സൗദി അറേബ്യ താഴേക്ക് തന്നെ; റഷ്യയെയും ഇന്ത്യ കൈവിടുന്നു... നേട്ടം കൊയ്തത് ഈ എണ്ണ രാജ്യം
ദുബായ്: സൗദി അറേബ്യയെ പിന്തള്ളിയാണ് റഷ്യ ഇന്ത്യയുമായുള്ള എണ്ണ ഇടപാടില്‍ കുതിച്ചുകയറിയത്. യുക്രൈന്‍ ആക്രമണത്തിന് ശേഷം രൂപപ്പെട്ട സാമ്പത്തിക സാഹചര്യം മറികടക്കാനുള്ള റഷ്യന്‍ ശ്രമമായിരുന്നു ഇതിന് കാരണം. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ റഷ്യയെ കൈവിടുന്നു എന്നാണ് പുതിയ വിവരം. ചരക്കുനീക്കം നിരീക്ഷിക്കുന്ന വോര്‍ടെക്‌സയുടെ കണക്കുകള്‍ ഈ മാറ്റം എടുത്തുപറയുന്നു.
നവംബര്‍ മാസത്തില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയ എണ്ണയുടെ അളവില്‍ നാല് ശതമാനം കുറവ് വന്നിട്ടുണ്ട്. സെപ്തംബറിനേക്കാള്‍ കുറവായിരുന്നു ഒക്ടോബറില്‍. നവംബറില്‍ വീണ്ടും ഇടിഞ്ഞു. ഇങ്ങനെ പോയാല്‍ ഡിസംബറില്‍ റഷ്യയെ വീണ്ടും തഴയാനാണ് സാധ്യത. റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണയ്ക്ക് ചെലവ് കൂടുന്നതാണ് ഇതിന് കാരണം.

ഒക്ടോബറില്‍ ഓരോ ദിവസവും ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കിയിരുന്ന എണ്ണ 15.5 ലക്ഷം ബാരലായിരുന്നു. നവംബറില്‍ ഇത് 14.8 ലക്ഷം ബാരലായി കുറഞ്ഞു. തുടര്‍ച്ചയായ രണ്ട് മാസങ്ങളില്‍ മൊത്തം എട്ട് ശതമാനം കുറവാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. എങ്കിലും ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ നല്‍കുന്ന രാജ്യം റഷ്യ തന്നെയാണ്.
അതേമസയം ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി കുറച്ചിരിക്കെ, ഇറാഖില്‍ നിന്ന് വര്‍ധിപ്പിച്ചിരിക്കുന്നു എന്നാണ് കണക്കുകള്‍. നവംബറിലെ ഓരോ ദിവസവും 10 ലക്ഷം ബാരല്‍ വീതം എണ്ണയാണ് ഇറാഖില്‍ നിന്ന് ഇന്ത്യ വാങ്ങിയത്. ഒക്ടോബറില്‍ 7.86 ലക്ഷമായിരുന്നു. നവംബറില്‍ റഷ്യയില്‍ നിന്ന് മൊത്തം 33 ശതമാനവും ഇറാഖില്‍ നിന്ന് 23 ശതമാനവുമാണ് ഇന്ത്യ ഇറക്കുമതി ചെയ്ത എണ്ണ.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിക്ക് മുമ്പ് റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത് വെറും 0.2 ശതമാനം എണ്ണ മാത്രമായിരുന്നു. മാര്‍ച്ചില്‍ യുദ്ധം ആരംഭിച്ച ശേഷം അമേരിക്കയും യൂറോപ്പും റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. സാമ്പത്തിക ഞെരുക്കത്തിലായ റഷ്യ എണ്ണ വില കുറച്ച് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ തയ്യാറായി. കൂടുതല്‍ വാങ്ങിക്കൂട്ടിയത് ഇന്ത്യയും ചൈനയുമായിരുന്നു.
റഷ്യയുടെ വരവോടെയാണ് സൗദി അറേബ്യ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. ഒരുകാലത്ത് ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങിയിരുന്ന രാജ്യം സൗദി അറേബ്യയായിരുന്നു. പിന്നീടാണ് ഇറാഖ് വന്നതും ശേഷം റഷ്യ എത്തിയതും. സൗദി അറേബ്യ ഇപ്പോഴും മൂന്നാം സ്ഥാനത്ത് തന്നെയാണ്. സൗദിയില്‍ നിന്ന് ഇന്ത്യ നവംബറില്‍ വാങ്ങിയത് പ്രതിദിനം 6.67 ലക്ഷം ബാരല്‍ എണ്ണയാണ്. സൗദിക്ക് ശേഷമാണ് യുഎഇയുടെ സ്ഥാനം.
റഷ്യ വിലയില്‍ നല്‍കിയിരുന്ന ഇളവ് അടുത്തിടെ കുറച്ചിട്ടുണ്ട്. ബാരലിന് 60 ഡോളറിന് മുകളിലേക്ക് ചെലവ് വന്നതോടെയാണ് ഇന്ത്യ റഷ്യയുടെ എണ്ണ കുറയ്ക്കാന്‍ തീരുമാനിച്ചത്. റഷ്യ വില കുറച്ചില്ലെങ്കില്‍ ഇറാഖില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ പദ്ധതി തയ്യാറാക്കുമെന്നാണ് വിവരം. കൂടാതെ നൈജീരിയ, വെനസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയും ഇന്ത്യ വര്‍ധിപ്പിച്ചേക്കും.












Click it and Unblock the Notifications