ഗള്‍ഫിലും ഇന്ത്യയിലും ഇത്തവണ പെരുന്നാള്‍ ഒരുമിച്ചാകും?; വാനനിരീക്ഷകര്‍ പറയുന്നത് ഇങ്ങനെ
ദുബായ്: ഇസ്ലാം മത വിശ്വാസികള്‍ അനുഷ്ഠിച്ചുവരുന്ന വ്രതം ഏകദേശം അന്ത്യത്തിലേക്ക് എത്തുന്നു. റമദാന്‍ മാസം തീരുന്നതിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. മിക്കവരും ചെറിയ പെരുന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. പുതു വസ്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള തിരക്കേറിയിട്ടുണ്ട്. ഈ വേളയില്‍ ഉയരുന്ന ചോദ്യമാണ് എന്നാകും ചെറിയ പെരുന്നാള്‍?
അന്താരാഷ്ട്ര വാന നിരീക്ഷക കേന്ദ്രങ്ങള്‍ ശവ്വാല്‍ മാസപ്പിറവി സംബന്ധിച്ച് ചില വ്യക്തമായ സൂചനകള്‍ നല്‍കുന്നു. ഇത്തവണ സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും ഒരേ ദിവസമാകും ചെറിയ പെരുന്നാള്‍ എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍ നല്‍കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ പെരുന്നാള്‍ ശനിയാഴ്ചയാകും.

വ്യാഴാഴ്ച ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ വെള്ളിയാഴ്ചയാകും പെരുന്നാള്‍. വെള്ളിയാഴ്ച മാസപ്പിറവി കണ്ടാല്‍ ശനിയാഴ്ചയും. സൂര്യഗ്രഹണം 20നാണ്. വ്യാഴാഴ്ച നഗ്ന നേത്രങ്ങള്‍ കൊണ്ട് മാസപ്പിറവി കാണാന്‍ സാധ്യത കുറവാണ് എന്ന് ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍ അറിയിക്കുന്നു. ടെലസ്‌കോപ് വച്ചും കാണാന്‍ സാധിക്കില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അങ്ങനെ വന്നാല്‍ വെള്ളിയാഴ്ചയേ ചാന്ദ്ര ഉദയം കാണാന്‍ സാധിക്കൂ. അപ്പോള്‍ ശനിയാഴ്ചയാകും പെരുന്നാള്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തുവിടുന്ന വിവരങ്ങളും ഇതുതന്നെയാണ്. പശ്ചിമേഷ്യ, നോര്‍ത്ത് ആഫ്രിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച ചാന്ദ്ര പിറവി കാണാന്‍ സാധിക്കില്ല എന്നാണ് പറയുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍ സൗദിയിലും യുഎഇയിലും ഇന്ത്യയിലും പെരുന്നാള്‍ ഏപ്രില്‍ 22ന് ശനിയാഴ്ചയാകും.
അന്താരാഷ്ട്ര അസ്‌ട്രോണമി സെന്ററിന്റെയും ബ്രിട്ടീഷ് സര്‍ക്കാരിന്റെയും അനുമാനമാണ്. ഇത് പൂര്‍ണമായി ശരിയാകുമെന്ന് ഉറപ്പിക്കാന്‍ പറ്റില്ല. അതേസമയം, ഇന്ത്യയില്‍ വ്യാഴാഴ്ച ചാന്ദ്ര പിറവി കാണാനുള്ള സാധ്യത തള്ളാനാകില്ല. എങ്കിലും മാസപ്പിറവി കാണാന്‍ സാധ്യത കൂടുതല്‍ വെള്ളിയാഴ്ചയാണത്രെ. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ പെരുന്നാള്‍ ഞായറാഴ്ചയാകാനുള്ള സാധ്യതയമുണ്ട്.

ഹിജ്‌റ കലണ്ടര്‍ പ്രകാരം 29, 30 ദിവസങ്ങളാണ് ഓരോ മാസവും രേഖപ്പെടുത്താറ്. 31 ഉണ്ടാകാറില്ല. ചാന്ദ്ര ദര്‍ശനം അടിസ്ഥാനമാക്കിയാണ് ഓരോ മാസവും കണക്കാക്കുക. ശാസ്ത്രീയമായ വഴികള്‍ പ്രകാരം ചാന്ദ്ര ദര്‍ശനം പ്രവചിക്കുകയും അതു പ്രകാരം തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നവരുണ്ട്. അതേസമയം, നേരിട്ട് കാണണം എന്ന് പറയുന്നവരുമുണ്ട്.
കേരളത്തില്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആകും ചെറിയ പെരുന്നാള്‍. വെള്ളിയാഴ്ച പെരുന്നാളായില്ലെങ്കില്‍ ശനിയാഴ്ച ഉറപ്പാണ്. ഇക്കാര്യത്തില്‍ മുസ്ലിം പണ്ഡിതന്മാര്‍ ചേര്‍ന്ന് തീരുമാനം എടുക്കുകയാണ് പതിവ്. ചാന്ദ്ര പിറവി കണ്ടവര്‍ ബന്ധപ്പെട്ട പണ്ഡിത നേതൃത്വത്തെ അറിയിക്കുകയും അവര്‍ ചര്‍ച്ച ചെയ്ത് തീരുമാനം പ്രഖ്യാപിക്കുകയുമാണ് ചെയ്യുക. ഇതുപ്രകാരമാണ് കേരളത്തില്‍ പെരുന്നാള്‍ ഉറപ്പിക്കുക.












Click it and Unblock the Notifications