സൗദി അറേബ്യ ഏറ്റവും മുകളില്‍; ഇന്ത്യ അടിച്ചുകയറി, തുര്‍ക്കിയും കുതിച്ചു, റഷ്യന്‍ ഇന്ധന എണ്ണയുടെ വരവ്
റിയാദ്: ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യമാണ് റഷ്യ. യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് റഷ്യയുടെ എണ്ണയും വാതകവുമായിരുന്നു. 2023 മുതല്‍ ഉപരോധം കാരണം യൂറോപ്പ് റഷ്യയുടെ എണ്ണ വാങ്ങുന്നില്ല. മറ്റു രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. പ്രധാനമായും അമേരിക്ക, കാനഡ, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയെ.
കഴിഞ്ഞ മാസം ഉല്‍പ്പാദനം കൂടുകയും ആവശ്യം കുറയുകയും ചെയ്ത സാഹചര്യത്തില്‍ ആഗോള വിപണിയില്‍ എണ്ണവില വന്‍തോതില്‍ കുറഞ്ഞിരുന്നു. ഇതോടെ പ്രതിസന്ധിയിലായത് റഷ്യയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള കയറ്റുമതി രാജ്യങ്ങളാണ്. എന്നാല്‍ ഈ വേളയില്‍ നേട്ടം കൊയ്യുകയായിരുന്നു ഇന്ത്യയും തുര്‍ക്കിയും. ഇരുരാജ്യങ്ങളും റഷ്യയുടെ എണ്ണ വാരിക്കൂട്ടി. കൂടാതെ സൗദി അറേബ്യയും റഷ്യയുടെ എണ്ണ വാങ്ങി.

ലോകത്തെ പ്രധാന എണ്ണ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഇവര്‍ എന്തിനാണ് മറ്റൊരു രാജ്യത്ത് നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. റഷ്യുയുടെ ഇന്ധന എണ്ണയ്ക്ക് വില കുറവാണ് എന്നതാണ് എടുത്തു പറയേണ്ടത്. മാത്രമല്ല, ചൂടുകാലമായതിനാല്‍ സൗദിയില്‍ വൈദ്യുതി ഉല്‍പ്പാദനത്തിന് കൂടുതല്‍ എണ്ണ വേണ്ടതുമുണ്ട്.
ഈ രണ്ട് കാര്യങ്ങള്‍ പരിഗണിച്ചാണ് സൗദി അറേബ്യ റഷ്യയില്‍ നിന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇന്ധന എണ്ണ വാങ്ങിയത്. ഏപ്രില്‍ വാങ്ങിയ അത്രയും എണ്ണ മെയ് മാസത്തി്ല്‍ റഷ്യയില്‍ നിന്ന് സൗദി വാങ്ങിയിട്ടില്ല എന്നതും എടുത്തു പറയണം. എങ്കിലും ഏഴ് ലക്ഷം ടണ്‍ സൗദി ഇറക്കുമതി ചെയ്തു. കഴിഞ്ഞ മാസം റഷ്യയില്‍ നിന്ന് കൂടുതല്‍ ഇന്ധന എണ്ണ ഇറക്കിയ രാജ്യവും സൗദി അറേബ്യയാണ്.
സൗദിക്ക് ശേഷം ഇന്ത്യയും തുര്‍ക്കിയും
റഷ്യയുടെ ഇന്ധന എണ്ണ കൂടുതല്‍ വാങ്ങിയ രണ്ടാമത്തെ രാജ്യം ഇന്ത്യയാണ് എന്ന് എല്‍എസ്ഇജി ഡാറ്റകള്‍ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആറ് ടണ്‍ എണ്ണയാണ് ഇന്ത്യ വാങ്ങിയത്. ഏപ്രില്‍ മാസത്തേക്കാള്‍ ഇരട്ടിയാണിത്. കാരണം അന്തര്‍ദേശീയ വിപണിയില്‍ എണ്ണയ്ക്ക് വില കുറഞ്ഞ സമയമായിരുന്നു. ഈ അവസരം ഇന്ത്യ ശരിക്കും മുതലെടുത്തു. അതേസമയം, ഇറാന്‍-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതോടെ എണ്ണവില പിന്നീട് കൂടി എന്നത് മറ്റൊരു കാര്യം.
യുദ്ധം തുടങ്ങിയതോടെ എണ്ണവിലയിലുണ്ടായ കുതിച്ചുയരല്‍ ഇന്ത്യയെ കാര്യമായി ബാധിക്കില്ല എന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. കാരണം മുന്‍ മാസങ്ങളില്‍ ഇന്ത്യ ഉയര്‍ന്ന അളവില്‍ വാങ്ങി സംഭരിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധം ദിവസങ്ങളോളം തുടര്‍ന്നു പോകുകയാണെങ്കില്‍ മറ്റു രാജ്യങ്ങളെ പോലെ ഇന്ത്യയും പ്രതിസന്ധിയിലാകും.
തുര്‍ക്കിയും മെയ് മാസത്തില്‍ വലിയ അളവില്‍ ഇന്ധന എണ്ണ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. 4.30 ലക്ഷം ടണ്‍ എണ്ണയാണ് തുര്‍ക്കി റഷ്യയില്‍ നിന്ന് വാങ്ങിയത്. വില കുറഞ്ഞ സാഹചര്യത്തില്‍ ഏപ്രില്‍, മെയ് മാസത്തില്‍ റഷ്യയുടെ എണ്ണ വരുമാനം കുറഞ്ഞിരുന്നു. അതേസമയം, ഇപ്പോള്‍ വില കൂടിയതോടെ റഷ്യയ്ക്ക് നേട്ടമാകും. റഷ്യയില്‍ നിന്ന് സൗദി വാങ്ങുന്ന എണ്ണ പ്രധാനമായും വൈദ്യുതി ഉല്‍പ്പാദനത്തിനാണ് ഉപയോഗിക്കുന്നത്. ഇന്ത്യയാകട്ടെ, ശുദ്ധീകരിച്ച് യൂറോപ്പിലേക്കും മറ്റും കയറ്റുമതി ചെയ്യുകയുമാണ്.












Click it and Unblock the Notifications