കേവലം മൂന്ന് വർഷം മാത്രം മതി: ആ മേഖലയില്‍ ചൈനയെ ഇന്ത്യ മലർത്തിയടിക്കും, ഗഡ്കരിക്ക് പറയാനുള്ളത്
ഡല്‍ഹി: അതിർത്തിയില്‍ മാത്രമല്ല, ആഗോള സാമ്പത്തിക മേഖലയിലും പരസ്പരം പോരടിക്കുന്ന രണ്ട് രാജ്യങ്ങളിലാണ് ഇന്ത്യയും ചൈനയും. പല വിഭാഗങ്ങളിലും ചൈന ഇന്ത്യയേക്കാള്‍ മുന്നിലാണെങ്കിലും ഘട്ടം ഘട്ടമായി ഇതിനൊരു മാറ്റമുണ്ടാക്കാനുള്ള പദ്ധതിയാണ് ഇന്ത്യ നടപ്പിലാക്കുന്നത്. അത്തരമൊരു നീക്കത്തെക്കുറിച്ചാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.
2027ഓടെ ചൈനയെ തോൽപിച്ച് ലോകത്തെ ഒന്നാം നമ്പർ വാഹന നിർമ്മാതാവാകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് നിതിൻ ഗഡ്കരി വ്യക്തമാക്കുന്നത്. പ്രാഗിൽ നടന്ന 27-ാമത് വേൾഡ് റോഡ് കോൺഗ്രസിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത 3-4 വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വിപണിയായി മാറുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

ന്യൂഡൽഹിയിലെ റിംഗ് റോഡായ അർബൻ എക്സ്റ്റൻഷൻ റോഡ് 2 ന്റെ വരാനിരിക്കുന്ന വിവരങ്ങളും കേന്ദ്ര മന്ത്രി വെളിപ്പെടുത്തി. അടുത്ത 2-3 മാസത്തിനുള്ളിൽ റോഡ് തുറക്കുകയും തലസ്ഥാനത്തെ വിമാനത്താവളത്തിലെത്താനുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഓട്ടോമൊബൈൽ വിപണി ഒമ്പത് വർഷം മുമ്പ് 4.5 ലക്ഷം കോടി രൂപയിൽ നിന്ന് പല മടങ്ങ് വളർന്ന് 12.5 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്. വാസ്തവത്തിൽ, കഴിഞ്ഞ വർഷം, ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയായി മാറി. നിലവില്‍ അമേരിക്കയും ചൈനയുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
ശക്തമായ എൻജിനീയറിങ് ടാലന്റ് പൂൾ, കുറഞ്ഞ തൊഴിൽ ചെലവ്, സർക്കാർ നയങ്ങൾ എന്നിവ കാരണം ലോകത്തെ മുൻനിര വാഹന നിർമാതാക്കളാകാൻ ഇന്ത്യക്ക് കഴിയും. അടുത്തിടെ, ആഗോള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യയിൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നുവെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
ചൈനീസ് ഇലക്ട്രിക് വാഹന ഭീമൻ ബിവൈഡി ഇന്ത്യയിൽ 1 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷത്തെത്തുടർന്ന് ഈ അപേക്ഷ ഇന്ത്യൻ സർക്കാർ തള്ളുകയായിരുന്നു. കോവിഡ് കാലത്ത് പ്രതിസന്ധി നേരിട്ടെങ്കിലും കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യൻ ഓട്ടോമൊബൈൽ വിപണി വീണ്ടും വളർച്ചാ പാതയിലാണ്. പ്രാദേശിക ഉൽപ്പാദനത്തിന്റെയും വിൽപ്പനയുടെയും കയറ്റുമതിയുടെയും കാര്യത്തിൽ ഇന്ത്യ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications