ചൈനയിൽ ഇന്ത്യക്കാരിക്ക് കൊറോണ വൈറസ് ബാധ: രോഗി നിരീക്ഷണത്തിൽ, ലോകാരോഗ്യ സംഘനടയുടെ ജാഗ്രതാ നിർദേശം,
ബെയ്ജിംഗ്: ചൈനയിൽ പടരുന്ന പുതിയ ഇനം കൊറോണ വൈറസ് വൈറസ് ബാധ ഇന്ത്യക്കാരിയ്ക്കും. ചൈനയിലെ ഷെൻസെനിലെ ഇന്റർനാഷണൽ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന പ്രീതി മഹേശ്വരിയെയാണ് അസുഖ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൈനയിൽ കൊറോണ വൈറസ് ബാധയേൽക്കുന്ന ആദ്യത്തെ വിദേശിയാണ് ഇവർ. സാർസിന് സമാനമായ കൊറോണ വൈറസാണ് ചൈനയിലെ വുഹാൻ, ഷെൻസൻ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
രാജസ്ഥാനും ചത്തീസ്ഗഡും മധ്യപ്രദേശും സിഎഎക്കെതിരായ പ്രമേയത്തിന്? പരിഗണിക്കുമെന്ന് അഹമ്മദ് പട്ടേൽ
നിലവിൽ ഐസിയുവിൽ കഴിയുന്ന മഹേശ്വരിയ്ക്ക് രോഗം സ്ഥിരീകരിച്ചതായും ചികിത്സിച്ചു വരുന്നതായും ഭർത്താവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഭർത്താവിനെ മാത്രമാണ് ഇവരെ സന്ദർശിക്കാൻ ആശുപത്രി അധികൃതൃർ അനുവദിക്കുന്നത്. രോഗം ഭേദമാകുന്നതിന് കൂടുതൽ സമയമെടുക്കുമെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. അബോധാവസ്ഥയിൽ കഴിയുന്ന ഇവരുടെ ചികിത്സ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നടക്കുന്നത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചൈന സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ജാഗ്രത പുലർത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. കൊറോണ വൈറസ് ബാധയെത്തുടർന്ന് രണ്ട് മരണമാണ് ഇതിനകം ചൈനയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പനിയും ശ്വാസതടസ്സവും രോഗ ലക്ഷണങ്ങളായി വരുന്ന അസുഖം ജലദോഷം മുതൽ സാർസ് വരെയുള്ള ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണ്.
2002-2003 കാലയളവിൽ ചൈനയിലും ഹോങ്കോങ്ങിലുമായി 650 പേരുടെ മരണത്തിന് കാരണായ സാർസ് വൈറസുമായുള്ള സമാനതകളാണ് ഭീതി പടർത്തിയിട്ടുള്ളത്. ഇതിനകം 62 കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 19 പേർ രോഗം പൂർണമായി ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. ബാക്കിയുള്ളവരെ ഐസോലേഷൻ വാർഡുകളിൽ ചികിത്സിച്ച് വരികയാണെന്ന് സിൻഹ്വ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഷെൻസനിൽ രണ്ട് രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
വുഹാനിലെ മത്സ്യ മാർക്കറ്റിൽ ജോലി ചെയ്യുന്ന ഒരാളിലാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. മാർക്കറ്റിലെ സന്ദർശകരാണ് പിന്നീട് അസുഖം ബാധിച്ചവർ. വിൽപ്പനക്കെത്തിച്ച മൃഗങ്ങളിൽ നിന്ന് രോഗം പടരാനുള്ള സാധ്യതയാണ് ഇപ്പോൾ അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തോടെ മാർക്കറ്റ് അടച്ചിട്ടിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജനങ്ങളോട് ജാഗ്രത പുലർത്താൻ ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളുള്ള പ്രദേശമാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള വുഹാൻ.