പെട്രോള്‍ വേണ്ടാത്ത ലോകത്തേക്ക് ഇന്ത്യ; യുഎഇയില്‍ നിര്‍ണായക നീക്കം... സൗദി ഉടക്കുമോ?
ദുബായ്: ഇന്ത്യയുടെ ഇറക്കുമതിയില്‍ വലിയൊരു ഭാഗം ഇന്ധനമാണ്. രാജ്യത്തിന്റെ സമ്പത്ത് വിദേശത്തേക്ക് ഒഴുകുന്നതിന് പ്രധാന കാരണവും ഇന്ധന ഇറക്കുമതി തന്നെ. ആവശ്യമുള്ളതിന്റെ 80 ശതമാനത്തിലധികം ഇന്ധനം ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ കുറവ് വന്നാല്‍ രാജ്യത്തിന് സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. ഈ ലക്ഷ്യത്തോടുള്ള പദ്ധതി തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ഇന്ത്യയില്‍ പല മേഖലയിലും വന്‍തോതില്‍ എണ്ണ നിക്ഷേപമുണ്ടെന്നാണ് കരുതുന്നത്. കൊച്ചി തീരത്ത് ഉള്‍പ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങളും ഇങ്ങനെ കരുതുന്നവയില്‍ ഉള്‍പ്പെടും. കൃഷ്ണ ഗോദാവരി തീരത്ത് ഒഎന്‍ജിസി എണ്ണ ഖനനത്തിന് ഒരുങ്ങുകയാണ്. ഇന്ത്യയില്‍ തന്നെ ഉല്‍പ്പാദനം തുടങ്ങിയാല്‍ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് കുറയ്ക്കാനാകും.

എന്നാല്‍ ഖനനം ചെയ്‌തെടുക്കുന്ന ഇന്ധനം അന്തരീക്ഷ മലനീകരണത്തിന് കാരണമാകുന്നു എന്നാണ് വിലയിരുത്തല്‍. അമിതമായ അളവില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് തള്ളുന്നത് കാലാവസ്ഥാ വ്യതിനായനത്തിന് ഇടയാക്കും. 2015ല്‍ പാരിസില്‍ ചേര്‍ന്ന കാലാവസ്ഥാ ഉച്ചകോടി, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.
കാലാവസ്ഥാ വ്യതിയാനം സംഭവിച്ചാല്‍ പ്രകൃതിയുടെ താളംതെറ്റും. മഴയും മഞ്ഞും വേനലുമെല്ലാം തകിടം മറിയും. ഇതാകട്ടെ വേനലില്‍ പ്രളയത്തിനും മറ്റും കാരണമാകും. ഓരോ രാജ്യങ്ങള്‍ക്കും വലിയ സാമ്പത്തിക ചെലവ് അപ്രതീക്ഷിതമായുണ്ടാകും. ഈ സാഹചര്യത്തിലാണ് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ആവശ്യപ്പെടുന്നത്.
ഇന്ത്യ മുന്നോട്ടുവെക്കുന്ന ജൈവ ഇന്ധനം അന്താരാഷ്ട്ര സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുന്നതും ഈ പശ്ചാത്തലത്തിലാണ്. കാറ്റില്‍ നിന്നും സൂര്യനില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് പുറമെ, ഇന്ധന ആവശ്യങ്ങള്‍ക്ക് എഥനോളിനെ കൂടുതല്‍ ആശ്രയിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ നിര്‍ദേശം. ഗ്ലോബല്‍ ബയോഫ്യുവല്‍സ് അലയന്‍സ് (ജിബിഎ) എന്ന സഖ്യവും രൂപീകരിച്ചിട്ടുണ്ട്.
ഇന്ത്യയും അമേരിക്കയും ബ്രസീലുമെല്ലാമാണ് ഈ സഖ്യത്തിന്റെ സ്ഥാപക അംഗങ്ങള്‍. കൂടുതല്‍ രാജ്യങ്ങള്‍ സഖ്യത്തില്‍ അംഗമാകുകയാണിപ്പോള്‍. അതിവേഗമാണ് ജൈവ ഇന്ധനം എന്ന ആശയം വ്യാപിക്കുന്നത്. നാളെ മുതല്‍ ദുബായില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കമാവുകയാണ്. ഈ വേളയില്‍ ജൈവ ഇന്ധനം പ്രധാന ചര്‍ച്ചയാക്കാന്‍ ശ്രമിക്കുകയാണ് ഇന്ത്യ.
ജിബിഎ എബ്ലം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. ധാന്യങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എഥനോള്‍ പെട്രോളിലും ഡീസലിലും ചേര്‍ക്കുന്ന രീതി ഇന്ത്യ പയറ്റുന്നുണ്ട്. പെട്രോളിന്റെ അളവ് ഘട്ടമായി കുറച്ച് എഥനോള്‍ വര്‍ധിപ്പിക്കാനാണ് പദ്ധതി. അങ്ങനെ വരുമ്പോള്‍ എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
അമേരിക്കക്കും ബ്രസീലിനും ശേഷം ഇന്ത്യയാണ് എഥനോള്‍ ഉല്‍പ്പാദനം നടത്തുന്ന രാജ്യം. എഥനോള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചാല്‍ കര്‍ഷകര്‍ക്കും നേട്ടമാകുമെന്ന് വിലയിരുത്തുന്നു. ധാന്യങ്ങളുടെ വില കൂടുമോ എന്ന ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്നു. അതേസമയം, എഥനോള്‍ വര്‍ധിപ്പിച്ച് പെട്രോള്‍ കുറയ്ക്കുന്ന പദ്ധതിക്ക് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള എണ്ണ രാജ്യങ്ങള്‍ അംഗീകാരം നല്‍കുമോ എന്ന ചോദ്യവും ബാക്കിയാണ്.












Click it and Unblock the Notifications