Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് ഒരു ദിവസം മുമ്പ് പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് എന്തുകൊണ്ട്?

ഇന്ത്യയും പാകിസ്ഥാനും ഇന്നും നാളേയുമായി 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഇന്ത്യ ആഗസ്റ്റ് 15 നാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ഒരു ദിവസം മുന്‍പ്, അതായത് ഇന്നാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. 1947 ആഗസ്റ്റില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ ഈ ഭൂപ്രദേശത്തെ ഇന്ത്യയെന്നും പാകിസ്ഥാനെന്നും രണ്ട് സ്വതന്ത്രരാജ്യങ്ങളായി വിഭജിച്ചു.

എന്നാല്‍ എന്തുകൊണ്ടാണ് ഇന്ത്യയും പാകിസ്ഥാനും ഒരേ സ്വാതന്ത്ര്യം രണ്ട് വ്യത്യസ്ത ദിവസങ്ങളില്‍ ആചരിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? 1947 ജൂലൈ 18 ന് പ്രഖ്യാപിക്കപ്പെട്ട ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട്-1947 ആണ് ഇന്ത്യയ്ക്കും പാകിസ്ഥാനും ജന്മം നല്‍കിയത്. ഈ ആക്റ്റ് അനുസരിച്ച 1947 ആഗസ്റ്റ് 15 മുതല്‍ ഇന്ത്യയില്‍ രണ്ട് സ്വതന്ത്ര ഡൊമിനിയന്‍ സ്ഥാപിക്കപ്പെടും. ഇത് യഥാക്രമം ഇന്ത്യ, പാകിസ്ഥാന്‍ എന്നിങ്ങനെ അറിയപ്പെടും.

Pakistan

പാകിസ്ഥാന്റെ സ്ഥാപക പിതാവായ മുഹമ്മദ് അലി ജിന്ന രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് പ്രകാരം ആഗസ്റ്റ് 15 പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായിരുന്നു. ''ആഗസ്റ്റ് 15 സ്വതന്ത്ര പരമാധികാര രാഷ്ട്രമായ പാകിസ്ഥാന്റെ ജന്മദിനമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ ത്യാഗങ്ങള്‍ സഹിച്ച മുസ്ലിം രാഷ്ട്രത്തിന്റെ മാതൃരാജ്യത്തിന്റെ ഭാഗധേയത്തിന്റെ പൂര്‍ത്തീകരണമാണ് ഇത് സൂചിപ്പിക്കുന്നത്' എന്നായിരുന്നു അന്ന് ജിന്ന പറഞ്ഞിരുന്നത്.

1947 ആഗസ്റ്റ് 15-ന് രാവിലെയാണ് ജിന്നയും പാകിസ്ഥാന്‍ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്തതെന്ന് ദി എക്സ്പ്രസ് ട്രിബ്യൂണും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1948 ജൂലൈയില്‍ പുറത്തിറക്കിയ പാകിസ്ഥാന്റെ ആദ്യത്തെ സ്മരണിക തപാല്‍ സ്റ്റാമ്പുകള്‍ 1947 ഓഗസ്റ്റ് 15-നെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനമായി പരാമര്‍ശിക്കുന്നുണ്ട്. വിശുദ്ധ റംസാനിലെ അവസാന വെള്ളിയാഴ്ചയായതിനാല്‍ 1947 ആഗസ്റ്റ് 15 മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ശുഭദിനമായിരുന്നു.

എന്നാല്‍ പിന്നീട് എങ്ങനെയാണ് ആഗസ്റ്റ് 14 എന്ന തിയതി കടന്നുവന്നത് എന്നല്ലേ? 1947 ഓഗസ്റ്റ് 14-ന് വൈസ്രോയി മൗണ്ട് ബാറ്റണ്‍ പാകിസ്ഥാന്‍ ഭരണഘടനാ അസംബ്ലിയില്‍ ഒരു പ്രസംഗം നടത്തി അര്‍ധരാത്രിയില്‍ അദ്ദേഹം ഇന്ത്യയ്ക്കും പാകിസ്ഥാനും അധികാരം കൈമാറേണ്ടതായിരുന്നു. എന്നാല്‍ മൗണ്ട് ബാറ്റണിന് ഒരേ സമയം ന്യൂഡല്‍ഹിയിലും കറാച്ചിയിലും ഉണ്ടാകാന്‍ കഴിഞ്ഞില്ല.

