ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. ഇമ്രാന്‍ ഖാന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണം എന്ന് രാജ്യത്തെ പരമോന്നത കോടതി ഉത്തരവിട്ടു. പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആണ് കോടതിയുടെ നിര്‍ദേശം.
ഇമ്രാന്‍ ഖാന്റെ ആരോഗ്യനിലയില്‍ ആശങ്കകള്‍ ഉന്നയിച്ചിരുന്ന അദ്ദേഹത്തിന്റെ പാര്‍ട്ടിയായ 'പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫി'ന്റെയും (പിടിഐ) കുടുംബത്തിന്റെയും ദീര്‍ഘകാലത്തെ ആവശ്യപ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2022-ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന്, 2023 ഓഗസ്റ്റ് മുതല്‍ ജയിലിലാണ് ഇമ്രാന്‍ ഖാന്‍.

73 കാരനായ ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയാണ്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതില്‍ മക്കള്‍ പലതവണ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജയിലില്‍ കഴിയുന്നതിനിടെ അദ്ദേഹത്തിന്റെ വലത് കണ്ണിന്റെ കാഴ്ചശക്തിക്ക് കാര്യമായ കുറവ് സംഭവിച്ചതായി അഭിഭാഷകര്‍ പറയുകയുണ്ടായി. അതേസമയം കോടതി വിധി സ്വാഗതാര്‍ഹമാണ് എന്ന് പിടിഐ വക്താവ് സുല്‍ഫിക്കര്‍ ബുഖാരി പറഞ്ഞു.
'വളരെ സ്വാഗതാര്‍ഹമായ ഉത്തരവാണ്. ഇത് നേരത്തെ സംഭവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കണ്ണിന്റെയും പൊതുവായ ആരോഗ്യത്തിന്റെയും അവസ്ഥ ഇത്രത്തോളം വഷളാകുമായിരുന്നില്ല. ഡോക്ടര്‍മാര്‍ക്കെല്ലാം പൂര്‍ണ്ണ തൃപ്തിയാകുന്നത് വരെ ഇമ്രാന്‍ ഖാന്‍ ആശുപത്രിയില്‍ തുടരണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.48 മണിക്കൂറിനുള്ളില്‍ ഇമ്രാന്‍ ഖാനെ ഷിഫ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലിലേക്ക് മാറ്റണം എന്നാണ് കോടതി നിര്‍ദേശം.
സെപ്റ്റംബര്‍ 16 വരെ അദ്ദേഹം അവിടെ തുടരും. ഖാന്റെ ആരോഗ്യനില വിലയിരുത്തുന്നതിനായി ഒരു മെഡിക്കല്‍ ബോര്‍ഡും രൂപീകരിക്കും. അദ്ദേഹത്തിന്റെ വ്യക്തിഗത ഡോക്ടറും സഹോദരി ഡോ. അലീമ ഖാനും ഇതില്‍ ഉള്‍പ്പെടും. നേരത്തെ ഖാന്റെ ആരോഗ്യനില വഷളായെന്ന് അവകാശപ്പെട്ടുകൊണ്ട് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആരിഫ് അല്‍വി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
മുന്‍ പ്രധാനമന്ത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണെന്നും, അദ്ദേഹത്തിന്റെ ഹൃദയമിടിപ്പിലെ വ്യതിയാനം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയില്‍ ആശങ്കയുണ്ടെന്നും അല്‍വി പറഞ്ഞു. ഖാന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതായും അവ 'ആശങ്കാജനകമാണെന്ന്' കണ്ടെത്തിയതായും അല്‍വി വ്യക്തമാക്കി. ഉറക്കമില്ലായ്മയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെങ്കിലും, അദ്ദേഹം കഴിക്കുന്ന മരുന്നുകളില്‍ നിന്ന് അത് സൂചിപ്പിക്കപ്പെടുന്നുണ്ടെന്നും അല്‍വി പറഞ്ഞു.
'35 വര്‍ഷത്തിലേറെയായി എനിക്ക് ഇമ്രാന്‍ ഖാനെ അറിയാം. മാനസിക സമ്മര്‍ദ്ദം ഒരിക്കലും അദ്ദേഹത്തിന്റെ ബലഹീനതയായിരുന്നില്ല. അത് ഇപ്പോള്‍ ഉയര്‍ന്ന തലത്തിലെത്തിയിരിക്കുന്നു എന്നത്, മൂന്ന് വര്‍ഷത്തെ ജയില്‍വാസവും പൂര്‍ണ്ണമായ ഒറ്റപ്പെടലും അദ്ദേഹത്തെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണ്,' അദ്ദേഹം പറഞ്ഞു.
അവിശ്വാസ പ്രമേയത്തിലൂടെ അധികാരം നഷ്ടപ്പെട്ടതുമുതല്‍, ഔദ്യോഗിക സമ്മാനങ്ങള്‍ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടതും നിയമവിരുദ്ധമായ വിവാഹവും ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഖാന്‍ നിയമനടപടി നേരിടുന്നുണ്ട്. ചില കേസുകളിലെ ശിക്ഷാവിധികള്‍ മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. അതേസമയം അപ്പീലുകള്‍ പരിഗണനയിലുണ്ട്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.
2018-ല്‍ അധികാരത്തിലെത്തിയ പിടിഐക്ക് പ്രധാന പ്രവിശ്യകളില്‍ ഇപ്പോഴും വലിയ ജനപിന്തുണയുണ്ട്. എന്നാല്‍ 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്ക് അനുവദിച്ചിരുന്ന തിരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കപ്പെട്ടതോടെ, സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വതന്ത്രരായി മത്സരിക്കേണ്ടി വന്നു.





Click it and Unblock the Notifications