അമേരിക്കക്ക് എട്ടിന്റെ പണി കൊടുത്ത് ഇന്ത്യ; ഡോളര്‍ പൂര്‍ണമായും കൈവിട്ട് റഷ്യന്‍ ഇടപാട്, യുഎഇ മോഡല്‍
ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ഇടപാട് 96 ശതമാനവും പ്രാദേശിക കറന്‍സികളില്‍. രൂപ-റൂബിള്‍ കറന്‍സികളിലാണ് ഇപ്പോള്‍ ഇടപാട് നടക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ പ്രമുഖ ബാങ്ക് മേധാവിയെ ഉദ്ധരിച്ചാണ് വാര്‍ത്ത. റഷ്യയും ഇന്ത്യയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉഭയകക്ഷി വ്യാപാരം കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ വേളയില്‍ ഡോളര്‍ ഒഴിവാക്കി ഇടപാട് നടത്താന്‍ സാധിക്കുന്നത് ഇരുരാജ്യങ്ങള്‍ക്കും നേട്ടമായി.
ആഗോളതലത്തില്‍ വിവിധ രാജ്യങ്ങള്‍ ഇടപാട് നടത്തുമ്പോള്‍ പൊതുവായ കറന്‍സി എന്ന നിലയില്‍ ഡോളര്‍ ആണ് ഉപയോഗിക്കുന്നത്. ഇത് ഡോളറിന്റെ അപ്രമാദിത്വം നിലനിര്‍ത്താന്‍ സഹായകമാണ്. എന്നാല്‍ ഇതുകാരണം അമേരിക്കയുടെ സാമ്പത്തിക നയത്തില്‍ വരുന്ന മാറ്റം മറ്റു രാജ്യങ്ങളെയും ബാധിക്കുന്നു എന്ന് മനസിലാക്കിയാണ് തടസമില്ലാത്ത ഇടപാടുകള്‍ക്ക് വേണ്ടി പ്രാദേശിക കറന്‍സികള്‍ തിരഞ്ഞെടുത്തത്.

നേരത്തെ യുഎഇയുമായും ഇന്ത്യ സമാനമായ കരാര്‍ ഒപ്പുവച്ചിരുന്നു. യുഎഇക്കും ഇന്ത്യയ്ക്കുമിടയിലെ വ്യാപാരങ്ങള്‍ക്ക് രൂപ-ദിര്‍ഹം കറന്‍സികളാണ് കൂടുതലും ഉപയോഗിക്കുന്നത് എന്ന വാര്‍ത്തകളും വന്നിരുന്നു. റഷ്യയുമായും സമാനമായ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധം നേരിടുന്നതിനാല്‍ ഇന്ത്യയുമായി പ്രാദേശിക കറന്‍സിയില്‍ നടത്തുന്ന ഇടപാട് റഷ്യയ്ക്കും നേട്ടമാണ്.
2022 മുതല്‍ റഷ്യയില്‍ നിന്ന് ഇന്ത്യ വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതോടെ വ്യാപാരത്തില്‍ അസന്തുലതാവസ്ഥയുണ്ട്. റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കാണ് കൂടുതല്‍ ചരക്കുകള്‍ വരുന്നത്. ഇതിന് പകരം രൂപ വാങ്ങുമ്പോള്‍ റഷ്യന്‍ ബാങ്കുകളില്‍ രൂപ കുമിഞ്ഞുകൂടും. ഈ വെല്ലുവിളി മറികടക്കാന്‍ ഇടപാടുകള്‍ വിപുലമാക്കിയിരിക്കുകയാണ് ഇരുരാജ്യങ്ങളും. കൂടുതല്‍ ബാങ്കുകള്‍ ഇടപാടുകളുടെ ഭാഗമായിട്ടുണ്ട്.
റഷ്യ വിദേശ രാജ്യങ്ങളുമായി നടത്തുന്ന ഇടപാടില്‍ ഏറ്റവും എളുപ്പം ഇന്ത്യയുമായി നടത്തുന്നതാണ് എന്ന് എസ്ബര്‍ ബാങ്കിന്റെ ഇന്ത്യയിലെ മേധാവി ഇവാന്‍ നോസോവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. 2024ല്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം 7000 കോടി ഡോളറിന്റെതാണ്. 2025ല്‍ അമേരിക്ക ഉപരോധം ശക്തമാക്കിയതോടെ വ്യാപാരം കുറഞ്ഞെങ്കിലും ഈ വര്‍ഷം വീണ്ടും വര്‍ധിച്ചിരിക്കുകയാണ്.
റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബര്‍ ബാങ്ക് ഉള്‍പ്പെടെ നിലവില്‍ 22 റഷ്യന്‍ ബാങ്കുകളും 17 ഇന്ത്യന്‍ ബാങ്കുകളും ഈ ഇടപാട് സംവിധാനത്തിന്റെ ഭാഗമാകുന്നുണ്ട്. 90 ശതമാനം ഇടപാടുകളും പത്ത് മിനുട്ടിനകം തീരുന്നു. ഇതില്‍ പകുതിയും ഒരു മിനുട്ടിനകം തീരും. വളരെ എളുപ്പമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രാദേശിക കറന്‍സി ഇടപാട് എന്ന് നോസോവ് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും കഴിഞ്ഞ ദിവസം കസാഖിസ്താനില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. റഷ്യയുമായി ഇടപാട് നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ ചുങ്കം വര്‍ധിപ്പിക്കാന്‍ അമേരിക്ക ആലോചിക്കുന്ന വേളയില്‍ കൂടിയാണ് പ്രാദേശിക കറന്‍സി ഇടപാട് വര്‍ധിച്ചു എന്ന വിവരം പുറത്തുവന്നിട്ടുള്ളത്.





Click it and Unblock the Notifications