Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യന്‍ എണ്ണയോട് ഇന്ത്യക്ക് എന്താണിത്ര കൊതി? എണ്ണിയാല്‍ ഒടുങ്ങാത്ത ലാഭമുണ്ടോ? സത്യാവസ്ഥ ഇതെന്ന്

അമേരിക്ക ഇന്ത്യക്കുമേല്‍ അധിക തീരുവ ഏർപ്പെടുത്താന്‍ പ്രധാനമായും കാരണമായിരിക്കുന്നത് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയാണ്. നിലവില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഏകദേശം 40 ശതമാനത്തോളും റഷ്യയില്‍ നിന്നുമാണ് എത്തുന്നത്. മുന്‍കാലങ്ങളില്‍ ലഭ്യമായിരുന്നത്ര വിലക്കിഴിവ് ഇപ്പോള്‍ ലഭ്യമല്ലെങ്കിലും മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ലാഭകരമായതിനാല്‍ അമേരിക്കന്‍ ഭീഷണി വകവെക്കാതെ ക്രൂഡ് ഓയില്‍ ഇറക്കുമതി ഇപ്പോഴും തുടരുന്നുണ്ട്.

റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ ഇന്ത്യക്ക് വലിയ തോതില്‍ സാമ്പത്തിക ലാഭം ലഭിക്കുന്നുവെന്ന വിലയിരുത്തലും ശക്തമാണ്. എന്നാല്‍ റഷ്യയിൽ നിന്നുള്ള കുറഞ്ഞ വിലയിലുള്ള എണ്ണ ഇറക്കുമതിയിലൂടെ ഇന്ത്യക്ക് ലഭിക്കുന്ന വാർഷിക ലാഭം 2.5 ബില്യൺ യുഎസ് ഡോളർ മാത്രമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 10 മുതൽ 25 ബില്യൺ ഡോളർ വരെ ലാഭമുണ്ടെന്ന ചില മാധ്യമങ്ങളുടെ പ്രചാരണങ്ങൾ സത്യമല്ലെന്നും റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്.

russia-crude-oil-

"റഷ്യൻ എണ്ണ ഇറക്കുമതിയിലൂടെയുള്ള ലാഭം മാധ്യമങ്ങൾ പറയുന്നതിനേക്കാൾ വളരെ കുറവാണ്. മാധ്യമങ്ങൾ 10 മുതൽ 25 ബില്യൺ ഡോളർ വരെ ലാഭമുണ്ടെന്ന് വാദിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ കണക്കനുസരിച്ച് ഇന്ത്യക്ക് ലഭിക്കുന്ന വാർഷിക ലാഭം 2.5 ബില്യൺ ഡോളർ മാത്രമാണ്, അതായത് ഇന്ത്യയുടെ ജിഡിപിയുടെ 0.6 ശതമാനം മാത്രം," ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ (CLSA) തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമായ ഇന്ത്യ, റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിയാൽ, പരിമിതമായ മറ്റ് ഉറവിടങ്ങളെ ആശ്രയിക്കേണ്ടി വരും. ഇത് ആഗോള എണ്ണ വില 100 ഡോളർ വരെ ഉയർത്തുകയും ചെയ്യും. ഉക്രെയ്ൻ യുദ്ധത്തിനു ശേഷമാണ് ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി വലിയ തോതില്‍ വർധിക്കുന്നത്. അങ്ങനെ മൊത്തം എണ്ണ ഇറക്കുമതിയിൽ 1 ശതമാനത്തിൽ താഴെ മാത്രമായിരുന്ന റഷ്യൻ എണ്ണ, ഇപ്പോൾ ഏകദേശം 40 ശതമാനമായി ഉയരുകയും ചെയ്തു. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെ തുടർന്ന് ചില പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയപ്പോൾ, വൻ ഡിസ്കൗണ്ടോടെ എണ്ണ വാഗ്ദാനം ചെയ്തതാണ് ഇന്ത്യയുടെ ഇറക്കുമതി വർധനവിന് കാരണമായത്.

