ബ്രിട്ടനില്‍ ജോലി അവസരം; ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഒപ്പുവച്ചു, ജ്വല്ലറി വിപണി കുതിക്കും
ലണ്ടന്‍: ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും ബ്രിട്ടനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഒപ്പുവച്ചു. ഇരുരാജ്യങ്ങളുടെയും വിപണികള്‍ക്ക് വലിയ കുതിപ്പ് പ്രവചിക്കുന്ന കരാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെയാണ് ഒപ്പുവച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതാണ് കരാര്‍.
ഇന്ത്യയിലും ബ്രിട്ടനിലും ഒട്ടേറെ തൊഴില്‍ അവസരങ്ങളാണ് പുതിയ കരാറോടെ വരാന്‍ പോകുന്നത്. താരിഫില്‍ ഇളവ് നല്‍കുന്നത് മാത്രമല്ല, ഐടി, ജ്വല്ലറി, ചെരുപ്പ്, സമദ്രോല്‍പ്പന്നങ്ങള്‍ തുടങ്ങയ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് കരാര്‍ എന്നാണ് വിലയിരുത്തുന്നത്...

പുതിയ കരാര്‍ ഒപ്പുവച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക വ്യാപാരം 3400 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പ്പെട്ട ശേഷം ബ്രിട്ടന്‍ ഒപ്പുവയ്ക്കുന്ന പ്രധാന വ്യാപാര കരാറാണിത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒരു വികസിത രാജ്യവുമായി ഇന്ത്യ ഒപ്പുവയ്ക്കുന്ന ആദ്യ വ്യാപാര കരാറുമാണ്.
ഇരുരാജ്യങ്ങള്‍ക്കും നേട്ടമുണ്ടാകുന്ന കരാറാണിത് എന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങള്‍, പാദരക്ഷ, ആഭരണം, സമുദ്രോല്‍പ്പന്നങ്ങള്‍, എഞ്ചിനീയറിങ് ചരക്കുകള്‍ എന്നിവയ്‌ക്കെല്ലാം ബ്രിട്ടീഷ് വിപണി തുറന്നിരിക്കുകയാണ്. ഇന്ത്യന്‍ കാര്‍ഷിക വിളകള്‍ക്കും പുതിയ വിപണി ലഭിച്ചിരിക്കുന്നു. യുവാക്കള്‍, കര്‍ഷകര്‍, മല്‍സ്യത്തൊഴിലാളികള്‍, ചെറുകിട സംരംഭകര്‍ എന്നിവര്‍ക്കു നേട്ടമാകുമെന്നും മോദി പറഞ്ഞു.
ബ്രിട്ടീഷ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലും ലഭ്യമാകും. വൈദ്യ ഉപകരണങ്ങള്‍, എയറോസ്‌പേസ് പാര്‍ട്‌സുകള്‍ എന്നിവയെല്ലാം കുറഞ്ഞ വിലയില്‍ കിട്ടാനാണ് വഴിയൊരുങ്ങുന്നത്. ഇറക്കുമതി ചുങ്കം വെട്ടിക്കുറയ്ക്കുകയും വ്യാപാരം ചെലവ് കുറഞ്ഞതാകുകയും ചെയ്യുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
വ്യാപാര മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുന്നതോടെ വിപണികള്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കൂടുതല്‍ നിക്ഷേപം വരികയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അമേരിക്ക താരിഫ് ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യയും ബ്രിട്ടനും തമ്മില്‍ താരിഫില്‍ വിട്ടുവീഴ്ച ചെയ്ത് കരാര്‍ ഒപ്പുവച്ചിരിക്കുന്നത് എന്നതും എടുത്തു പറയണം.
ഇന്ത്യയില്‍ നിന്നുള്ള ലഥര്‍, തുണിത്തരങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയ വസ്തുക്കള്‍ ഇറക്കുമ്പോള്‍ ബ്രിട്ടന്‍ ചുങ്കം പൂര്‍ണമായി ഒഴിവാക്കുകയോ ഇളവ് നല്‍കുകയോ ചെയ്യും. വിസ്‌കി, കാര്‍ തുടങ്ങിയ ബ്രിട്ടനില്‍ നിന്നുള്ള വസ്തുക്കള്‍ ഇറക്കുമ്പോള്‍ ഇന്ത്യ താരിഫ് ഇളവ് ചെയ്യും. ഇന്ത്യ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്ന 99 ശതമാനം ചരക്കുകള്‍ക്കും ഇനി ബ്രിട്ടനില്‍ ഇറക്കുമതി നികുതിയില്ല എന്നതാണ് നേട്ടം.
ബ്രട്ടീഷ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തിയിരുന്ന ശരാശരി ഇറക്കുമതി നികുതി 15ല്‍ നിന്ന് മൂന്ന് ശതമാനമായി കുറയും. ഇത് ബ്രിട്ടന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 60 ശതമാനം ഉയരാന്‍ സഹായിക്കും. 26 ബ്രിട്ടീഷ് കമ്പനികള്‍ ഇന്ത്യയില്‍ പുതിയ ബിസിനസ് തുടങ്ങാന്‍ ഒരുങ്ങിയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 120 ബില്യണ്‍ ഡോളര്‍ ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.
ഇന്ത്യന്‍ കമ്പനികളിലെ ജീവനക്കാരെ ബ്രിട്ടനിലേക്ക് അയക്കുമ്പോള്‍ സോഷ്യല്‍ സെക്യൂരിറ്റി ചെലവ് ഇനിയുണ്ടാകില്ല. ഇതോടെ കമ്പനികളുടെ അധിക ചെലവ് കുറയാന്‍ പോകുകയാണ്. ഇന്ത്യയിലെ ആറാമത്തെ നിക്ഷേപക രാജ്യമാണ് ബ്രിട്ടന്‍. അവരുടെ മൊത്തം നിക്ഷേപം 36 ബില്യണ്‍ ഡോളറാണ്. ആയിരത്തോളം ഇന്ത്യന്‍ കമ്പനികളാണ് ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി നിലവില്‍ 14.5 ബില്യണ്‍ ഡോളറാണ്. ഇറക്കുമതി 8.6 ബില്യണും.












Click it and Unblock the Notifications