സ്വർണം തിരഞ്ഞ് ഗുഹയിൽ, ഒരാഴ്ചയായി ഉള്ളിൽ കുടുങ്ങി 7 പേരുടെ സംഘം, രക്ഷാദൗത്യം ദുർഘടം
സ്വർണം തിരഞ്ഞ് പോയി ലാവോസിലെ ഗുഹയ്ക്കുള്ളിൽ കുടുങ്ങി 7 പേർ. വെള്ളം നിറഞ്ഞ ഗുഹയ്ക്കുളളിൽ ഒരാഴ്ചയായി കുടുങ്ങി കിടക്കുന്നവർക്കായുളള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥയും ദുർഘടമായ ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാകുന്നുണ്ട്. ഗുഹയിൽ കുടുങ്ങിയതിന് ശേഷം ഇവരുമായി യാതൊരുവിധ ബന്ധവും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
മേയ് 19നാണ് ഈ ഗ്രാമീണർ സെയ്‌സോംബൂൺ പ്രവിശ്യയിലെ ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചത്. എന്നാൽ കനത്ത മഴയെത്തുടർന്നുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം ഗുഹയുടെ പുറത്തേക്കുള്ള വഴി അടയ്ക്കുകയായിരുന്നു. ഗുഹയ്ക്ക് മുകളിലുള്ള വായുസഞ്ചാരമുള്ള ദ്വാരങ്ങളിലൂടെ ഉള്ളിലേക്ക് കടക്കാനും ആളുകളെ കണ്ടെത്താനും രക്ഷാപ്രവർത്തകർ ശ്രമിക്കുന്നുണ്ട്. 2018ൽ തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ സ്കൂൾ കുട്ടികളെ രക്ഷിച്ച ദൗത്യത്തിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡൈവർമാരും ഈ രക്ഷാപ്രവർത്തനത്തിൽ സഹായിക്കുന്നുണ്ട്.
രക്ഷാപ്രവർത്തകർ നൽകുന്ന വിവരമനുസരിച്ച് വെള്ളം നിറഞ്ഞതും ഇടുങ്ങിയതുമായ ഗുഹയ്ക്കുള്ളിലേക്ക് ഏകദേശം 100 മീറ്റർ വരെ ഡൈവർമാർക്ക് പോകാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ എത്തിയ സ്ഥലത്തുനിന്നും 30 മീറ്റർ കൂടി ഉള്ളിലായിരിക്കാം ഗ്രാമീണർ കുടുങ്ങിക്കിടക്കുന്നത് എന്നാണ് കരുതുന്നത്. ഗുഹയിലെ വെള്ളം പമ്പ് ചെയ്ത് പുറത്തുകളയാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

തലസ്ഥാനമായ വിയെന്റിയനിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ലൊങ്ചെങ് ജില്ലയിലെ ഒരു മലയോര മേഖലയിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. കനത്ത മഴയും മലനിരകളും കാരണം ഗുഹാമുഖത്തേക്ക് എത്താൻ പോലും രക്ഷാപ്രവർത്തകർക്ക് 4 കിലോമീറ്ററോളം കുത്തനെയുള്ള മല നടന്നു കയറേണ്ടി വന്നു. ഗുഹയുടെ പ്രവേശന കവാടം വളരെ ഇടുങ്ങിയതാണ്. ഉള്ളിൽ ചെളി നിറഞ്ഞ പാതകളും ഇടുങ്ങിയ തുരങ്കങ്ങളും ഉള്ളതിനാൽ ഇഴഞ്ഞു വേണം സഞ്ചരിക്കാൻ.
ഗ്രാമീണർ വളരെ സങ്കീർണമായ സാഹചര്യങ്ങളിൽ ജീവിച്ച് പരിചയം ഉളളവരാണെങ്കിലും, ഇത്രയും ദിവസമായി ശരീരത്തിൽ ആവശ്യത്തിന് ആഹാരമില്ലാത്തത് അവരെ ബാധിച്ചേക്കാം എന്ന് 2018 തായ്‌ലൻഡ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ക്ലോസ് റാസ്മുസെൻ എന്ന ഡൈവിംഗ് ട്രെയിനർ പറഞ്ഞു. കൂടാതെ ഗുഹയ്ക്കുള്ളിലെ തുരങ്കങ്ങൾ ഇടിയാനുള്ള സാധ്യതയും പരിക്കുകളും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ സ്വർണ്ണം തിരഞ്ഞു ഗുഹയിലേക്ക് പോയതെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ കാരണങ്ങളാൽ അധികൃതർ പലതവണ വിലക്കിയിട്ടും, പ്രദേശവാസികൾ സ്വർണ്ണം തിരയാനായി ഈ ഗുഹയിൽ പോകാറുണ്ടായിരുന്നു എന്ന് രക്ഷാപ്രവർത്തകർ പറയുന്നു.














Click it and Unblock the Notifications