മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കും; പുടിന്‍ പങ്കെടുക്കാത്തത് ഈ ഭയം കൊണ്ട്
ന്യൂഡല്‍ഹി: കത്തോലിക്ക സഭയുടെ ആഗോള പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. അതിനായി രാഷ്ട്രപതിയും സംഘവും ഇന്ത്യയില്‍ നിന്ന് റോമിലേക്കു പുറപ്പെട്ടു.
പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു, ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ട്. വത്തിക്കാനില്‍ നാളെ പ്രാദേശിക സമയം രാവിലെ പത്തിനാണ് (ഇന്ത്യന്‍ സമയം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക്) സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്നത്.

വെള്ളിയാഴ്ച റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ എത്തി മാര്‍പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തുടര്‍ന്ന് നാളെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഫ്രാന്‍സിസ് പാപ്പ പുലര്‍ത്തിയിരുന്നത്. പ്രധാനമന്ത്രി മോദി റോമിലെത്തി പാപ്പയെ സന്ദര്‍ശിച്ചിട്ടുമുണ്ട്. ഇന്ത്യയിലേക്കു വരാനുള്ള ആഗ്രഹവും പാപ്പ പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയെ പ്രതിനീധീകരിച്ച് ഏറ്റവും ഉയര്‍ന്ന നേതാക്കള്‍തന്നെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കണമെന്ന തീരുമാനമാണ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉണ്ടായത്. മാര്‍പാപ്പയുടെ സംസ്‌കാരം നടക്കുന്ന ശനിയാഴ്ച ഇന്ത്യയിലും ഔദ്യോഗിക ദുഃഖാചരണമായിരിക്കും.
ജനസംഖ്യയില്‍ വലിയൊരു വിഭാഗം കത്തോലിക്കരുള്ള ഇന്ത്യയില്‍ മാര്‍പ്പാപ്പയോടുളള ആദരസൂചകമായി മൂന്ന് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ രാഷ്ട്രപതിയെക്കൂടാതെ നിരവധി ലോക നേതാക്കളാണ് മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നത്. അതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുതല്‍ യുകെ പ്രധാനമന്ത്രിയും ബ്രിട്ടീഷ് രാജകുമാരനും അടക്കമുള്ളവര്‍ ഉള്‍പ്പെടും.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വദേശമായ അര്‍ജന്റീനയുടെ പ്രസിഡന്റ് ഹാവിയര്‍ മിലെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാേക്രാണ്‍, യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി എന്നിവര്‍ അടക്കം അന്‍പതിലേറെ ലോക നേതാക്കള്‍ പങ്കെടുക്കും. അതേസമയം റഷ്യന്‍ പ്രസിഡന്റ് പുടിന്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ക്രെംലിന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന പതിനായിരക്കണക്കിന് വിശ്വാസികളും സംസ്‌കാരച്ചടങ്ങിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍പാപ്പയെ അവസാനമായി കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ലക്ഷക്കണക്കിന് വിശ്വാസികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വത്തിക്കാനിലെത്തുന്നത്. വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് ചടങ്ങുകള്‍ നടക്കുക. തന്നെ ഇവിടെ അടക്കം ചെയ്യണമെന്ന് മാര്‍പാപ്പ മരണപത്രത്തില്‍ എഴുതിയിട്ടുണ്ടായിരുന്നു. ഏറ്റവും ലളിതമായിട്ടാണ് സംസ്‌കാരച്ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
റഷ്യന്‍ പ്രസിഡന്റ് പുടിന്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തിന് കാരണമൊന്നും റഷ്യന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. എങ്കിലും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ചിട്ടുള്ള അറസ്റ്റ് വാറണ്ട് കാരണമാണ് യാത്ര ഒഴിവാക്കിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ അന്താരാഷ്ട്ര യാത്രകള്‍ പുടിന് വെല്ലുവിളിയാണ്. അതേസമയം, കത്തോലിക്കാ സഭയിലെ കര്‍ദിനാള്‍ കെവിന്‍ ഫാരെലിന് അനുശോചനം അറിയിച്ച് പുടിന്‍ സന്ദേശം അയച്ചിരുന്നു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications