വെനസ്വേലയില്‍ നിന്ന് മാത്രമല്ല, മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യത്ത് നിന്നും ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലെത്തും
പെട്രോളിയം ഇറക്കുമതിയിലെ വൈവിധ്യവത്കരണവുമായി ഇന്ത്യ ശക്തമായി മുന്നോട്ട് പോകുന്നു. വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വീണ്ടും ആരംഭിച്ച ഇന്ത്യ ബ്രസീലില്‍ നിന്നും എണ്ണ ഇറക്കുമതി വർധിപ്പിക്കാനാണ് നീക്കമിടുന്നത്. ബ്രസീലിയന്‍ പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോബ്രാസിൻ്റെ മേധാവി മഗ്ദ ചംബ്രിയാർഡുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബ്രസീലിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുന്നതിനെക്കുറിച്ച് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി.
'പെട്രോബ്രാസും ഇന്ത്യൻ കമ്പനികളും തമ്മിലുള്ള അസംസ്‌കൃത എണ്ണ വാങ്ങൽ വർധിപ്പിക്കുന്നതിനുള്ള നടപടികളും ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടുതല്‍ സഹകരണങ്ങളും ചർച്ച ചെയ്തു. പ്രത്യേകിച്ച് ഓഫ്‌ഷോർ ആഴത്തിലുള്ള/അൾട്രാ ഡീപ് വാട്ടർ പര്യവേക്ഷണം, ഉൽപ്പാദന പദ്ധതികൾ' മന്ത്രി ഹർദീപ് സിംഗ് പുരി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ കുറിച്ചു.

"ബ്രസീൽ ലോകത്തിലെ ഏറ്റവും വലിയ കാർഷിക ഉൽപ്പാദകരിൽ ഒരാളണ്. കൂടാതെ എത്തനോൾ, സസ്യ എണ്ണയിൽ നിന്നുള്ള ബയോഡീസൽ തുടങ്ങിയ ജൈവ ഇന്ധനങ്ങളുടെ ആഗോള പയനിയറുമാണ് അവർ. ഇന്ത്യയും ബ്രസീലും സുസ്ഥിര വ്യോമയാന ഇന്ധനങ്ങളുടെ വികസനത്തിൽ ഒരുമിച്ച് പ്രവർത്തിക്കും. 2025 ഫെബ്രുവരി 11 മുതൽ 14 വരെ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ഇന്ത്യ എനർജി വീക്കിൽ പങ്കെടുക്കാൻ ഞാൻ അവരെ ക്ഷണിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരായ ഇന്ത്യ, ഊർജ ഇറക്കുമതി വൈവിധ്യവത്കരിക്കാൻ സജീവമായി ശ്രമിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പ്രത്യേകിച്ചും റഷ്യ-ഉക്രെയ്ൻ യുദ്ധം പോലെയുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍.
ഈ നീക്കത്തിന് അനുസൃതമായി, ഇന്ത്യൻ ഓയിൽ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐ ഒ സി എ ൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച് പി സി എൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി പി സി എൽ) എന്നിവ ദീർഘകാല ക്രൂഡ് ഓയിൽ വിതരണ കരാറുകൾക്കായി പെട്രോബ്രാസുമായി ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഏറെ നാളുകള്‍ക്ക് ശേഷം വെനസ്വേലൻ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് അടുത്തിടെ എത്തി. വെനസ്വേലൻ എണ്ണ നിറച്ച ക്രൂഡ് കാരിയറായ ഡെഗാസ് 2 ആണ് ജാംനഗർ തുറമുഖത്ത് അടുപ്പിച്ചത്. 2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഡെഗാസ് 2 വഹിച്ചത്. വെനസ്വേലൻ എണ്ണ കയറ്റുമതിക്ക് അമേരിക്ക നിയന്ത്രമം ഏർപ്പെടുത്തി ഏകദേശം അഞ്ച് മാസത്തിന് ശേഷമാണ് ഇന്ത്യയിലേക്കുള്ള ആദ്യ കപ്പല്‍ എത്തുന്നത്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ റിഫൈനറി ഗ്രൂപ്പായ റിലയൻസ് ഗ്രൂപ്പാണ് വെനസ്വേലയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. ജാംനഗറിലെ റിഫൈനറിയില്‍ വെച്ച് കമ്പനി ക്രൂഡുകൾ സംസ്കരിക്കും. ശുദ്ധീകരിക്കാൻ താരതമ്യേന ഏറ്റവും പ്രയാസകരമായ എണ്ണയാണ് വെനസ്വേലയില്‍ നിന്നും എത്തുന്നത്. അതുകൊണ്ട് തന്നെ ഇത് വളരേയറെ വില കുറഞ്ഞതുമാണ്.












Click it and Unblock the Notifications