ഇമ്രാന്‍ ഖാന് ചികില്‍സ നല്‍കൂ; പാകിസ്താന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് കപില്‍ ദേവ് ഉള്‍പ്പെടെയുള്ളവര്‍
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനില വഷളായി എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇടപെട്ട് മുന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇമ്രാന്‍ ഖാന് മതിയായ ചികില്‍സ നല്‍കണം എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനോട് അവര്‍ അഭ്യര്‍ഥിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് ഉള്‍പ്പെടെ 21 മുന്‍ ക്യാപ്റ്റന്‍മാരാണ് കത്തയച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ജയിലിലാണ് ഇമ്രാന്‍ ഖാന്‍. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പുറത്തായ ശേഷം നിരവധി കേസുകളാണ് ഇമ്രാന്‍ ഖാനെതിരെ എടുത്തിരിക്കുന്നത്. ചില കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഇതാണ് ജയിലില്‍ കഴിയാന്‍ കാരണം. എന്നാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം സുപ്രീംകോടതി ഇടപെടലുണ്ടായി.

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റണം എന്നാണ് സുപ്രീംകോടതി ഉത്തരവ്. കുടുംബത്തിന് അദ്ദേഹത്തെ കാണാന്‍ അനുവദിക്കണം, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. സഹോദരിയും ഡോക്ടറുമായ ഉസ്മാ ഖാനെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. ഇതോടെ വലിയ ആശ്വാസത്തിലാണ് കുടുംബം. അതിനിടെയാണ് പഴയ സഹതാരങ്ങളുടെ ഇടെപടല്‍.
ഇമ്രാന്‍ ഖാനോട് മാനുഷിക പരിഗണന കാണിക്കണം എന്ന് ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ഭേദപ്പെട്ട ചികില്‍സ നല്‍കണം. രാഷ്ട്രീയം നോക്കിയല്ല ആവശ്യപ്പെടുന്നത്. പഴയ സഹ താരങ്ങള്‍ എന്ന നിലയിലാണ്. അതിര്‍ത്തികള്‍ക്ക് അപ്പുറത്ത് നിന്നുള്ള ആവശ്യത്തില്‍ രാഷ്ട്രീയം കാണരുതെന്നും തങ്ങള്‍ ആറ് മാസം മുമ്പും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു എന്നും താരങ്ങള്‍ തുറന്ന കത്തില്‍ പറയുന്നു.
ഇമ്രാന്‍ ഖാന്റെ ആരോഗ്യനില വഷളായി എന്ന് ആറ് മാസം മുമ്പും വിവരങ്ങളുണ്ടായിരുന്നു. ഈ വേളയില്‍ ചികില്‍സ ലഭ്യമാക്കണം എന്ന് 14 മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാരാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ 21 പേരാണ് ആവശ്യപ്പെട്ടത്. കോടതി നിര്‍ദേശം നല്‍കിയിട്ടും ഇമ്രാന്‍ ഖാന് മതിയായ ചികില്‍സ അനുവദിക്കുന്നില്ല എന്ന ആക്ഷേപമുണ്ട്. പൂര്‍ണ ആരോഗ്യവാനാണ് എന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം പറയുന്നത്. സര്‍ക്കാര്‍ പക തീര്‍ക്കുകയാണ് എന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐ ആരോപിക്കുന്നു.
സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് എന്നിവര്‍ക്ക് പുറമെ, മൈക്കല്‍ അതര്‍ടണ്‍, മൈക്കല്‍ ബ്രിയര്‍ലി, സര്‍ അലാസ്റ്റയര്‍ കുക്ക്, ഡേവിഡ് ഗോവര്‍, നാസര്‍ ഹുസൈന്‍, സര്‍ ആന്‍ഡ്രു സ്‌ട്രോസ്, അലന്‍ ബോഡര്‍, ഗ്രേഗ് ചാപ്പല്‍, ഇയാന്‍ ചാപ്പല്‍, കിം ഹഗസ്, സ്റ്റീഫന്‍ വോ, ദിലീപ് വെങ്‌സര്‍ക്കാര്‍, സര്‍ ക്ലിവ് ലോയ്ഡ്, അര്‍ജുന രണതുങ്ക, ജോണ്‍ റൈറ്റ് തുടങ്ങിയവരെല്ലാം കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.





Click it and Unblock the Notifications