സൗദിയുടേയും റഷ്യയുടേയും കളി നടക്കില്ല: വെനസ്വേലയടക്കമുള്ള രാജ്യങ്ങളുമായി ചർച്ച നടത്താന്‍ ഇന്ത്യ
ഡല്‍ഹി: സൗദി അറേബ്യ നയിക്കുന്ന എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മായ ഒപെക്കും സഖ്യകക്ഷികളും വീണ്ടും ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആവശ്യമായതിന്റെ 85 ശതമാനത്തോളം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെ സംബന്ധിച്ച് ഈ തീരുമാനം വലിയ തിരിച്ചടിയാണ്. എന്നാല്‍ ഇതിനെ മറികടക്കാനുള്ള നീക്കവും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.
ഗയാന, സുരിനാം, നമീബിയ എന്നിവയുൾപ്പെടെ ഒപ്പെക്കിനും സഖ്യകക്ഷികള്‍ക്കും പുറത്തുള്ള രാജ്യങ്ങളുമായി ചർച്ച നടത്തി രാജ്യത്തേക്ക് എണ്ണ എത്തിക്കാനാണ് ഇന്ത്യയുടെ നീക്കം. 600 മില്യൺ ഡോളറിൻ്റെ ലാഭവിഹിതത്തിന് പകരമായി വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ ശേഖരിക്കുമെന്നും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി തിങ്കളാഴ്ച പറഞ്ഞു.

ഒപെക് ഉല്‍പാദനം വെട്ടിക്കുറച്ചതിൻ്റെ ഫലമായി ഉണ്ടാകുന്ന വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടത്തിന്റേയും വിതരണ പ്രതിസന്ധിയേയും രാജ്യം സുഖകരമായി മറികടക്കുമെന്നും മന്ത്രി പറഞ്ഞു. ക്രൂഡ് ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ.പ്രതിസന്ധിയും ആഗോള എണ്ണവിലയിലെ വർധനയും ഇന്ത്യയുടെ ഇറക്കുമതി ചിലവ് വർദ്ധിപ്പിച്ചേക്കാം..
റഷ്യ ഉൾപ്പെടുന്ന ഒപെക് ഗ്രൂപ്പിംഗ് ജൂൺ അവസാനം വരെ സ്വമേധയാ ക്രൂഡ് വിതരണം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സൗദി അറേബ്യ തങ്ങളുടെ സ്വമേധയാ ക്രൂഡ് ഉൽപ്പാദനം പ്രതിദിനം 1 ദശലക്ഷം ബാരലായി കുറയ്ക്കുമെന്നുമാണ് മാധ്യമ റിപ്പോർട്ടുകൾ. ഊർജ മന്ത്രാലയ സ്രോതസ്സുകളെ ഉദ്ധരിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള സൗദി പ്രസ് ഏജൻസി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ജൂൺ അവസാനത്തോടെ രാജ്യത്തിൻ്റെ ക്രൂഡ് ഉത്പാദനം പ്രതിദിനം 9 ദശലക്ഷം ബാരലായി നിലനിർത്തും.
ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ്, കസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളും വിതരണത്തില്‍ കുറവ് വരുത്തുമെന്ന് ഒപെക് സെക്രട്ടറിയേറ്റ് അറിയിച്ചു. "ഒപെക് എന്ത് തീരുമാനമെടുത്താലും അത് അവരുടെ പരമാധികാര തീരുമാനമാണ്. ഒരു രാജ്യത്തിൻ്റെ പ്രതിനിധി എന്ന നിലയിൽ ഞാൻ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു, നമ്മള്‍ ഇത് കടന്ന് പോകും," പുരി പറഞ്ഞു.
2022 ഒക്‌ടോബർ മുതലാണ് ഒപെക്ക് + രാജ്യങ്ങള്‍ ഉത്പാദനം വെട്ടികുറയ്ക്കാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ വിതരണം കുറച്ചുകൊണ്ട് വില സ്ഥിരത കൈവരിക്കുകയെന്നതാണ് ക്രൂഡ് ഓയില്‍ ഉത്പാദക രാഷ്ട്രങ്ങളുടെ ലക്ഷ്യം. എന്നാല്‍ ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി രാഷ്ട്രങ്ങളെ സംബന്ധിച്ച് ഈ നീക്കം തിരിച്ചടിയാണ്. എണ്ണയുടെ വിതരണം കുറയുന്നത് സ്വാഭാവികമായ വില വർധനവ് കാരണമാകും എന്നതാണ് ആശങ്ക.












Click it and Unblock the Notifications