ഇന്ത്യന്‍ അരി കയറ്റുമതി പ്രതിസന്ധിയില്‍; ബാന്തര്‍ അബ്ബാസില്‍ കെട്ടിക്കിടക്കും, ബസ്മതി വില ഇടിയുന്നു
ഇറാനില്‍ യുദ്ധം തുടങ്ങിയതോടെ വലിയ തിരിച്ചടി നേരിടുന്നവരില്‍ ഇന്ത്യയിലെ കര്‍ഷകരും കയറ്റുമതിക്കാരും. ഇന്ത്യയില്‍ നിന്നുള്ള അരി പശ്ചിമേഷ്യയിലേക്ക് വലിയ തോതില്‍ കയറ്റുമതി ചെയ്തിരുന്നു. നിലവില്‍ കയറ്റുമതി ചെയ്ത അരി ഇറാനിലെ ബാന്തര്‍ അബ്ബാസ് തുറമുഖത്താണുള്ളത്. ഇവ വിതരണം ചെയ്യാനാകാതെ കിടക്കുകയാണ്. മാത്രമല്ല, അരി വില ഇടിയാനും തുടങ്ങി. യുദ്ധം ഒരു ദിവസം മാത്രം പിന്നിട്ടപ്പോഴാണ് ഈ അവസ്ഥ.
യുദ്ധം നീണ്ടാല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങും. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുക കൂടി ചെയ്തതോടെ ഇന്ത്യയുടെ കയറ്റുമതിയും വെല്ലുവിളി നേരിടുകയാണ്. കോടികളുടെ നഷ്ടമാണ് കയറ്റുമതി മേഖലയ്ക്ക് വരാന്‍ പോകുന്നത്. അതിനിടെയാണ് ബസ്മതി അരിയുടെ വിലയില്‍ ക്വിന്റിലിന് 500 രൂപ വരെ കുറഞ്ഞിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്നത് യുഎഇ, ഒമാന്‍, യമന്‍, ഇറാഖ്, ഇറാന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലേക്കാണ്. ഇറാനിലെ ബാന്തര്‍ അബ്ബാസ് തുറമുഖത്ത് എത്തിച്ച ശേഷമാണ് അഫ്ഗാനിലേക്കും മറ്റു രാജ്യങ്ങളിലേക്ക് അരി കൊണ്ടുപോകുക. ആഴ്ചകള്‍ക്ക് മുമ്പ് അയച്ച അരി യുദ്ധം തുടങ്ങിയതോടെ ബാന്തര്‍ അബ്ബാസില്‍ കെട്ടിക്കിടക്കുകയാണ്. ഇറാനിലെ ഏറ്റവും വലിയ തുറമുഖമാണ് ബാന്തര്‍ അബ്ബാസ്.
യുദ്ധം തുടര്‍ന്നാല്‍ വലിയ സാമ്പത്തിക നഷ്ടം ഇന്ത്യയിലെ കയറ്റുമതിക്കാര്‍ നേരിടേണ്ടി വരും. ആദ്യ ദിവസം പിന്നിടുമ്പോള്‍ തന്നെ നഷ്ടം പ്രകടമാകാന്‍ തുടങ്ങി. ഇന്ത്യയുടെ മൊത്തം ബസ്മതി അരി കയറ്റുമതിയില്‍ 35 ശതമാനം ഹരിയാനയില്‍ നിന്നാണ്. പ്രതിസന്ധി പ്രകടമാകാന്‍ തുടങ്ങിയെന്ന് ഹരിയാനയിലെ അരി കയറ്റുമതിക്കാരുടെ സംഘടനയായ ആര്‍ഇഎ പ്രസിഡന്റ് സുശീല്‍ കുമാര്‍ ജെയ്ന്‍ പറഞ്ഞു.
അരിയുടെ പണം കിട്ടില്ലേ എന്ന ആശങ്ക
അഫ്ഗാനിലേക്കുള്ള അരിയും വിതരണം ചെയ്യാന്‍ പറ്റുന്നില്ല എന്നതാണ് വെല്ലുവിളി. അരിയുടെ വില കിട്ടാന്‍ വൈകുമെന്നാണ് മനസിലാകുന്നത് എന്നും ജെയ്ന്‍ പറഞ്ഞു. ഇത് കയറ്റുമതിക്കാരുടെ ബാധ്യത ഇരട്ടിയാക്കും. യുദ്ധം വേഗം അവസാനിച്ചില്ലെങ്കില്‍ നഷ്ടം കൂടും. ബസ്മതി അരിയാണ് ഹരിയാനയില്‍ നിന്ന് കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. കിലോക്ക് അഞ്ച് രൂപ ഇപ്പോള്‍തന്നെ കുറഞ്ഞിരിക്കുകയാണെന്ന് കര്‍ണലിലെ അരി മില്ല് ഉടമയായ നീരജ് കുമാര്‍ പറഞ്ഞു.
ഹരിയാനയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ബസ്മതി അരി കൂടുതല്‍ വാങ്ങുന്നത് ഇറാന്‍ ആണ്. മാര്‍ച്ചിലേക്കുള്ള ലോഡുകളെയും ബാധിക്കുമെന്ന ആശങ്കയിലാണ് മില്ല് ഉടമകള്‍. കൈതാല്‍, സോനിപത്ത് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ബസ്മതി അരി കയറ്റുമതി ചെയ്യുന്നത്. കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ പല കപ്പലുകളും യുദ്ധമേഖലയിലേക്ക് പോകാന്‍ തയ്യാറാകില്ലെന്നും കയറ്റുമതിക്കാര്‍ ആശങ്കപ്പെടുന്നു.
ഹോര്‍മുസ് കടലിടുക്ക് അടച്ചതിനാല്‍ ഇന്ത്യയില്‍ നിന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും പ്രതിസന്ധിയിലാണ്. മാത്രമല്ല, പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള ചരക്കുകള്‍ വരുന്നതും വെല്ലുവിളിയാകും. യുദ്ധം വേഗം അവസാനിക്കുകയും ഹോര്‍മുസ് തുറക്കുകയും ചെയ്താല്‍ മാത്രമാണ് പ്രതിസന്ധി തീരുക.












Click it and Unblock the Notifications