ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ സംഘം; തകര്‍ന്ന വ്യാപാരം തിരിച്ചുപിടിക്കും, പിയൂഷ് ഗോയല്‍ നയിക്കും
കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഇസ്രായേലിലേക്ക്. വ്യാപാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നാളെ മുതല്‍ തുടങ്ങുന്ന ത്രിദിന പര്യടനം. ഇരുരാജ്യങ്ങളിലെയും വ്യവസായികള്‍ പങ്കെടുക്കുന്ന പരിപാടി പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ ഇസ്രായേല്‍ വാണിജ്യമന്ത്രിയുമായി പിയൂഷ് ഗോയല്‍ ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും താല്‍പ്പര്യപ്പെടുന്ന സ്വതന്ത്ര വ്യാപാര കരാറിന്റെ തുടര്‍ചര്‍ച്ച നടക്കും.
ഏഷ്യയില്‍ ഇസ്രായേലിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2022 വരെ വ്യാപാരം ഓരോ വര്‍ഷവും മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രായേല്‍-ഗാസ യുദ്ധം തുടങ്ങിയതോടെ വ്യാപാരം തകര്‍ന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതിയും ഇറക്കുമതിയും പകുതിയായി. വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പിയൂഷ് ഗോയല്‍ ടെല്‍ അവീവിലെത്തുന്നത്.

പിയൂഷ് ഗോയലിനൊപ്പം 60 അംഗ സംഘവും ഇസ്രായേലിലേക്ക് പോകുന്നുണ്ട്. വ്യാപാരം, നിക്ഷേപം, പ്രതിരോധം എന്നീ കാര്യങ്ങളാണ് പ്രധാന ചര്‍ച്ചയാകുക. നവംബര്‍ 22ന് സംഘം തിരിച്ച് ഇന്ത്യയിലേക്ക് എത്തും. 2010ലാണ് ഇന്ത്യയും ഇസ്രായേലും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച ആരംഭിച്ചത്. ഇടക്കാലത്ത് ചര്‍ച്ച നിലച്ചിരുന്നു. 2021 ഒക്ടോബറില്‍ ചര്‍ച്ച പുനരാരംഭിച്ചു.
2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യ ഇസ്രായേലിലേക്ക് 452 കോടി ഡോളറിന്റെ ചരക്കുകള്‍ കയറ്റുമതി ചെയ്തിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 214 കോടി ഡോളറായി കുറഞ്ഞു. ഇസ്രായേലില്‍ നിന്നുള്ള ഇറക്കുമതി 26 ശതമാനവും കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വാണിജ്യ മന്ത്രിയും സംഘവും ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. വ്യാപാരം ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
ഇന്ത്യ-ഇസ്രായേല്‍ വ്യാപാരം ഈ മേഖലയില്‍
ഡയമണ്ട്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍, പ്രതിരോധ ഉപകരണങ്ങള്‍, വൈദ്യ ഉപകരണങ്ങള്‍, പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍ എന്നിവയാണ് ഇന്ത്യയും ഇസ്രായേലും തമ്മില്‍ പ്രധാന വ്യാപാരം. ഇസ്രായേല്‍ വാണിജ്യ മന്ത്രി നിര്‍ ബറക്കാത്തുമായി പിയൂഷ് ഗോയല്‍ ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളുടെയും വ്യാപാര സമിതിയുടെ സംയുക്ത യോഗം ചേരും. മറ്റു ചില ഇസ്രായേല്‍ മന്ത്രിമാരെയും ഗോയല്‍ കാണും.
ഇസ്രായേല്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ വ്യാപാരം സുഗമമാക്കുന്ന കരാര്‍ കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. ബിലാറ്ററല്‍ ഇന്‍വെസ്റ്റ്‌മെന്റ് അഗ്രിമെന്റ് ആണ് ഒപ്പുവച്ചത്. ഇന്ത്യയുമായി ഈ കരാര്‍ ഒപ്പുവയ്ക്കുന്ന ആദ്യ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപറേഷന്‍ ആന്റ് ഡവലപ്‌മെന്റ് (ഒഇസിഡി) രാജ്യമാണ് ഇസ്രായേല്‍. ഇന്ത്യയിലെ അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഇസ്രായേലില്‍ വന്‍ നിക്ഷേപമുണ്ട്.
ഇന്ത്യയില്‍ നിക്ഷേപമുള്ള നിരവധി ഇസ്രായേല്‍ കമ്പനികളുമുണ്ട്. 2000-2025 കാലയളവില്‍ 337 ദശലക്ഷം കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇസ്രായേല്‍ കമ്പനികള്‍ ഇന്ത്യയില്‍ നടത്തിയത്.












Click it and Unblock the Notifications