സൂയസ് കനാല്‍ കാലിയാകും; ഇറാന്റെ കിടിലന്‍ നീക്കം, റഷ്യയും കൂടെ, ഇന്ത്യയ്ക്ക് വലിയ നേട്ടം
അമേരിക്കയുടെ ഉപരോധം നേരിടുന്ന റഷ്യയും ഇറാനും കൈ കോര്‍ത്താല്‍ എന്താണ് സംഭവിക്കുക. ലോകത്തെ വ്യാപാര റൂട്ടില്‍ മാറ്റം വരാന്‍ പോകുന്നു. പതിവ് വഴി വിട്ട് റെയില്‍പാത ഒരുക്കുകയാണ് ഇരുരാജ്യങ്ങളും. ഒപ്പം അസര്‍ബൈജാനും ചേരുമ്പോള്‍ ഇന്ത്യയ്ക്കും നേട്ടമാകും. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും അതിവേഗമെത്തും. ചരക്കു നീക്കത്തിന്റെ സമയം പകുതിയായി കുറയും.
ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ ഇറാന്‍, അസര്‍ബൈജാന്‍ വഴി യൂറോപ്പിലേക്കും റഷ്യയിലേക്കും എത്തിക്കുന്നതാണ് പാത. ഇന്ത്യയില്‍ നിന്ന് കടല്‍ മാര്‍ഗവും ബാക്കി റെയില്‍പാതയുമാണ് പദ്ധതിയില്‍. അന്താരാഷ്ട്ര നോര്‍ത്ത് സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോറി (ഐഎന്‍എസ്ടിസി) ന്റെ ഭാഗമാണ് പുതിയ റെയില്‍പാത. ഇറാനിലെ റഷ്തിനും അസ്താരക്കുമിടയില്‍ 162 കിലോമീറ്റര്‍ റെയില്‍പാത കൂടി വന്നാല്‍ ചരക്കുനീക്കം സുഗമമാകും.

ഐഎന്‍എസ്ടിസിയുടെ ഭാഗമായുള്ള പാത 7200 കിലോമീറ്റര്‍ ആണ്. ഈ പാത സമ്പൂര്‍ണമാകണമെങ്കില്‍ റഷ്തിനും അസ്താരക്കുമിടയില്‍ നിര്‍മാണം കഴിയണം. അതാണിപ്പോള്‍ നടക്കുന്നത്. റഷ്യയുടെ വായ്പയിലാണ് ഇറാനിലെ ജോലികള്‍ പുരോഗമിക്കുന്നത്. നിലവില്‍ 37 ദിവസം വേണ്ടിവരുന്നുണ്ട് ചരക്കു കടത്തിന്. റെയില്‍പാത സമ്പൂര്‍ണമാകുന്നതോടെ 19 ദിവസം മാതിയാകും.
സൂയസ് കനാല്‍ കാലിയാകും
നിലവില്‍ ഏഷ്യയില്‍ നിന്നുള്ള ചരക്കുകള്‍ ഈജിപ്തിലെ സൂയസ് കനാല്‍ കടന്നാണ് യൂറോപ്പിലേക്ക് പോകുന്നത്. ഇതിന് 37 ദിവസം വേണ്ടി വരുന്നുണ്ട്. എന്നാല്‍ പുതിയ റെയില്‍പാത വരുന്നതോടെ സൂയസ് കനാല്‍ ഉപയോഗിക്കേണ്ടിവരില്ല. സൂയസ് കനാല്‍ വഴി അല്ലാതെ തന്നെ ചരക്കുകടത്ത് എളുപ്പമാകും. ഇത് ഈജിപ്തിന്റെ വരുമാനം കുത്തനെ ഇടിക്കും. ഏഷ്യയില്‍ നിന്നുള്ള ചരക്കുകള്‍ ഭൂരിഭാഗവും കുറയുന്നതോടെ സൂയസ് കനാല്‍ മിക്ക സമയവും ഒഴിഞ്ഞുകിടക്കും.
കടല്‍വഴിയുള്ള ചരക്കുകടത്തില്‍ അമേരിക്കയുടെ സ്വാധീനം ശക്തമാണ്. റഷ്യയുടെയും ഇറാന്റെയും ചരക്കുകള്‍ സൂക്ഷ്മമായി അമേരിക്ക നിരീക്ഷിക്കുന്നുമുണ്ട്. ചരക്കുപാതയുടെ സുരക്ഷ എന്ന പേരില്‍ അമേരിക്കന്‍ സൈന്യവും ഈ പാതയിലുണ്ട്. എന്നാല്‍ ഇറാനില്‍ നിന്ന് അസര്‍ബൈജാനിലൂടെ റഷ്യ വഴി യൂറോപ്പിലേക്ക് ചരക്കുകകള്‍ പോകാന്‍ സാധ്യമാക്കുന്നതാണ് റെയില്‍പാത.
ഇറാനും റഷ്യയും നിര്‍ണായക ശക്തി
റെയില്‍പത നിര്‍മാണം പൂര്‍ത്തിയായാല്‍ ഇറാന്റെയും റഷ്യയുടെയും സ്വാധീനം ആഗോള വ്യാപാര മേഖലയില്‍ ശക്തമാകും. എന്നാല്‍ ഇസ്രായേലുമായി സഹകരിച്ചു പോകുന്ന അസര്‍ബൈജാനെ പിന്തിരിപ്പിക്കാനുള്ള സമ്മര്‍ദ്ദം ഒരുഭാഗത്തുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാത സാധ്യമായാല്‍ എണ്ണ, വാതകം, സ്റ്റീല്‍, ഭക്ഷ്യവസ്തുക്കള്‍, യന്ത്രങ്ങള്‍ എന്നിവയെല്ലാം ഇതുവഴിയാകും കൊണ്ടുപോകുക.
ചൈന, അഫ്ഗാനിസ്താന്‍, ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം ചരക്കുകടത്തിന് നേട്ടമാകുന്ന റെയില്‍പാതയാണിത്. ഏറ്റവും കൂടുതല്‍ നേട്ടം ഇന്ത്യയ്ക്കും അഫ്ഗാനിസ്താനുമാണ്. ഇതുകൂടി കണ്ടാണ് ഇന്ത്യ അഫ്ഗാനുമായുള്ള ബന്ധം മെച്ചമാക്കുന്നത്. അമേരിക്കയുടെ ഉപരോധം മറികടന്ന് ചരക്കുകടത്ത് നടത്താം എന്നതാണ് റഷ്യയ്ക്കും ഇറാനുമുള്ള നേട്ടം.












Click it and Unblock the Notifications