റഷ്യന്‍ എണ്ണയുടെ വരവ് ഇന്ത്യക്ക് സാമ്പത്തിക ലാഭം നല്‍കിയെങ്കിലും ഇത് അമേരിക്കയെ വലിയ തോതില്‍ പ്രകോപിപ്പിക്കുകയായിരുന്നു. റഷ്യൻ എണ്ണ വാങ്ങി ശുദ്ധീകരിച്ച ശേഷം യൂറോപ്പിലേക്ക് ഇന്ധനം കയറ്റുമതി ചെയ്ത് ഇന്ത്യ ലാഭം കൊയ്യുന്നുവെന്നായിരുന്നു ആരോപണം. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നതിന് യാതൊരു അന്താരാഷ്ട്ര നിയമലംഘനവുമില്ലെന്നാണ് ഇന്ത്യയുടെ വാദം.

യൂറോപ്യൻ യൂണിയൻ റഷ്യൻ എണ്ണയിൽ നിന്ന് ശുദ്ധീകരിച്ച ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് അടുത്തിടെ മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയത്. അമേരിക്ക റഷ്യൻ എണ്ണയോ അതിൽ നിന്നുള്ള ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളോ വാങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

നിലവിൽ ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 36 ശതമാനം റഷ്യയിൽ നിന്നാണ്. 2024-25ൽ പ്രതിദിനം 5.4 ദശലക്ഷം ബാരൽ (mbpd) എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ 36 ശതമാനം (1.8 mbpd) റഷ്യയിൽ നിന്ന് വന്നു. മറ്റ് പ്രധാന വിതരണക്കാർ സൗദി അറേബ്യ (14%), ഇറാഖ് (20%), യുഎഇ (9%), യുഎസ്എ (4%) എന്നിവയാണ്. റഷ്യൻ എണ്ണയ്ക്ക് 60 ഡോളറിന്റെ വില പരിധി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഷിപ്പിംഗ്, ഇൻഷുറൻസ്, റീ-ഇൻഷുറൻസ് എന്നിവയിലെ നിയന്ത്രണങ്ങൾ കാരണം ഇന്ത്യൻ റിഫൈനറികൾക്ക് ലഭിക്കുന്ന ലാഭം കുറവാണ് എന്നതാണ് യാഥാർത്ഥ്യം.

2024-ലെ സാമ്പത്തിക വർഷത്തിൽ റഷ്യൻ എണ്ണയ്ക്ക് ശരാശരി 8.5 ഡോളർ ഡിസ്കൗണ്ട് ലഭിച്ചിരുന്നെങ്കിലും, 2025-ൽ ഇത് 3-5 ഡോളറായി കുറഞ്ഞു. സമീപ മാസങ്ങളിൽ ഡിസ്കൗണ്ട് 1.5 ഡോളറായി വരെ കുറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ശരാശരി 4 ഡോളർ ഡിസ്കൗണ്ട് കണക്കാക്കിയാൽ, 2025-ൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന മൊത്തം ലാഭം 2.5 ബില്യൺ ഡോളർ മാത്രമാണ്, അതായത് ജിഡിപിയുടെ 0.6 ശതമാനം. നിലവിലെ ഡിസ്കൗണ്ട് അനുസരിച്ച്, ഈ ലാഭം 1 ബില്യൺ ഡോളറായി കുറയുമെന്നും റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു.

റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിയാൽ, ആഗോള എണ്ണ വില 90-100 ഡോളറായി ഉയരുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്ത്യയുടെ ഇറക്കുമതി നിന്നാൽ, റഷ്യയ്ക്ക് 1 ദശലക്ഷം ബാരൽ എണ്ണ (ആഗോള വിതരണത്തിന്റെ 1%) വിൽക്കാൻ വിപണി കണ്ടെത്താൻ ബുദ്ധിമുട്ടായേക്കും. ഇത് വിതരണ തടസ്സത്തിന് കാരണമാകുകയും, ആഗോള പണപ്പെരുപ്പം വർധിപ്പിക്കുകയും ചെയ്യും. എന്നാൽ, ഇന്ത്യക്ക് മറ്റ് വിതരണക്കാരിൽ നിന്ന് എണ്ണ ലഭിക്കുമെങ്കിലും, വില വർധന ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+