ആഗസ്റ്റ് 14 ന് കറാച്ചിയില്‍ വെച്ച് മൗണ്ട് ബാറ്റണ്‍ ആദ്യം പാകിസ്ഥാന് അധികാരം കൈമാറുകയും തുടര്‍ന്ന് ന്യൂഡല്‍ഹിയിലേക്ക് പോവുകയും ചെയ്തു. വിഖ്യാത പാക്കിസ്ഥാന്‍ ചരിത്രകാരന്‍ ഖുര്‍ഷിദ് കമാല്‍ അസീസ് തന്റെ 'മര്‍ഡര്‍ ഓഫ് ഹിസ്റ്ററി' എന്ന പുസ്തകത്തില്‍ ഇക്കാര്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ''ഇന്ത്യയിലെ ബ്രിട്ടീഷ് രാജാവിന്റെ ഏക പ്രതിനിധിയായിരുന്ന വൈസ്രോയിക്ക് അധികാരം വ്യക്തിപരമായി പുതിയ രാജ്യങ്ങളിലേക്ക് കൈമാറേണ്ടിവന്നു.

കറാച്ചിയിലും ന്യൂഡല്‍ഹിയിലും ഒരേ സമയം മൗണ്ട് ബാറ്റണ്‍ പ്രഭുവിന് നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞില്ല. ആഗസ്ത് 15-ന് രാവിലെ ഇന്ത്യയിലേക്ക് അധികാരം കൈമാറാനും കറാച്ചിയിലേക്ക് കുതിക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല, കാരണം അപ്പോഴേക്കും അദ്ദേഹം പുതിയ ഇന്ത്യന്‍ ഡൊമിനിയന്റെ ഗവര്‍ണര്‍ ജനറലാകുമായിരുന്നു. അതിനാല്‍, അദ്ദേഹം ഇന്ത്യയുടെ വൈസ്രോയി ആയിരിക്കുമ്പോള്‍ ഓഗസ്റ്റ് 14-ന് അധികാരം പാകിസ്ഥാനിലേക്ക് മാറ്റുക എന്നത് മാത്രമാണ് പ്രായോഗികമായ കാര്യം' , പുസ്തകത്തില്‍ പറയുന്നു.

എന്നാല്‍ ആഗസ്റ്റ് 14 ന് പാകിസ്ഥാന്‍ സ്വാതന്ത്ര്യം നേടി എന്നല്ല ഇതിനര്‍ത്ഥം എന്നും ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടില്‍ അതിന് വ്യവസ്ഥ ചെയ്തിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയെപ്പോലെ പാകിസ്ഥാനും എല്ലാ വര്‍ഷവും ആഗസ്റ്റ് 15-നായിരുന്നു സ്വാതന്ത്ര്യം ആഘോഷിക്കേണ്ടിയിരുന്നത്. എന്നാല്‍ 1948-ല്‍ പാകിസ്ഥാന്‍ അതിന്റെ സ്വാതന്ത്ര്യദിനം ആഗസ്ത് 14-ലേക്ക് മാറ്റി.

ചില പാകിസ്ഥാന്‍ നേതാക്കള്‍ ഇന്ത്യക്ക് മുമ്പ് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നതാണ് ഇതിന് കാരണം എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1948 ജൂണ്‍ അവസാനത്തോടെ അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം മന്ത്രിമാര്‍ ഒരു യോഗം വിളിച്ചു. ഈ യോഗത്തിലാണ് പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനം ഒരു ദിവസം കൊണ്ട് മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചത്.

പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 14 ലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം ജിന്ന അംഗീകരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഈ വാദം എല്ലാവരും അംഗീകരിക്കുന്നില്ല. 1948 ഓഗസ്റ്റില്‍ മരണക്കിടക്കയിലായിരുന്നതിനാല്‍ ജിന്നയ്ക്ക് സ്വാതന്ത്ര്യദിന തീയതി മാറ്റാന്‍ കഴിയില്ലായിരുന്നു എന്നാണ് 'ജിന്ന: മിത്ത് ആന്‍ഡ് റിയാലിറ്റി'യുടെ രചയിതാവ് യാസര്‍ ലത്തീഫ് ഹമദാനി 2013-ല്‍ പിടിഐയോട് പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+