് മാറ്റിവച്ചിരുന്നു.












Click it and Unblock the Notifications