യുഎസ് സന്ദർശനത്തിനിടെ മോദിക്ക് സ്വീകരണമൊരുക്കാൻ ഇന്ത്യൻ സമൂഹം; വാഷിംഗ്ടണിൽ പ്രത്യേക പരിപാടി
വാഷിംഗ്ടൺ; യു എസ് സന്ദർശനത്തിനിടെ അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ജൂൺ 23 ന് വാഷിംഗ്ടണിലെ റൊണാൾഡ് റീഗൻ ബിൽഡിംഗിലായിരിക്കും പരിപാടി നടക്കുക. യുഎസിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക്' എന്ന വിഷയത്തിൽ പ്രത്യേക ചർച്ച നടക്കും.
ഇന്ത്യൻ സമയം വൈകീട്ട് 7 മുതൽ 9 വരെയാണ് പരിപാടി. ഏകദേശം 1,600 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് റൊണാൾഡ് റീഗൻ ബിൽഡിംഗിലെ ആട്രിയം. 8,100 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്ത്രീർണം. പരിപാടിയിൽ ആയിരത്തോളം പേർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ചടങ്ങിൽ പ്രശസ്ത ആഫ്രിക്കൻ-അമേരിക്കൻ ഗായിക മേരി മിൽബെൻ സംഗീത വിരുന്നൊരുക്കം.

മോദിയുടെ പരിപാടി സംഘടിപ്പിക്കാനായതിന്റെ ആവേശത്തിലാണ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ. 'പ്രധാനമന്ത്രി ഇന്ത്യൻ-അമേരിക്കക്കാരുമായി സംവദിക്കാൻ സമയം അനുവദിക്കുകയായിരുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് അദ്ദേഹം', കമ്മ്യൂണിറ്റി നേതാവും യുഎസിലെ മോദിയുടെ റൊണാൾഡ് റീഗൻ സെന്റർ പരിപാടിയുടെ സംഘാടകനുമായ ഡോ ഭരത് ബറായി പറഞ്ഞു.
'യുഎസിൽ ജീവിത വിജയം നേടിയെങ്കിലും പല ഇന്ത്യൻ-അമേരിക്കക്കാർക്കും ഇന്ത്യ എന്നത് അവരുടെ അവരുടെ വികാരമാണ്. അവരുടെ മാതൃരാജ്യത്തിന്റെ ഓർമ്മകൾ, വളർന്നുവന്ന പാരമ്പര്യങ്ങൾ, അവരുടെ പൂർവ്വികരിൽ നിന്ന് പാരമ്പര്യമായി ലഭിച്ച മൂല്യങ്ങൾ എന്നിവയാണ് അവരുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള ഒരു വൈകാരിക ബന്ധമാണ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ രൂപീകരിക്കാനുള്ള പ്രേരക ശക്തി', സംഘാടകർ വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ ഇന്ത്യൻ-അമേരിക്കക്കാർ വലിയ ആവേശത്തിലാണ്. അദ്ദേഹത്തെ കാണായി രാജ്യത്തിന്റെ നാനാഭാഗത്ത് നിന്ന് നൂറുകണക്കിന് ആളുകളാണ് വാഷിംഗ്ടൺ ഡിസിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്. വിവിധ നഗരങ്ങളിൽ നടക്കുന്ന പരിപാടികളിൽ മോദിയെ ഒരുനോക്ക് കാണാനാകുമെന്ന പ്രതീക്ഷയിലാണ് പലരും.
ജൂൺ 21 മുതൽ 24 വരെയാണ് മോദിയുടെ യു എസ് സന്ദർശനം.21ന് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗാദിനാഘോഷങ്ങളിലാണ് മോദി ആദ്യം പങ്കെടുക്കുക,തുടർന്ന് വാഷിങ്ടണിലെത്തും. അന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും കുടുംബവും മോദിക്ക് അത്താഴ വിരുന്നൊരുക്കും. 22 ന് വൈറ്റ് ഹൗസിൽ മോദിക്ക് സ്വീകരണം നൽകും. ജൂൺ 23-ന് ഫോഗി ബോട്ടമിലെ വിദേശകാര്യമന്ത്രാലയ ആസ്ഥാനത്ത് നടക്കുന്ന ഉച്ചഭക്ഷണവിരുന്നിൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും അദ്ദേഹത്തിന് സ്വീകരണമൊരുക്കും.












Click it and Unblock the Notifications