ഇമ്രാന്‍ ഖാന് വേണ്ടത് ചപ്പാത്തി ഉണ്ടാക്കല്‍; മുന്‍ ഭാര്യ മനസുതുറക്കുന്നു
ലണ്ടന്‍: വിവാഹമോചനം പ്രഖ്യാപിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇമ്രാന്‍ ഖാനും മുന്‍ ഭാര്യ രെഹം ഖാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ അവസാനിക്കുന്നില്ല. വിവാഹ മോചനത്തിന്റെ പലകഥകളും മാധ്യമങ്ങളില്‍ നിറയവെ പുതിയ വെളിപ്പെടുത്തലുമായി രെഹം തന്നെ രംഗത്തെത്തി. തന്നെ അടുക്കളയില്‍ തളച്ചിടാന്‍ ഇമ്രാന്‍ ഖാന്‍ ശ്രമിച്ചുവെന്നാണ് രെഹം ഖാന്‍ ആരോപിക്കുന്നത്.
ഇതാദ്യമായാണ് അവര്‍ വിവാഹമോചനത്തെക്കുറിച്ച് പ്രതികരിക്കുന്നത്. ഇമ്രാന്‍ ഖാന് വേണ്ടത് താന്‍ ചപ്പാത്തി ഉണ്ടാക്കി അടുക്കളയില്‍ ഒതുങ്ങിക്കഴിയാനാണ്. വിവാഹശേഷം വീട്ടിനുള്ളില്‍ അടച്ചിട്ടു വളര്‍ത്തുകയായിരുന്നു തന്നെ. എന്നാല്‍, പൊതുപ്രവര്‍ത്തനവും മറ്റുമായി സജീവമായിരുന്ന തനിക്ക് അടുക്കളയില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ സാധിക്കില്ലെന്ന് രെഹം പറഞ്ഞു.

42കാരിയായ രെഹം മുന്‍ ബിബിസി അവതാരക കൂടിയാണ്. വിവാഹശേഷം അവര്‍ ജോലി ഉപേക്ഷിച്ചിരുന്നു. തെരുവു കുട്ടികള്‍ക്കുവേണ്ടിയുള്ള അംബാസഡര്‍ കൂടിയായിരുന്നു രെഹം. എന്നാല്‍, വിവാഹശേഷം തനിക്ക് തനിക്ക് അംബാസഡറെന്ന നിലയില്‍ പരിപാടികളില്‍ പങ്കെടുക്കാനും മറ്റും സാധിച്ചിരുന്നില്ലെന്ന് രെഹം പറഞ്ഞു.
മൂന്നു കുട്ടികളുടെ അമ്മകൂടിയായ രെഹം പത്തുമാസങ്ങള്‍ക്കു മുന്‍പാണ് 62കാരനായ ഇമ്രാന്‍ ഖാനെ വിവാഹം ചെയ്യുന്നത്. എന്നാല്‍ ഇവരുടെ ബന്ധം പലകാരണങ്ങള്‍ കൊണ്ടും തുടരാനാകാതെ അവസാനിക്കുകയായിരുന്നു. രെഹം ഖാന് രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള താത്പര്യമാണ് വിവാഹ മോചനത്തില്‍ കലാശിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇമ്രാന്‍ ഖാന്റെ വളര്‍ത്തു പട്ടികളോടുളള രെഹത്തിന്റെ പെരുമാറ്റമാണ് ഇരുവരും പിരിയാന്‍ ഇടയായതെന്നും വാര്‍ത്തകള്‍ വന്നു.












Click it and Unblock the Notifications