സൗദി അറേബ്യ, റഷ്യ അയഞ്ഞു; എണ്ണ ഇനി ഒഴുകും... ഇന്ത്യയ്ക്ക് വന്‍ നേട്ടം, ചുങ്കപ്പോര് കളംനിറഞ്ഞു
ദുബായ്: ക്രൂഡ് ഓയില്‍ വില കുറയാന്‍ വഴിയൊരുങ്ങി. ഉല്‍പ്പാദനം കൂട്ടാന്‍ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഇതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ബാരലിന് ഒരു ഡോളറിന്റെ കുറവ് വന്നു. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് 67 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്ത്യയ്ക്ക് ഇതുവഴി വലിയ നേട്ടം ലഭിക്കുമെന്നാണ് പ്രതീക്ഷ. ക്രൂഡ് വില കുറഞ്ഞാല്‍ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയും കുറയേണ്ടതാണ്.
അമേരിക്ക മൂന്ന് രാജ്യങ്ങള്‍ക്കെതിരെ ഉയര്‍ന്ന താരിഫ് ഇന്ന് മുതല്‍ നടപ്പാക്കി തുടങ്ങി. കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് അധിക ചുങ്കം അമേരിക്ക ചുമത്തിയത്. ഈ രണ്ട് തീരുമാനങ്ങളും എണ്ണവില കുറയ്ക്കാന്‍ വഴിയൊരുക്കും. ആവശ്യമുള്ളതിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണിത്.

ഏപ്രില്‍ മുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടാം എന്നാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ്. ഈ ഗ്രൂപ്പില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളും ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇവരില്‍ പ്രധാനി റഷ്യയാണ്. ഈ രണ്ട് ഗ്രൂപ്പുകളുടെയും സംയുക്ത യോഗത്തിലാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്.
ഇന്നലെ നേരിയ തോതില്‍ വില കുറഞ്ഞ പിന്നാലെ ഇന്നും ക്രൂഡ് ഓയില്‍ വില താഴ്ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 70 ഡോളറായി കുറഞ്ഞു. യുഎഇയുടെ മര്‍ബണ്‍ ക്രൂഡിനും 70 ഡോളറായി. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡിന് 67 ഡോളറായും വില താഴ്ന്നു. ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടരുത് എന്ന് നേരത്തെ വാശി പിടിച്ചിരുന്ന രാജ്യം സൗദി അറേബ്യ ആയിരുന്നു.
വിപണിയില്‍ ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ എത്തിയാല്‍ വില കുറയുമെന്ന് ഉറപ്പാണ്. മാത്രമല്ല, അമേരിക്കയുടെ താരിഫ് പോര് എണ്ണയുടെ ആവശ്യം കുറയ്ക്കാന്‍ ഇടയാക്കും. ഇതും വില കുറയാന്‍ കാരണമാണ്. യുക്രൈന് നല്‍കുന്ന സൈനിക സഹായം നിര്‍ത്താന്‍ അമേരിക്ക തീരുമാനിച്ചതും ക്രൂഡ് ഓയില്‍ വില താഴാന്‍ വഴിയൊരുക്കും. റഷ്യയ്‌ക്കെതിരായ അമേരിക്കന്‍ ഉപരോധം നീക്കുമെന്നും സൂചനയുണ്ട്.
2022ന് ശേഷം ആദ്യം
2022ന് ശേഷം ആദ്യമായിട്ടാണ് ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കൂട്ടുന്നത്. ഏപ്രില്‍ മുതല്‍ ഓരോ ദിവസവും 138000 ബാരല്‍ ഉല്‍പ്പാദനമാണ് കൂട്ടുക. ഇത്രയും അധികം എണ്ണ വിപണിയില്‍ എത്തുമെന്ന് ചുരുക്കം. ഒപെക് പ്ലസിന്റെ തീരുമാനം വിപണിക്ക് ആശ്ചര്യമുണ്ടാക്കുന്നതാണ് എന്ന് എസ്ഇബി ചീഫ് കമ്മോഡിറ്റീസ് അനലിസ്റ്റ് ജര്‍നി ഷില്‍ഡ്രോപ് പറഞ്ഞു.
കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 25 ശതമാനം താരിഫ് ചുമത്താനുള്ള അമേരിക്കയുടെ തീരുമാനം ഇന്ന് മുതല്‍ നടപ്പായി. കാനഡയില്‍ നിന്ന് ഇറക്കുന്ന ഊര്‍ജ വസ്തുക്കള്‍ക്ക് 10 ശതമാനം താരിഫ് ചുമത്താനും തീരുമാനിച്ചു. ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് 10ല്‍ നിന്ന് 20 ശതമാനമായിട്ടാണ് താരിഫ് ഉയര്‍ത്തിയത്.
ഇതിന് മറുപടിയെന്നോണം അമേരിക്കയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്താന്‍ മൂന്ന് രാജ്യങ്ങളും തീരുമാനിച്ചു. ചൈന 15 ശതമാനമാക്കി താരിഫ് ഉയര്‍ത്തി. 25 അമേരിക്കന്‍ കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും ചൈന തീരുമാനിച്ചു.
ക്രൂഡ് വില കുറയുന്ന സാഹചര്യമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഏപ്രില്‍ മുതല്‍ വില ഇനിയും കുറയുമെന്നത് ഇന്ത്യയ്ക്ക് നേട്ടമാണ്. ഇന്ത്യയുടെ പണം കൂടുതലായി വിദേശത്തേക്ക് പോകുന്നത് ക്രൂഡ് ഓയില്‍ ഇറക്കുമതിയിലൂടെയാണ്. ഇത് കുറയ്ക്കാന്‍ ഇനി സാധിക്കും. ഇന്ത്യയുടെ വ്യാപാര കമ്മി കുറയാന്‍ വഴിയൊരുക്കുകയും ചെയ്യും.












Click it and Unblock the Notifications