ഇന്ത്യ എങ്ങനെ രക്ഷപ്പെടും? എണ്ണവില 20 ഡോളര്‍ ഉയര്‍ന്നേക്കും... ഇടപെടാന്‍ കേന്ദ്രം, മന്ത്രി ഇറാനിലേക്ക്
ദുബായ്: ചെങ്കടലിലെ പുതിയ സംഭവങ്ങള്‍ എണ്ണവിലയില്‍ കുതിച്ചുചാട്ടത്തിന് ഇടയാക്കുമെന്ന് ആശങ്ക. മേഖല പ്രക്ഷുബ്ദമാകുന്നത് ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് വലിയ പ്രതിസന്ധിയാകും. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയെ ഇത് ബാധിച്ചേക്കുമെന്ന് ലോക സാമ്പത്തിക ഫോറം പ്രസിഡന്റ് ബോര്‍ഗ് ബ്രെന്‍ഡ് മുന്നറിയിപ്പ് നല്‍കി. ഹൂതികളും അമേരിക്കയും ബ്രിട്ടനുമാണ് ചെങ്കടലില്‍ പോരടിക്കുന്നത്.
അതേസമയം, വിഷയത്തില്‍ രമ്യമായ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ചെങ്കടല്‍ വഴിയുള്ള ചരക്കു കടത്ത് തടസപ്പെട്ടാല്‍ ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതിയെ ബാധിക്കും. എന്നാല്‍ മറ്റു വന്‍കിട രാജ്യങ്ങളെ ബാധിക്കുന്ന അത്ര ഇന്ത്യയെ ബാധിക്കില്ല. ഇന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാനിലെത്തുമ്പോള്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

ചെങ്കടലിലെ പ്രശ്‌നങ്ങള്‍ പ്രധാനമായും ബാധിക്കുക ഇസ്രായേലിനെയും യൂറോപ്പിനെയും ആഫ്രിക്കയെയുമാണ്. ഹൂതികള്‍ ലക്ഷ്യമിടുന്നത് ഇസ്രായേലിനെയാണ്. എന്നാല്‍ പ്രമുഖ കപ്പല്‍ കമ്പനികള്‍ ഇതുവഴിയുള്ള സര്‍വീസ് നിര്‍ത്തിയത് ചരക്കുകടത്തിനെ ബാധിച്ചു. മാത്രമല്ല, കപ്പലുകള്‍ കണ്ടെയ്‌നറുകളുടെ ഇന്‍ഷുറന്‍സ് തുക ഉയര്‍ത്തിയതും ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ചെങ്കടല്‍ പാത ഒഴിവാക്കി യാത്ര ചെയ്യുക എന്നത് കപ്പല്‍ കമ്പനികള്‍ക്ക് വളരെ ചെലവേറിയതാണ്. ചെങ്കടല്‍ പാത അടഞ്ഞാല്‍ സൂയസ് കനാല്‍ വഴിയും അടയും. ഇതാകട്ടെ, യൂറോപ്പിനെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കും. സൂയസ് കനാല്‍ വഴി ഇന്ത്യയുടെ നിരവധി ചരക്കു കപ്പലുകള്‍ യാത്ര ചെയ്യുന്നതാണ്. ഇതിനെല്ലാം പുറമെയാണ് ഈ പ്രതിസന്ധി കാരണം എണ്ണ വില വര്‍ധിക്കുമെന്ന ആശങ്ക.
ഇന്ത്യയുള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ 10 മുതല്‍ 20 ഡോളര്‍ വരെ അധികം നല്‍കേണ്ടി വന്നേക്കും. ബാരലിന് ഇത്രയും വര്‍ധന വരുന്നത് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഇളക്കം തട്ടിക്കും. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് ഇന്ത്യ ഇറാനില്‍ വിഷയം ചര്‍ച്ചയാക്കുന്നത്. ഹൂതികളെ പിന്തിരിപ്പിക്കാന്‍ കഴിയുന്ന ഏക രാജ്യം ഇറാനാണ്.
അതേസമയം, ഇന്ത്യയ്ക്ക് എണ്ണ വില കുറച്ച് നല്‍കാമെന്ന് സൗദി അറേബ്യ സമ്മതിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ നല്‍കുന്ന എണ്ണയും വില കുറച്ച് കിട്ടും. ഈ സാഹചര്യത്തില്‍ കൂടുതല്‍ എണ്ണ സൗദിയില്‍ നിന്ന് ഇന്ത്യ ഇറക്കിയേക്കും. പ്രത്യേകിച്ച് റഷ്യയുടെ എണ്ണയ്ക്ക് വില കുറയ്ക്കാത്ത സാഹചര്യത്തില്‍. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ അല്‍പ്പം കുറച്ചിട്ടുണ്ട്. ഈ അവസരം മുതലെടുക്കാനാണ് സൗദി അറേബ്യ വില കുറച്ചിരിക്കുന്നത്.
ചരക്ക് കപ്പലുകളുടെ സുരക്ഷ, ചെങ്കടല്‍ വഴിയുള്ള ചരക്കു കടത്ത്, കടല്‍ കൊള്ളക്കാരുടെ ശല്യം, വ്യാപാര സഹകരണം ശക്തിപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം എസ് ജയശങ്കര്‍ ഇറാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൂതികള്‍ക്ക് നേരെ അമേരിക്കയും ബ്രിട്ടനും കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയിരുന്നു. തിരിച്ചടിക്കുമെന്ന് ഹൂതികളും മുന്നറിയിപ്പ് നല്‍കിയ പിന്നാലെയാണ് ജയശങ്കര്‍ ഇറാനിലെത്തുന്നത്.


Click it and Unblock the Notifications