ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; ചർച്ച ചെയ്ത കാര്യങ്ങൾക്ക് അന്തിമരൂപമായെന്ന് ജെഡി വാൻസ്
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച തീരുമാനങ്ങൾ അന്തിമമാക്കിയെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. കരാർ നീതിപൂർവ്വം നടപ്പാക്കും, ഇരുരാജ്യങ്ങുടേയും മുൻഗണനകളുടെ അടിസ്ഥാനത്തിലായിരിക്കും അത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ശക്തിയായിരിക്കും 21ാം നൂറ്റാണ്ടിലെ ലോകത്തിന്റെ ഭാവി നിർണയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.ജയ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു വാൻസ്.
'ഇന്ത്യൻ വിപണികളിൽ കൂടൂതൽ ഇടപെടാനുള്ള സാധ്യതകളാണ് ഞങ്ങൾ തേടുന്നത്. വൈവിധ്യമാർന്ന മേഖലകളിലെ സഹകരണം ഇതുവഴി നടപ്പിലാകും, അതുവഴി ജനങ്ങളെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ സാധിക്കും. ആഗോള വ്യാപാരം സന്തുലിതമാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടികൾക്കിടെ ഇതൊരു വിൻവിൻ പാട്ണർഷിപ്പ് വളർത്തും', അദ്ദേഹം കൂട്ടിച്ചേർത്തു.

'പുതിയ തൊഴിൽ സൃഷ്ടിക്കുന്നതിനും സപ്ലൈ ചെയിൻ ശക്തിപ്പെടുത്തുന്നതിനും തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഇരുരാജ്യതങ്ങളും തങ്ങളുടെ മുൻഗണന മേഖലകൾ കണ്ടെത്തി. തിങ്കളാഴ്ച ഡൽഹയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച വ്യാപാരക്കരാർ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതിന് ആവശ്യനായ ഒരു രൂപരേഖ തയ്യാറാക്കുന്നതിന് സഹായിക്കും. തൊഴിലാളികളെ സംരക്ഷിക്കാനും കയറ്റുമതി വർധിപ്പിക്കാനും വേതനം കുറക്കുന്നത് തടയാനുമുള്ള ഇരുരാജ്യങ്ങളുടേയും ലക്ഷ്യങ്ങളുമായി ഏറെ യോജിച്ച് നിൽക്കുന്നതാണിത്', അദ്ദേഹം പറഞ്ഞു.
ജയ്പൂരിൽ നടന്ന പരിപാടിയിൽ വ്യാപാര, വ്യവസായ പ്രതിനിധികൾ, രാഷ്ട്രീയക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. സ്വതന്ത്രവും തുറന്നതും സമാധാനപരവും സമൃദ്ധവുമായ ഒരു ഇന്തോ-പസഫിക് മേഖല വളർത്താൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിക്ക് ഇന്ത്യ ഉടൻ ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിവിൽ ന്യൂക്ലിയർ ലയബിളിറ്റി നിയമങ്ങൾ ഭേദഗതി വരുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തേയും വാൻഡ് സ്വാഗതം ചെയ്തു. 'ഇന്ത്യയുടെ ഊർജ സുരക്ഷാ താത്പര്യങ്ങളെ പിന്തുണയ്ക്കാൻ യു എസ് തയ്യാറാണ്. ഇന്ത്യയുടെ ആണവോർജ നിർമ്മാണ ലക്ഷ്യങ്ങളെ സഹായിക്കാൻ അമേരിക്കൻ ഊർജമേഖലയ്ക്ക് സാഝിക്കും. പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണയോടെയുള്ള ഊർജ അഭിലാഷങ്ങൾ. ഊർജ്ജ സുരക്ഷയും ഊർജ്ജ ആധിപത്യവും ഇല്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഭാവിയില്ല', വാൻസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച രീതിയിൽ വിലപേശുമെന്നും അതുകൊണ്ടാണ് അദ്ദേഹം ഇത്രയും ബഹുമാനിക്കപ്പെടുന്നതെന്നും വാൻസ് പറഞ്ഞു.












Click it and Unblock the Notifications