കാനഡയില്‍ ആദ്യമായി ഒരു ഹിന്ദു പ്രധാനമന്ത്രിയാകുമോ: ട്രൂഡോയുടെ പിന്‍ഗാമിയായി തമിഴ് വംശജ അനിത ആനന്ദിന് സാധ്യത
ഒട്ടാവോ: സ്ഥാനമൊഴിയുന്ന ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരിയായി കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു ഇന്ത്യന്‍ വംശജ എത്താനുള്ള സാധ്യതയേറുന്നു. നിലവില്‍ രാജ്യത്തിന്റെ ഗതാഗത മന്ത്രിയായ അനിതാ ആനന്ദ് പ്രധാനമന്ത്രി പദത്തിലേക്ക് എത്താനുള്ള സാധ്യതകള്‍ ഏറെയാണെന്നാണ് വിവിധ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച ജസ്റ്റിന്‍ ട്രൂഡോ ഭരണകക്ഷിയായ ലിബറൽ പാർട്ടി പുതിയ നേതാവിനെ കണ്ടെത്തുന്നത് വരെയായിരിക്കും പദവിയില്‍ തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഗതാഗത വകുപ്പിനൊപ്പം തന്നെ ആഭ്യന്തര വ്യാപാര വകുപ്പിന്റെ ചുമതലുയം അനിത ആനന്ദ് വഹിക്കുന്നുണ്ട്. നോവ സ്കോട്ടിയില്‍ ജനിച്ചു വളർന്ന അനിതാ ആനന്ദിന്റെ രക്ഷിതാക്കള്‍ തമിഴ്നാട്ടില്‍ നിന്നും കാനഡയിലേക്ക് കുടിയേറിയവാണ്. 1985-ലാണ് ഇവർ നോവ സ്കോട്ടിയില്‍ നിന്നും ഒൻ്റാറിയോയിലേക്ക് താമസം മാറുന്നത്. ഭർത്താവ് ജോണിനും നാല് മക്കള്‍ക്കുമൊപ്പമാണ് അനിതയുടെ ജീവിതം.

2019-ലെ തിരഞ്ഞെടുപ്പില്‍ ഓക്ക്‌വില്ലെയില്‍ നിന്നും അനിത ആനന്ദ് ആദ്യമായി പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കനേഡിയന്‍ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിതയായിരുന്നു അനിത. 2019 മുതൽ 2021 വരെ പൊതു സേവനങ്ങളുടെയും സംഭരണ വകുപ്പിന്റേയും മന്ത്രിയായി സേവനമനുഷ്ഠിച്ച അവർ ട്രഷറി ബോർഡ് പ്രസിഡൻ്റായും ദേശീയ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. അനിത പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെൻ്റ് മന്ത്രിയായി പ്രവർത്തിക്കുന്ന സമയത്തായിരുന്നു കോവിഡ് മാഹാമാരിയെത്തിയത്. ഈ സമയത്ത് നടത്തിയ പ്രവർത്തനങ്ങള്‍ രാഷ്ട്രീയക്കാരി എന്ന നിലയില്‍ അവരുടെ ജനപ്രീതി വർധിപ്പിച്ചു.
പിന്നീട് ദേശീയ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചപ്പോൾ, സൈന്യത്തിലെ ലൈംഗിക ദുരാചാരങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികളും അവർ നടപ്പിലാക്കി. ഉക്രെയ്നിലെ റഷ്യയുടെ അനധികൃത അധിനിവേശത്തെത്തുടർന്ന് ഉക്രേനിയൻ സൈനികരെ പരിശീലിപ്പിക്കുന്നതിന് സമഗ്രമായ സൈനിക സഹായം നൽകാനുള്ള കാനഡയുടെ പ്രവർത്തനങ്ങള്‍ക്കും അവർ നേതൃത്വം നൽകി. 2024 സെപ്തംബറിലാണ് ട്രഷറി ബോർഡ് പ്രസിഡൻ്റ് എന്ന പദവിക്ക് പുറമേ, ഗതാഗത മന്ത്രിയായി അനിത ആനന്ദിനെ നിയമിക്കുന്നത്.
രാഷ്ട്രീയക്കാരി എന്നതിനോടൊപ്പം അനിതാ ആനന്ദ് അഭിഭാഷകയും ഗവേഷകയുമാണ്. ടൊറൻ്റോ സർവകലാശാലയിൽ നിയമ വിഭാഗത്തില്‍ പ്രൊഫസറായിരുന്നു അവർ നിക്ഷേപക സംരക്ഷണത്തിലും കോർപ്പറേറ്റ് ഭരണത്തിലും ക്ലാസുകള്‍ എടുത്തിരുന്നു. യേൽ ലോ സ്കൂൾ, ക്വീൻസ് യൂണിവേഴ്സിറ്റി, വെസ്റ്റേൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും അവർ നിയമം പഠിപ്പിച്ചു.
ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സ്റ്റഡീസിൽ ബിരുദം (ഓണേഴ്സ്), ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമശാസ്ത്രത്തിൽ ബിരുദം (ഓണേഴ്സ്), ഡൽഹൌസി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം, ടൊറൻ്റോ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം എന്നിങ്ങനെയാണ് അനിത ആനന്ദിന്റെ വിദ്യാഭ്യാസ യോഗ്യത.












Click it and Unblock the Notifications