ഇന്ത്യ മികച്ച രാജ്യം, തലപ്പത്ത് എൻ്റെ നല്ല സുഹൃത്ത് ';വിവാദത്തിന് പിന്നാലെ പുകഴ്ത്തി ട്രംപ്
ഇന്ത്യക്കും ചൈനയ്ക്കുമെതിരായ വംശീയ പരാമർശത്തിന് പിന്നാലെ ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പുകഴ്ത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ യു.എസ് എംബിസിയാണ് ട്രംപിൻ്റെ പ്രതികരണം പങ്കുവെച്ചത്. ഇന്ത്യ മികച്ച രാജ്യമാണെന്നും അവിടുത്തെ പ്രധാനമന്ത്രി തൻ്റെ നല്ല സുഹൃത്താണെന്നും ട്രംപ് പറഞ്ഞതായി യു.എസ് വക്താവ് വിശദീകരിച്ചു. വിവാദ പരാമർശത്തിൽ ട്രംപിനെതിരെ പ്രതിഷേധം പുകയുന്നതിനിടെയാണ് പ്രതികരണം.
ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള കുടിയേറ്റത്തിനെതിരെ അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകൻ മൈക്കൽ സേവേജ് നടത്തിയ വിവാദ പരാമർശം ട്രംപ് തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയായിരുന്നു. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ 'നരകതുല്യമായ സ്ഥലങ്ങൾ' എന്നാണ് സേവേജ് അധിക്ഷേപിച്ചത്. അവിടെ നിന്ന് ആളുകൾ ഗർഭകാലത്തിന്റെ ഒമ്പതാം മാസത്തിൽ അമേരിക്കയിലേക്ക് വന്ന് അവരുടെ കുട്ടികൾക്ക് അമേരിക്കൻപൗരത്വം നേടും എന്നും സേവേജ് പറഞ്ഞു.

ട്രംപ് പങ്കുവെച്ച സാവേജിന്റെ 'സാവേജ് നേഷൻ' പോഡ്‌കാസ്റ്റ് വീഡിയോയും ട്രാൻസ്ക്രിപ്റ്റും യുഎസ് സുപ്രീം കോടതിയുടെ പൗരത്വ നിയമത്തെ വിമർശിക്കുന്നതായിരുന്നു. ഇന്ത്യൻ, ചൈനീസ് കുടിയേറ്റക്കാരെ 'ലാപ്‌ടോപ്പുകളുള്ള ഗുണ്ടാസംഘങ്ങൾ' എന്നും 'ഞങ്ങളുടെ പതാകയെ ചവിട്ടിമെതിച്ചവർ' എന്നും ഇതിൽ സാവേജ് രൂക്ഷമായി വിമർശിക്കുന്നുണ്ട്. 'അവർ എല്ലാ മാഫിയ കുടുംബങ്ങളെയും ഒരുമിച്ച് ചേർത്തതിനേക്കാൾ കൂടുതൽ നാശനഷ്ടങ്ങൾ ഈ രാജ്യത്തിന് വരുത്തിയിട്ടുണ്ട്. എന്റെ സ്പഷ്ടമായ അഭിപ്രായത്തിൽ, ലാപ്‌ടോപ്പുകളുള്ള ഗുണ്ടാസംഘങ്ങൾ. അവർ ഞങ്ങളെ കണ്ണടച്ച് കൊള്ളയടിച്ചു, രണ്ടാംകിട പൗരന്മാരെപ്പോലെ കണ്ടു, ലോകത്തെ വിജയിക്കാൻ അനുവദിച്ചു, ഞങ്ങളുടെ പതാകയെ ചവിട്ടിമെതിച്ചു, എന്നിങ്ങനെയായിരുന്നു സാവേജിന്റെ കടുത്ത വിമർശനങ്ങൾ.
അതേസമയം ട്രംപിൻ്റ അധിക്ഷേപങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഇന്ത്യയിൽ ഉയർന്നത്. പ്രതിപക്ഷ കക്ഷികൾ ട്രംപിനെതിരെ രംഗത്തെത്തി. "യു.എസ്. പ്രസിഡന്റ് ട്രംപ് ഇന്ത്യയെ നരകതുല്യമായ സ്ഥലം എന്ന് വിശേഷിപ്പിച്ചത് അപമാനകരവും ഇന്ത്യവിരുദ്ധവുമാണ്. ഇത് ഓരോ ഇന്ത്യക്കാരന്റെയും വികാരത്തെ വൃണപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്. പ്രസിഡന്റുമായി ഈ വിഷയം ഉന്നയിച്ച് ശക്തമായ പ്രതിഷേധം അറിയിക്കണം," എന്ന് കോൺഗ്രസ് എക്സിൽ കുറിച്ചു. ഡൊണാൾഡ് ട്രംപിന് എങ്ങനെയാണ് ഇന്ത്യയെ 'നരകക്കുഴി' എന്ന് വിളിക്കാൻ ധൈര്യം വന്നു? ഇന്ത്യക്കാരെ 'ലാപ്ടോപ്പുകളുള്ള ഗുണ്ടകൾ' എന്ന് എങ്ങനെ പറയാൻ ധൈര്യം വന്നു? നമ്മൾ ഇതിനെ ശക്തമായി എതിർക്കണം," എന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ട്രംപിന്റെ ഈ പരാമർശങ്ങളോട് നേരിട്ട് പ്രതികരിച്ചിട്ടില്ല. . ചില റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടിട്ടുണ്ട്. അതിനപ്പുറം ഞാൻ ഒന്നും പറയുന്നില്ല എന്നായിരുന്നു വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞത്.












Click it and Unblock the Notifications