സൗദി അറേബ്യയില്‍ നിന്ന് എണ്ണ, ഖത്തറില്‍ നിന്ന് വാതകം... എല്ലാം നിലയ്ക്കും; ഈ നീക്കം ഇന്ത്യയെ വെട്ടിലാക്കും
ദുബായ്: പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സാഹചര്യം മാറുന്നത് തിരിച്ചടിയാകുന്ന രാജ്യങ്ങളില്‍ ഇന്ത്യയും. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ച് ശതമാനമാണ് വില വര്‍ധന. ഇസ്രായേല്‍ ലബനാന് പിന്നാലെ ഇറാനെയും ആക്രമിക്കുമെന്ന വാര്‍ത്തകളാണ് ആശങ്ക ഇരട്ടിയാക്കുന്നത്. ഇറാനെ ഇസ്രായേല്‍ ആക്രമിക്കാനുള്ള സാധ്യത സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൂചിപ്പിച്ച പിന്നാലെയാണ് വിപണി മാറിമറിഞ്ഞത്.
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കൈവശമുള്ള രാജ്യങ്ങളിലൊന്നാണ് ഇറാന്‍. അമേരിക്കന്‍ ഉപരോധം കാരണം ഇവര്‍ക്ക് വിപണിയിലേക്ക് എണ്ണ വേണ്ടത്രെ എത്തിക്കാന്‍ സാധിക്കുന്നില്ല എന്നത് സത്യമാണ്. ഇറാന്റെ എണ്ണ കേന്ദ്രങ്ങളും ആണവ കേന്ദ്രങ്ങളും ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റിലുണ്ട് എന്നാണ് വാര്‍ത്തകള്‍. ഇവിടെ ആക്രമണം നടന്നാല്‍ ലോക സമ്പദ് ഘടനയുടെ ചിത്രം മാറുമെന്ന് പറയാന്‍ മറ്റൊരു കാരണമുണ്ട്.

അമേരിക്ക ഇറാനെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്ന സൂചനയും വന്നുകഴിഞ്ഞു. ഇറാന്‍ അതിര്‍ത്തിയായ ഹോര്‍മുസ് കടലിടുക്കിലൂടെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എണ്ണ വരുന്നത്. ഈ മേഖലയില്‍ പ്രശ്‌നമുണ്ടായാല്‍ ചരക്കുകടത്ത് പ്രതിസന്ധിയിലാകുകയും വില കുത്തനെ വര്‍ധിക്കുകയും ചെയ്യും. ഹോര്‍മുസില്‍ തടസം നേരിട്ടാല്‍ എണ്ണയ്ക്ക് 28 ഡോളര്‍ വരെ വില വര്‍ധിച്ചേക്കാമെന്നാണ് ക്ലിയര്‍വ്യൂ ഏനര്‍ജി പാര്‍ട്ട്‌ണേഴ്‌സിന്റെ പ്രവചനം.
ലോകത്തെ കടല്‍ ചരക്കുപാതയില്‍ പ്രധാന വഴിയാണ് ഹോര്‍മുസ് കടലിടുക്ക്. മറ്റൊന്ന് ചെങ്കടലാണ്. ഇസ്രായേല്‍ പലസ്തീന് നേരെ ആക്രമണം തുടങ്ങിയ വേളയില്‍ തന്നെ ചെങ്കടല്‍ വഴി തടസപ്പെട്ടിരുന്നു. ഇസ്രായേലിലേക്കുള്ള എല്ലാ കപ്പലും ചെങ്കടലില്‍ വച്ച് ആക്രമിക്കാന്‍ യമനിലെ ഹൂത്തികള്‍ തീരുമാനിച്ചിരുന്നു. ഇവരെ അമേരിക്കയും ഇസ്രായേലും ബ്രിട്ടനും നേരിടുന്നുണ്ടെങ്കിലും വേണ്ടത്ര വിജയിച്ചിട്ടില്ല.
ചരക്കുകടത്തിന് മറ്റു കടല്‍ വഴികളുമുണ്ടെങ്കിലും വലിയ ചെലവ് വരും. അതുവഴി ചരക്കുകള്‍ ഇന്ത്യയിലെത്തിക്കുമ്പോള്‍ വില വര്‍ധിക്കും. അതുകൊണ്ടാണ് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള പാതയെ ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത്. ഒമാന്റെയും ഇറാന്റെയും ഇടയിലാണ് ഹോര്‍മുസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്. പേര്‍ഷ്യന്‍ ഉള്‍ക്കടലിനെ ഒമാന്‍ ഉള്‍ക്കടലുമായും അറേബ്യന്‍ കടലുമായും ബന്ധിപ്പിക്കുന്നതും ഹോര്‍മുസ് ആണ്.
ഇന്ത്യ പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് വീണ്ടും വര്‍ധിപ്പിച്ചിരിക്കെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത് എന്നതും എടുത്തു പറയണം. ജൂലൈയില്‍ പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയത് 40 ശതമാനം എണ്ണയായിരുന്നു. ആഗസ്റ്റില്‍ 44 ശതമാനമായി ഉയര്‍ത്തി. അതേസമയം, റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് 36 ശതമാനത്തിലേക്ക് കുറയുകയും ചെയ്തു. 5 മാസത്തിനിടെ റഷ്യയില്‍ നിന്ന് ഏറ്റവും കുറഞ്ഞ അളവില്‍ എണ്ണ വാങ്ങിയത് ആഗസ്റ്റിലായിരുന്നു.
സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങളെയാണ് പശ്ചിമേഷ്യയില്‍ ഇന്ത്യ എണ്ണയ്ക്ക് വേണ്ടി ആശ്രയിക്കുന്നത്. വാതകത്തിന് വേണ്ടി ഖത്തറിനെയും. പ്രതിവര്‍ഷം 7.5 മെട്രിക് ടണ്‍ എല്‍എന്‍ജി വാങ്ങുന്ന കരാറില്‍ ഖത്തറുമായി ഇന്ത്യ ഒപ്പുവച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. അടുത്ത 20 വര്‍ഷത്തേക്കാണ് ഈ കരാര്‍. യുദ്ധം വ്യാപിക്കുകയും ഹോര്‍മുസില്‍ തടസം നേരിടുകയും ചെയ്താല്‍ എല്ലാം താളം തെറ്റും.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇന്ത്യയിലെത്തിക്കുന്നതിന് വലിയ ചെലവാണ്. എങ്കിലും അവര്‍ വില കുറച്ച് കൊടുക്കുന്നതു കൊണ്ടാണ് ഇന്ത്യ കൂടുതലായി വാങ്ങുന്നത്. അറബ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയ്ക്ക് തടസം നേരിടുകയോ ഇന്ത്യയിലെത്തിക്കുന്നതിന് ചെലവ് വര്‍ധിക്കുകയോ ചെയ്താല്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയ്‌ക്കെല്ലാം വില വര്‍ധിക്കും. ഇന്ത്യയുടെ മറ്റു ആവശ്യങ്ങള്‍ക്കുള്ള പണം ഈ രംഗത്തേക്ക് കൂടുതല്‍ ഇറക്കേണ്ടി വരും. അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിന് ഇത് വഴിയൊരുക്കും. ജനങ്ങനെ നേരിട്ട് ഈ പ്രതിസന്ധി ബാധിക്കുകയും ചെയ്യും.












Click it and Unblock the Notifications