ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ബംഗ്ലാദേശ്; അഗര്‍ത്തലയിലെ ഹൈക്കമ്മീഷന്‍ സേവനങ്ങള്‍ റദ്ദാക്കി
ധാക്ക: ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രണയ് വര്‍മ്മയെ വിളിച്ചു വരുത്തി ബംഗ്ലാദേശ്. ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് വിദേശകാര്യ ഓഫീസില്‍ എത്തിയ പ്രണയ് വര്‍മ്മയെ ആക്ടിംഗ് ഫോറിന്‍ സെക്രട്ടറി എം റിയാസ് ഹമീദുള്ളയുടെ ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. അതേസമയം കൂടിക്കാഴ്ച സ്വാഭാവിക നടപടിയാണ് എന്നാണ് പ്രണയ് വര്‍മ്മ പ്രതികരിച്ചത്.
'ബംഗ്ലാദേശുമായി ഞങ്ങള്‍ക്ക് അത്രയും വിശാലവും ബഹുമുഖവുമായ ബന്ധമുണ്ട്. ഒരു പ്രശ്‌നത്തിലേക്ക് മാത്രമായി ഇത് ചുരുക്കാന്‍ കഴിയില്ല. നമുക്ക് സുസ്ഥിരവും ക്രിയാത്മകവുമായ ബന്ധം കെട്ടിപ്പടുക്കാന്‍ ആഗ്രഹമുണ്ട്,'' അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരുമായി ഇടപഴകാന്‍ തങ്ങള്‍ തയ്യാറാണ് എന്നും പ്രണയ് വര്‍മ്മ കൂട്ടിച്ചേര്‍ത്തു. സമാധാനത്തിനും സുരക്ഷയ്ക്കും ബംഗ്ലാദേശുമായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ താല്‍പ്പര്യപ്പെടുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അഗര്‍ത്തലയിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനിലെ എല്ലാ കോണ്‍സുലര്‍ സേവനങ്ങളും സുരക്ഷാ കാരണങ്ങളാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഒരു ബംഗ്ലാദേശ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് ഉടനടി പ്രാബല്യത്തില്‍ വരും എന്ന് ബംഗ്ലാദേശ് മിഷന്റെ പ്രഥമ സെക്രട്ടറി എംഡി അല്‍-അമീന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
അഗര്‍ത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷന്‍ പരിസരത്തേക്ക് പ്രതിഷേധം സംഘടിപ്പിച്ചതിനെ വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു. ഒരു സാഹചര്യത്തിലും നയതന്ത്ര, കോണ്‍സുലാര്‍ സ്വത്തുക്കള്‍ ലക്ഷ്യമിടാന്‍ പാടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധക്കാര്‍ അഗര്‍ത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷനില്‍ അതിക്രമിച്ചു കയറിയത്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെയാണ് ബംഗ്ലാദേശില്‍ സംഘര്‍ഷം രൂക്ഷമായത്. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ മൂലം ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ അസ്വാരസ്യം ഉടലെടുത്തിരുന്നു. ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇസ്‌കോണ്‍ പുരോഹിതന്‍ ചിന്‍മോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെ തുടര്‍ന്ന് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയും ചെയ്തിരുന്നു.
ചിന്‍മോയ് കൃഷ്ണ ദാസിനെ അറസ്റ്റുചെയ്തതും ജാമ്യം നിഷേധിച്ചതും വളരെയധികം ആശങ്കപ്പെടുത്തുന്നതാണെന്നാണ് ഇന്ത്യ അറിയിച്ചിരുന്നു. പ്രതികളെ പിടികൂടാതെ ന്യായമായ ആവശ്യമുന്നയിച്ച മതനേതാവിന്റെ പേരില്‍ കുറ്റംചുമത്തുന്നത് നിരാശാജനകമാണ് എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരേയുള്ള നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications